ന്യൂഡൽഹി: ബിജെപി വലിയ ഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതോടെ ലോക്‌സഭയിലെ ചുരുങ്ങിയ പ്രതിപക്ഷത്തിൽ തിളങ്ങുന്ന താരങ്ങൾ കേരളത്തിൽ നിന്നുള്ള എംപിമാരാണ്. പലപ്പോഴും സുപ്രധാനമായ വിഷയങ്ങളിൽ ഇടപെട്ട് സംസാരിക്കുന്നത് കേരള എംപിമാരായിരിക്കും. എം ബി രാജേഷും കെ സി വേണുഗോപാലുമൊക്കെ ഇക്കാര്യത്തിൽ മുൻപന്തിയിലാണ്. എന്തായാലും മലയാൡഎംപിമാർ ശോഭിക്കുന്ന സഭയിൽ ഇന്നലെ താരമായത് ആറ്റിങ്ങൽ എം പി എ സമ്പത്താണ്. നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാർലമെന്റിൽ പ്രതിപക്ഷ എംപിമാർ തുടരുന്ന സമരത്തിനിടെ സമ്പത്തിന്റെ മലയാളം വാക്കുകൾ മലയാളം അറിയാത്തവരും ഏറ്റെടുത്തതാണ് കൗതുകങ്ങൾക്കും ചിരിപടർത്തലിനും ഇടയാക്കിയത്.

നാണക്കേട്.. മാനക്കേട്... അയ്യയ്യോ... അമ്പമ്പോ... നാണക്കേടിത് മതിയാക്കൂ... പ്രതിഷേധ സമരത്തിനിടെ ലോക്‌സഭയിൽ ഉയർന്നുകേട്ട ഈ മലയാളം മുദ്രാവാക്യം സമ്പത്ത് എംപിയുടേതായിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമായി ലോക്‌സഭയിൽ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം അരങ്ങു തകർക്കുന്നതിനിടെയാണ് പച്ചമലയാളത്തിലുള്ള മുദ്രാവാക്യവുമായി ആറ്റിങ്ങലിൽ നിന്നുള്ള ലോക്‌സഭാംഗം എ.സമ്പത്ത് എത്തിയത്. സമ്പത്തിന്റെ മുദ്രാവാക്യം വിൡയുടെ പ്രത്യേകത കൊണ്ട് മറ്റുള്ളവരും ഏറ്റെടുത്തു.

സഭയിലെ വൻബഹളത്തിൽ മുങ്ങിപ്പോകേണ്ടിയിരുന്ന ഈ മുദ്രാവാക്യം വിളി തൃണമൂൽ കോൺഗ്രസ്, ആർജെഡി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളിൽനിന്നുള്ള അംഗങ്ങളും ഏറ്റുപിടിച്ചതോടെ സഭയുടെ ശ്രദ്ധ മുഴുവൻ ഇതിലേക്കായി. സിപിഎമ്മുകാരനായ സമ്പത്ത് ഉറക്കെ വിളിച്ച മുദ്രാവാക്യം പശ്ചിമ ബംഗാളിൽ സിപിഎമ്മിന്റെ കടുത്ത എതിരാളികളായ തൃണമൂൽ കോൺഗ്രസ് എംപിമാർ ഏറ്റുവിളിച്ചതോടെയാണ് രസകരമായ നിമിഷങ്ങൾക്കു തുടക്കമായത്.

ബംഗാളി ഭാഷ സംസാരിക്കുന്ന തൃണമൂൽ എംപിമാർക്കു പുറമെ ഭോജ്പുരി സംസാരിക്കുന്ന ആർജെഡി എംപിമാരും ആസാമീസ് സംസാരിക്കുന്ന ചില കോൺഗ്രസ് എംപിമാരും സമ്പത്തിന്റെ 'മതിയാക്കൂ' മുദ്രാവാക്യം ഏറ്റെടുത്തതോടെ സഭയിലെങ്ങും 'മതിയാക്കൂ മയം'. ഈ മുദ്രാവാക്യം വിളികേട്ട് ഭരണകക്ഷി അംഗങ്ങൾക്കും പ്രതിപക്ഷാംഗങ്ങൾക്കും സ്പീക്കർക്കും ചിരിപൊട്ടി. മുദ്രാവാക്യം ഏറ്റുവിളിച്ച തൃണമൂൽ എംപിമാർ ഉൾപ്പെടെയുള്ളവർ പിന്നീട് ഇതിന്റെ അർഥമറിയാൻ സമ്പത്തിന്റെ അടുത്ത് തിക്കിത്തിരക്കി.

സമ്പത്തിന്റെ മലയാളം മുദ്രാവാക്യം വിളിയിൽ ആവേശഭരിതരമായ തൃണമൂൽ എംപിമാർ ബംഗാളി ഭാഷയിലും മുദ്രാവാക്യം വിളിച്ചു. സഭയെ ഒരുവേള രസിപ്പിച്ച ഈ മലയാളം മുദ്രാവാക്യം വിളിയുടെ പേരിൽ ബിജെപി എംപിമാരും മന്ത്രി രാം വിലാസ് പാസ്വാനും സമ്പത്തിനെ അഭിനന്ദിക്കുകയും ചെയ്തു.