- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരിപ്പള്ളി മോഡൽ ആറ്റിങ്ങലിലും; മത്സ്യത്തൊഴിലാളി സ്ത്രീയുടെ മീൻ നടുറോഡിൽ ചവിട്ടി തെറിപ്പിച്ച് നഗരസഭ ജീവനക്കാർ; പരാക്രമം കാട്ടിയത് അഞ്ചംഗ കുടുംബത്തെ പോറ്റാൻ പാടുപെടുന്ന അവനവൻചേരിയിലെ അൽഫോൻസയോട്; ജീവനക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ് വയോധിക ആശുപത്രിയിൽ
തിരുവനന്തപുരം: ഇങ്ങനെയൊക്കെ കാണിക്കുന്നത് എന്തിന്? പണം കൊടുത്തു വാങ്ങിയ സാധനമല്ലേ?കാര്യം പറഞ്ഞാൽ പോരേ? എടുത്ത് എറിയുന്നത് എന്തിന് ? ചുറ്റും കൂടി നിൽക്കുന്നവരുടെ ഈ ശബ്ദം വീഡിയോയിൽ കേൾക്കുമ്പോൾ തന്നെ അറിയാം, ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർ കാട്ടിയത് അക്രമമാണെന്ന്. ആറ്റിങ്ങലിൽ റോഡരികിൽ കച്ചവടം ചെയ്ത മത്സ്യത്തൊഴിലാളിയുടെ മീൻ വലിച്ചെറിഞ്ഞാണ് നഗരസഭ ജീവനക്കാർ ഹുങ്ക് കാട്ടിയത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് അഞ്ചുതെങ്ങ് സ്വദേശിയായ അൽഫോൻസ കൊണ്ടുവന്ന മീൻ വലിച്ചെറിഞ്ഞത്. നഗരസഭ ഉദ്യോഗസ്ഥരെ തടയുന്നതിനിടെ റോഡിലേക്ക് വീണ് അൽഫോൻസയ്ക്ക് പരിക്കേറ്റു. ഇവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
ആറ്റിങ്ങൽ നഗരസഭ പരിധിയിലുള്ള അവനവൻചേരിയിലാണ് സംഭവം. സമീപത്തുള്ള ചിലരുടെ പരാതിയെ തുടർന്നാണ് മീൻ എടുത്തു മാറ്റിയത് എന്നാണ് നഗസസഭ ഉദ്യോഗസ്ഥർ പറയുന്നത്. നഗരസഭ ആരോഗ്യ വിഭാഗം വാഹനത്തിൽ എത്തി ഇവിടെ മത്സ്യ കച്ചവടം നടത്താൻ പാടില്ലെന്ന് പറയുകയും തുടർന്നു മത്സ്യം വലിച്ചെറിഞ്ഞു നശിപ്പിക്കുകയും ചെയ്തു. എന്നാൽ, അൽഫോൻസയോട് കാര്യം പറഞ്ഞ് മാറ്റുന്നതിന് പകരം മീൻ വലിച്ചെറിയുകയായിരുന്നു. അഞ്ചംഗ കുടുംബത്തിന്റെ ഉപജീവനത്തിന് വേണ്ടിയാണ് താൻ മീൻ വിൽക്കാൻ എത്തിയതെന്ന് അൽഫോൻസ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മീൻ വിൽക്കാൻ പോയില്ലെങ്കിൽ കുടുംബം പട്ടിണിയിലാകുമെന്നും അവർ കൂട്ടിച്ചേർത്തു.
അൽഫോൻസ ജീവനക്കാരെ തടയാൻ ശ്രമിക്കുന്നതും റോഡിൽ കിടന്ന് പ്രതിഷേധിക്കുന്നതും വീഡിയോയിൽ കാണാം. ചോദ്യം ചെയ്യാൻ വന്ന ചില നാട്ടുകാരോട് ജീവനക്കാർ കയർക്കുന്നതും കാണാം. ഓട്ടോ തൊഴിലാളികൾ ഇടപെട്ടപ്പോൾ അവരെയും നഗരസഭ ജീവനക്കാർ ആക്രമിച്ചുവെന്ന് പരാതിയുണ്ട്.പ്രതിഷേധം ശക്തമായതോടെ ജീവനക്കാർ മീൻ കൊട്ടയിൽ പെറുക്കി തിരിച്ചിടുന്നുണ്ട്.
നഗരസഭയുടെ വിശദീകരണം
അതേസമയം നഗരസഭയുടെ അനുവാദമില്ലാത്ത സ്ഥലത്ത് മത്സ്യവ്യാപാരം നടത്തിയത് തടയുകമാത്രമാണ് ചെയ്തതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അനുമതി ഇല്ലാത്ത റോഡ് സൈഡിൽ മത്സ്യം വിൽക്കുന്നത് അവസാനിപ്പിച്ചില്ല. ഇതേ തുടർന്നാണ് നഗരസഭാ ജീവനക്കാർ നടപടി എടുത്തതെന്നും അധികൃതർ പറഞ്ഞു.
പാരിപ്പള്ളി സംഭവം
ദിവസങ്ങൾക്ക് മുൻപ് സമാനമായ അതിക്രമം പാരിപ്പള്ളിയിലും ഉണ്ടായിരുന്നു. റോഡരികിലെ പുരയിടത്തിൽ വച്ച് കച്ചവടം ചെയ്ത വയോധികയുടെ മീൻ പാരിപ്പള്ളി പൊലിസാണ് നശിപ്പിച്ചത്. പാരിപ്പള്ളി - പരവൂർ റോഡിൽ പാമ്പുറത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ മത്സ്യമാണ് പൊലീസ് നശിപ്പിച്ചത്. 16000 രൂപയുടെ മത്സ്യം ഉണ്ടായിരുന്നു എന്നും 500 രൂപക്ക് മാത്രമേ വിൽപ്പന നടത്തിയുള്ളു എന്നും ഇവർ പറയുന്നു.
വിൽപനക്കായി പലകയുടെ തട്ടിൽ വച്ചിരുന്ന മീൻ തട്ടോടുകൂടി എടുത്തെറിഞ്ഞ പൊലീസ് വലിയ ചരുവത്തിൽ ഇരുന്ന മീനും പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു. രോഗ ബാധിതനായ ഭർത്താവ് ഉൾപ്പെടെ കുടുംബത്തിലെ ആറോളം പേരുടെ അന്നമാണ് പൊലീസ് നിഷ്‌കരുണം തട്ടിത്തെറുപ്പിച്ചത്. മേരി മീൻ തിരികെ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും പൊലീസ് അതിന് തയാറായില്ല. മത്സ്യം അഴുക്ക് ചാലിൽ കളഞ്ഞ പൊലീസ് നടപടിക്കെതിരെ നിയമസഭയിൽ അടക്കം ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. നിയമസഭയിൽ അടക്കം ഈ വിഷയം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ