തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ വേണ്ടി നാലു വയസുകാരിയായ മകളെയും അമ്മായിഅമ്മയെയും മർദ്ദിച്ചു കൊലപ്പെടുത്തിയ ടെക്‌നോപാർ്ക്ക് ജീവനക്കാരി അനുശാന്തി ഉൾപ്പെട്ട ഇരട്ടകൊലപാതക കേസിലെ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. കോടതി തെളിവായി സ്വീകരിച്ച 49 സാക്ഷിമൊഴികളും 85 രേഖകളും 41 തൊണ്ടിമുതലുകളും അടിസ്ഥാനമാക്കിയായിരുന്നു സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വി എസ്. വിനീത്കുമാറിന്റെ വാദം. തിരുവനന്തപുരം പ്രിൻസിപ്പൽ ജഡ്ജ് വി. ഷിർസി മുമ്പാകെയാണ് വിചാരണ നടക്കുന്നത്. ഇനി പ്രതിഭാഗത്തിന്റെ വാദമാണ്. അതിനായി കേസ് ഈ മാസം 16ന് പരിഗണിക്കും.

ഒന്നാം പ്രതി നിനോമാത്യുവും രണ്ടാം പ്രതി അനുശാന്തിയും കൊല നടത്താനായി ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് വ്യക്തമാക്കുന്ന തെളിവുകളും കോടതിയിൽ ഹാജരാക്കി. രണ്ട് ദിവസം ടെക്‌നോപാർക്ക് ഓഫീസിൽ നിന്നും ഒന്നാം പ്രതി പുറത്തിറങ്ങിയതിനുള്ള രേഖയും കഴക്കൂട്ടം ബാറ്റാ ഷോറൂമിൽ നിന്നും കൊലപാതകസമയം ധരിച്ച ചെരുപ്പ് വാങ്ങിയ സി.സി.ടിവി ഫൂട്ടേജും, കോടതി തെളിവായി സ്വീകരിച്ചു.

അനുശാന്തിക്കും നിനോമാത്യുവിനും ഒരുമിച്ച് ജീവിക്കുന്നതിന് അനുശാന്തിയുടെ ഭർത്താവായ ലിജിഷിനെയും, മകൾ സ്വസ്തികയെയും വകവരുത്താൻ പദ്ധതിയിട്ടു. കൊലപാതകം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി വീട്ടിലെ എല്ലാ മുറികളുടെയും അടുക്കളയുടെയും അടുക്കളയിലേക്ക് പ്രവേശിക്കുന്ന വാതിലുകളുടെയും ദൃശ്യങ്ങൾ അനുശാന്തി മൊബൈൽ ഫോണിൽ പകർത്തി നിനോമാത്യുവിന് വാട്‌സ് ആപ് വഴി കൈമാറി.

കൊലപാതകത്തിന് ശേഷം വീടിന് പിറകിലുള്ള മതിൽ ചാടി വയലിലൂടെയുള്ള ഊട് വഴിയിലൂടെ ആലംകോട് എത്തുന്നതിനുള്ള വഴിയും രഹസ്യമായി അനുശാന്തി മൊബൈൽ ഫോണിൽ വീഡിയോ ആയും, ഫോട്ടോ ആയും ചിത്രീകരിച്ച് നിനോമാത്യുവിന് കൈമാറി. ഈ ഫോട്ടോകളും വീഡിയോയും തെളിവായി സ്വീകരിച്ചു. 2014 ഏപ്രിൽ പതിനാറിനായിരുന്നു ഇരട്ടക്കൊല നടന്നത്. ലിജീഷിന്റെ വീട്ടിൽ എത്തിയ നിനോമാത്യു ലിജീഷിന്റെ അമ്മ ഓമനയെയും, മകൾ സ്വസ്തിക എന്നിവരെയും തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ കവർന്നശേഷം, ലിജീഷിനായി നിനോമാത്യു കതകിന് പിറകിൽ മറഞ്ഞിരുന്നു.

പുറത്തുപോയിരുന്ന ലിജീഷ് വന്നയുടൻ മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചെങ്കിലും അയാൾ രക്ഷപ്പെട്ടു. ഇതാണ് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചത്. പ്രതികൾക്കുവേണ്ടി ശാസ്തമംഗലം അജിത്കുമാർ, മുരുക്കുംപുഴ ആർ. വിജയകുമാരൻനായർ എന്നിവർ ഹാജരായി.

ടെക്‌നോപാർക്കിലെ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് നിനോ മാത്യുവും അനുശാന്തിയും. ബി.ടെക് ബിരുദധാരിയായ നിനോ മാത്യു സിംസൺ കന്പനി പ്രോജക്ട് മാനേജരാണ്. എം.ടെക് കാരിയായ അനുശാന്തി കന്പിനിയിലെ ടീം ലീഡറും. ഇരുവരും എട്ടുവർഷമായി ഇതേ കന്പനിയിലാണ്. എന്നാൽ എട്ടുമാസത്തിനിടയ്ക്കാണ് അനുവും നിനോയും തമ്മിൽ പ്രണയത്തിലാകുന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധത്തിനും തുടക്കമായിയിരുന്നു. ഒടുവിൽ ഒരുമിച്ച് താമസിക്കാൻ തീരുമാച്ചതോടെയാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളിലെത്തിയത്.

നിനോക്ക് തന്റെ ഭർത്തൃഗൃഹത്തിൽ സ്ഥിരമായി വരാനും പോകാനും അവസരം ഉണ്ടാക്കികൊടുത്തതും അനുശാന്തിയായിരുന്നു. ഇതിനായി ഭർത്താവിന്റെ അച്ഛനായ തങ്കപ്പൻ ചെട്ടിയാരുടെ കൈയിൽ നിന്നും പലിശക്ക് 45,000 രൂപ അനുശാന്തി നിനോക്ക് നൽകി. ഇതിന്റെ തവണ അടയ്ക്കാനെന്ന പേരിൽ എത്തുന്ന നിനോ ലിജീഷിന്റെ വീട്ടിൽ വച്ചും അനുശാന്തിയുമൊത്തുള്ള സംഗമത്തിന് വഴിയൊരുക്കി. രണ്ടുനിലയുള്ള വീട്ടിൽ തങ്കപ്പൻ ചെട്ടിയാരും കൊലചെയ്യപ്പെട്ട ഓമനയും താഴത്തെ നിലയിലാണ് താമസിക്കുന്നത്. അനുശാന്തിയും ഭർത്താവും മുകളിലത്തെ നിലയിലും. പുറത്തുകൂടെ മുകളിലത്തെ നിലയിലേക്ക് എത്താനായി സ്‌റ്റെയർകേസ് ഉണ്ടായിരുന്നു. ഇതുവഴിയാണ് നിനോ അനുശാന്തിയുടെ മുറിയിലേക്ക് എത്തുന്നത്. ഓമനയ്ക്ക് കാലിൽ മുടന്തുള്ളതിനാൽ മുകളിലത്തെ നിലയിലേക്ക് എത്താത്തതും ഇരുവർക്കും സൗകര്യമായി.

ആറുവർഷം മുന്പാണ് തന്നോടൊപ്പം ടെക്‌നോപാർക്കിൽ ജോലിചെയ്തിരുന്ന മാവേലിക്കര സ്വദേശിനിയായ ഷിനിയെ പ്രേമിച്ച് വിവാഹം കഴിക്കുകയായിരുന്നു നിനോ. ഇവർക്ക് നാലുവയസുള്ള ഒരു മകളുണ്ട്. അനുശാന്തിയുമായുള്ള ബന്ധം അറിഞ്ഞ ഷിനി നിനോയുമായി അകന്നുകഴിയുകയായിരുന്നു. കേരളത്തെ ഞെട്ടിച്ച കൊലപാകമായിരുന്നു ടെക്‌നോപാർക്ക് ജീവനക്കാരി ഉൾപ്പെട്ട ക്രൂരമായ കൊലപാതക കേസ്.