തിരുവനന്തപുരം: ആറ്റിങ്ങലിൽ ടാങ്കർ ലോറിയിൽ കാർ ഇടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തിൽ പ്രതിക്കൂട്ടിൽ അഞ്ചു പേർ. മരിക്കുന്നതിന് മുൻപ് പ്രകാശ് ദേവരാജൻ തന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച് അഞ്ച് പേരുടെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നെടുമങ്ങാട് കരിപ്പൂർ മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകൻ ശിവദേവും (12) ആണ് മരിച്ചത്. അപകടത്തിനു മുമ്പായി സമൂഹമാധ്യമങ്ങളിൽ പ്രകാശ് ദേവരാജൻ പോസ്റ്റിട്ടിരുന്നു. കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

ഉണ്ണി പ്ലാവിലായ, പ്രസന്ന ജയൻ, അനീഷ്, മുനീർ എന്നിവരുടെ പേരും ചിത്രവുമാണ് പുറത്തുവിട്ടത്. ഈ കൂട്ടത്തിലുള്ള ഒരു സ്ത്രീയുടെ പേര് പറയുന്നില്ല. ഇത് പ്രകാശിന്റെ ഭാര്യയുടേതാണ്. ഡാൻസാറാണ് ഇവർ. എന്റെയും എന്റെ മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി നൽകണമെന്ന് അപേക്ഷിക്കുന്നുവെന്ന് പ്രകാശ് ദേവരാജ് ഫേസ്‌ബുക്കിൽ പങ്കുവച്ചു.

പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ''അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..'', മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ നോവ് നിറയ്ക്കുന്നതാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയിൽ എതിരെ വന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.

മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകാശ് കത്തിൽ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബായിൽയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്‌റൈനിൽ ഡാൻസ് സ്‌കൂൾ നടത്തുന്ന മുനീർ, അനീഷിന്റെ അമ്മ പ്രസന്ന എന്നിവർ ആണെന്ന് കത്തിൽ പറയുന്നത്.

ഭാര്യ ഉൾപ്പെടുന്ന നാലുപേർ തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചു എന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും കത്തിൽ പ്രകാശ് പറയുന്നു. ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.

അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്‌റൈനിൽ തന്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തന്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത് എന്നും തന്റെയും മകൻ ശിവദേവിന്റെയും മരണമൊഴി ആണ് ഇതെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും എതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.

അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് തങ്ങൾ ഇതൊക്കെ കാണണം എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഈ കത്താണ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പൊലീസിന് ലഭിച്ചത്. കത്തിൽ സൂചിപ്പിക്കുന്ന നാലുപേർക്ക് എതിരെ പ്രകാശ് രണ്ട് ദിവസം മുൻപ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു.

ഞങ്ങളുടെ ഈ മരണത്തിന് ഉത്തരവാദികൾ എന്റെ ഭാര്യ ശിവകലയ്ക്കും അവളുടെ കാമുകൻ തിരുവനന്തപുരം വിള്ളപ്പിൽശാലയിൽ ഉള്ള അനീഷും അവർക്ക് വേണ്ട ലക്ഷക്കണക്കിന് കാഷ് കൊടുത്ത് സഹായിച്ച ഭാര്യയുടെ മറ്റൊരു കാമുകൻ ദുബായിൽ ജോലി ചെയ്യുന്ന ഉണ്ണി എന്ന് വിളിക്കുന്ന ആളും ബഹറിനിൽ ഡാൻസ് സ്‌കൂൾ ഓണറുഉം സംഘവും കൂടി ഉൾപ്പെട്ടവരാണെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ ടാങ്കർ ലോറിയിൽ എതിർ ദിശയിൽ വന്ന കാർ ഇടിച്ചു കയറുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് തകർന്ന കാറിനുള്ളിൽ നിന്നും ഇരുവരേയും പുറത്തെടുത്തത്.