ഷിക്കാഗോ: ഗീതാമണ്ഡലം ആസ്ഥാനത്ത് നടന്ന വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര മകംതൊഴലും ആറ്റുകാൽ പൊങ്കാലയും ഭക്തജനങ്ങൾക്ക് സായൂജ്യമായി. പത്തുമാസം ഇടതടവില്ലാതെ ഗീതാമണ്ഡലത്തിലെ ഭക്തജനങ്ങൾ അർപിച്ചുവന്ന മഹാലക്ഷ്മി സഹസ്രനാമ യജ്ഞത്തിന്റെ പരിസമാപ്തിയും അന്ന് തന്നെ നടന്നത് ഭക്തർക്ക് മറ്റൊരു വരദാനവുമായി. മഹാലക്ഷ്മിയുടെ ആയിരം പുണ്യനാമങ്ങൾ എട്ടുലക്ഷത്തോളം തവണയാണ് ഈ കാലയളവിൽ ഭക്തജനങ്ങൾ ഉരുവിട്ടത്. ലളിതസഹസ്രനാമ പരിസമാപ്തി ദിവസം തന്നെയാണ് മുഖ്യതന്ത്രി ലക്ഷ്മി നാരായണൻ കേരളപുരത്തിന്റെ കാർമികത്വത്തിൽ ക്ഷേത്രാചാര അനുഷ്ടാനങ്ങൾക്കനുസരിച്ചുള്ള ചോറ്റാനിക്കര മകം തൊഴലും പൊങ്കാല അർപ്പണവും നടന്നത്. ഭക്തജനങ്ങളുടെ നിറസാന്നിദ്ധ്യം പൂജകൾക്ക് മിഴിവേകി.

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ കുംഭമാസത്തിൽ നടത്തിവരുന്ന പത്ത് ദിന ആഘോഷങ്ങളുടെ ഒമ്പതാം നാളായ പൂരം നക്ഷത്രത്തിലാണ് പൊങ്കാല അർപ്പിക്കുന്നത്. അതേ ദിവസം തന്നെയാണ് ഗീതാമണ്ഡലത്തിൽ സ്വപാനത്തിന് സമീപം ഒരുക്കിയ പണ്ടാര അടുപ്പിൽ ആചാര അനുഷ്ടാനങ്ങൾക്ക് അനുസരിച്ച് മുഖ്യ തന്ത്രി ദീപം തെളിച്ചത്. അരി, ശർക്കര, നെയ്യ് , മുന്തിരി, തേങ്ങ തുടങ്ങിയ നേർച്ച വസ്തുക്കൾ വേവിച്ചു കണ്ണകി ദേവിയുടെ പ്രീതിക്കായി സമർപ്പിക്കുകയാണ് പോങ്കലയാഘോഷത്തിന്റെ ചടങ്ങ്. ദേവീ ഭക്തർ കൊണ്ടുവരുന്ന കാഴ്ച പദാർഥങ്ങൾ പാത്രത്തിലൊരുക്കി താന്ത്രികൾ തന്നെയാണ് പണ്ടാരഅടുപ്പിൽ നിന്ന് തിരിതെളിച്ച് എല്ലാ അടുപ്പിലേക്കും പകർന്നത്. വായ്ക്കുരവയും ആർപ്പുവിളികൾക്കുമൊപ്പം കലങ്ങളിൽ പൊങ്കാല നൈവേദ്യം തിളച്ച് പൊങ്ങിയപ്പോൾ ഷിക്കാഗോയിലെ മലയാളി ഭ്ക്തജനങ്ങൾ പൊങ്കാലയുടെ സായൂജ്യം നുകരുകയായിരുന്നു.

ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ ചടങ്ങും ഗീതാമണ്ഡലത്തിൽ നടന്നു. കുംഭമാസത്തിലെ രോഹിണി നാളിൽ ഉൽസവത്തിന് കൊടിയേറി ഒൻപത് ദിവസത്തെ ഉത്സവത്തിന്റെ ഏഴാം നാളിലാണ് പ്രശസ്തമായ മകം തൊഴൽ. കുംഭമാസത്തിലെ മകം നാളിൽ മിഥുനലഗ്‌നത്തിൽ സർവ്വാലങ്കാരവിഭൂഷിതയായി പരാശക്തി വില്വമംഗലം സ്വാമിയാർക്ക് വിശ്വരൂപദർശനം നൽകി എന്നതാണ് ഐതിഹ്യം. ഈ പുണ്യ മുഹൂർത്തത്തെ അനുസ്മരിച്ചുകൊണ്ടാണ് മകം തൊഴൽ ആഘോഷിക്കുന്നത്. അന്ന് ദേവിയെ കാണാൻ സാധിക്കുന്നത് പരമപുണ്യമായാണ് കരുതുന്നത്.

ഷിക്കാഗോയിലെ മലയാളികൾ ആദ്യമായാണ് ഇത്തരത്തിലുള്ള പൊങ്കാല ആഘോഷത്തിനും മകംതൊഴലിനും സാക്ഷിയാകുന്നത്. യു.എസിലെ ഏറ്റവും ശീതമേഖലയായ ഷിക്കാഗോയിലെ കൊടും തണുപ്പിനെ അവഗണിച്ചാണ് ഭക്തജനങ്ങൾ ഗീതാമണ്ഡലം ആസ്ഥാനത്ത് എത്തിച്ചേർന്നത്. പ്രത്യേക സജ്ജീകരണങ്ങളോടെ ക്ഷേത്രാങ്കണ സമാനമായ ഗീതാമണ്ഡലം ആസ്ഥാനത്തിൽ പൊങ്കാലയിടുന്നതിനുള്ള സൗകര്യങ്ങൾ ഒരുവെല്ലുവിളിപോലെയാണ് സംഘാടകർ ഒരുക്കിക്കൊടുത്തത്. ഇത് ഭക്തജനങ്ങളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ഈ ആഘോഷങ്ങൾ ഷിക്കാഗോ മലയാളികളുടെ മനസ്സിൽ മായാത്ത അനുഭവമായി. മിനി നായർ അറിയിച്ചതാണിത്.