- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് ക്ഷേത്ര ഭൂമിയിൽ മാത്രമേ അടുപ്പ് കത്തിക്കാവൂ എന്നാരെങ്കിലും വാശിപിടിച്ചാൽ എന്ത് സംഭവിക്കും? മതഭ്രാന്തന്മാരെ ചങ്ങലയ്ക്കിടാൻ ഒട്ടും അമാന്തിക്കരുത്
പരസ്പരം സ്‌നേഹി ക്കാനും ആ സ്‌നേഹം കൊണ്ട് ലോകത്തിൽ സമാധാനം ഉണ്ടാക്കാനുമാണ് എല്ലാമതങ്ങളും വിഭാവന ചെയ്യുന്നത്. നിർഭാഗ്യവശാൽ സ്‌നേഹത്തിന്റെ അടയാളമായി തീരേണ്ട മതങ്ങളുടെ പേരിലാണ് ലോകചരിത്രത്തിലെ പ്രധാനപ്പെട്ട സംഘർഷങ്ങൾ പലതും ഉണ്ടായിട്ടുള്ളത്. ലോകത്തെ ഏറ്റവും അധികം മനുഷ്യർ കൊല്ലപ്പെട്ടിരിക്കുന്നത് മതത്തിന്റെ പേരിലാണ്. പുരാതന കാ
പരസ്പരം സ്‌നേഹി ക്കാനും ആ സ്‌നേഹം കൊണ്ട് ലോകത്തിൽ സമാധാനം ഉണ്ടാക്കാനുമാണ് എല്ലാമതങ്ങളും വിഭാവന ചെയ്യുന്നത്. നിർഭാഗ്യവശാൽ സ്‌നേഹത്തിന്റെ അടയാളമായി തീരേണ്ട മതങ്ങളുടെ പേരിലാണ് ലോകചരിത്രത്തിലെ പ്രധാനപ്പെട്ട സംഘർഷങ്ങൾ പലതും ഉണ്ടായിട്ടുള്ളത്. ലോകത്തെ ഏറ്റവും അധികം മനുഷ്യർ കൊല്ലപ്പെട്ടിരിക്കുന്നത് മതത്തിന്റെ പേരിലാണ്. പുരാതന കാലത്തെ കുരിശുയുദ്ധം മുതൽ ആഫ്രിക്കൻ രാജ്യങ്ങളിലെ മനുഷ്യക്കുരുതികൾ വരേയും ഇന്ത്യയുടെ വിഭജനകാലത്തെ കലാപം മുതൽ ഗുജറാത്ത് കലാപം വരെയും ഇത് തന്നെയാണ് കാണിക്കുന്നത്. മതത്തിന്റെ പേരിൽ കലാപങ്ങളും മരണങ്ങളും ഉണ്ടായിട്ടുള്ള സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തിനും ഒട്ടും മോശമല്ലാത്ത സ്ഥാനമാണുള്ളത്.
ചെറിയൊരിടവേളയ്ക്ക് ശേഷം കേരളത്തിൽ മറ്റൊരു വർഗ്ഗീയ സംഘർഷത്തിന്റെ സാഹചര്യം കൂടി ഉരുണ്ടുകൂടിയിരിക്കുകയാണ്. തൃശൂർ ജില്ലയിലെ മൂർക്കോട് സെന്റ് ആന്റണീസ് പള്ളിയുടെ അമ്പ് നേർച്ച പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണം തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. ക്ഷേത്രഭൂമിയിലൂടെ അമ്പുനേർച്ച കടന്ന് പോകുന്നതിനെ ഒരു വിഭാഗം ആളുകൾ എതിർക്കുകയും അവർക്ക് പിന്തുണ അറിയിച്ചുകൊണ്ട് സംഘപരിവാർ രംഗത്ത് വരികയും ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. ക്ഷേത്രത്തിന്റെ ഉടമകളായ ദേവസ്വം ബോർഡിന്റെ അനുമതിയോടെ ആണ് പള്ളിക്കാർ റാസ നടത്താൻ എത്തിയത്. എന്നാൽ അവസാന നിമിഷം അനുമതി റദ്ദാക്കിക്കൊണ്ടുള്ള കത്ത് സംഘടിപ്പിക്കാൻ സംഘപരിവാർ സംഘടനകൾക്ക് കഴിഞ്ഞു. ഈ കത്തുമായി ഇവർ പ്രദക്ഷിണം തടയാൻ എത്തിയതോടെ പോലീസ് ഇടപെടുകയും ലാത്തിച്ചാർജ്ജ് നടത്തുകയും ആയിരുന്നു.
പ്രതിഷേധം ശക്തമാകുകയും പൊലീസ് ഇടപെടുകയും ചെയ്തതോടെ പ്രദക്ഷിണം വഴിമാറ്റി ക്ഷേത്രഭൂമിയിൽ പ്രവേശിക്കാതെ പോകുകയായിരുന്നു. പള്ളി അധികൃതരുടെ വിവേകപൂർവ്വമായ ഈ തീരുമാനമാണ് വലിയ കലാപത്തിലേക്ക് നയിക്കുമായിരുന്ന പ്രശ്‌നം ലഘൂരിക്കപ്പെട്ടതിന് പിന്നിൽ. എന്നാൽ പൊലീസുമായുള്ള സംഘർഷത്തിൽ ഒരു ഹിന്ദുമുന്നണി പ്രവർത്തകന് പരിക്കേൽക്കുകയും അതിന്റെ പ്രതിഷേധമായി ധാരാളം കപ്പേളകൾക്ക് നേരെ ആ രാത്രിയിൽ തന്നെ കല്ലേറുണ്ടാകുകയും ആയിരുന്നു. ഈ സംഘർഷത്തിന്റെ തുടർച്ചയായാണ് ഇന്ന് തൃശൂർ ജില്ലയിൽ ഹർത്താൽ നടക്കുന്നത്.
ഈ വാർത്ത കേൾക്കുമ്പോൾ ആദ്യം ഒരു സാധാരണക്കാരന്റെ മനസ്സിൽ എത്തുന്ന ചോദ്യം പതിറ്റാണ്ടുകളായി ഇവിടെ ഒരു പ്രശ്‌നവും ഇല്ലാതിരുന്നിട്ട് പെട്ടെന്ന് ഈ വർഷം മാത്രം എങ്ങനെ പ്രശ്‌നം ഉണ്ടായി എന്നതാവും. ഈ ചോദ്യത്തിനുള്ള ഉത്തരം തേടുമ്പോൾ തന്നെയാണ് കേരളം എത്തപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴം നാം മനസ്സിലാക്കുന്നത്. ക്ഷേത്രമൈതാനത്തിന് തൊട്ടുചേർന്നുള്ള വഴിയിലൂടെ പൊതുവാഹനങ്ങൾ ഓടുന്നതും അമ്പുപ്രദക്ഷിണം പോകുന്നതും കുറച്ചുനാളായി ഒരു തർക്കമായി വളർന്നിരുന്നു. അശാന്തിയുടെ അടയാളമായി വർഷം ചെല്ലുന്തോറും സംഘപരിവാർ വളർന്ന് വരികയും ചെയ്തു. ഇതേത്തുടർന്ന് ഈ വഴി ക്ഷേത്രവകയോ അതോ പൊതു ഉടമസ്ഥതയിലുള്ളതോ എന്നതിനെ ചൊല്ലി തർക്കം വളർന്നു. വഴി ടാറ് ചെയ്തതും പരിപാലിക്കുന്നതും പൊതുമരാമത്ത് വകുപ്പാണെന്നതും പതിറ്റാണ്ടുകളായി ഇതു പൊതുവഴിയായി ഉപയോഗിച്ചുവരുന്നതാണ് എന്നതും തർക്കമുന്നയിക്കുന്നതിൽ നിന്ന് ഒരാളെയും തടഞ്ഞില്ല. വഴിയുടെ ഉടമസ്ഥതാവകാശത്തെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം ഒരാൾ ചോദ്യമുന്നയിക്കുക കൂടി ചെയ്തതോടെ വാശി വർധിച്ചു. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ ഇവിടെ സംഘർഷ സാധ്യത ഉണ്ട് എന്നു പൊലീസ് നേരത്തേ തന്നെ വ്യക്തമായി മനസ്സിലാക്കുകയും ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തെ തന്നെ എത്തിക്കുകയും ചെയ്തിരുന്നു. ഇവിടെ പ്രസക്തമായ ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. സംഘർഷം ഉണ്ടാകും എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് തർക്കമുള്ള വഴിയിലൂടെ തന്നെ പ്രദക്ഷിണം നടത്താൻ പള്ളി അധികാരികൾ എത്തിയത് എന്നാണ് ചോദ്യം. ക്രൈസ്തവ മതം സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും സാക്ഷ്യങ്ങൾ ഉദ്‌ഘോഷിക്കവേ സംഘർഷ സാധ്യതകൾ ഒഴിവാക്കാനുള്ള വിവേകം അധികൃതർ കാണിക്കേണ്ടിയിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു വിഭാഗം ആളുകൾ മാത്രമാണ് തീവ്രവാദ നിലപാടുമായി രംഗത്തുള്ളത് എന്നു വ്യക്തമാകുമ്പോൾ വിട്ടുവീഴ്ചയ്ക്കുള്ള ശ്രമം പള്ളി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതായിരുന്നു.
അതിനൊരു മറുചോദ്യം സിപിഐ(എം) പോലെയുള്ള പാർട്ടികൾ ഉന്നയിക്കുന്നുണ്ട്. സംഘപരിവാറിനെ പേടിച്ച് എന്തിന് ആചാരങ്ങൾ ഒഴിവാക്കണം എന്നതാണ് ആ ചോദ്യം. മുമ്പ് വൈക്കം സത്യഗ്രഹകാലത്തുണ്ടായ ചോദ്യം പോലെ തന്നെ നായ്ക്കും നരിക്കും നടക്കുകയും പെടുക്കുകയും ചെയ്യാവുന്ന വഴിയിലൂടെ മനുഷ്യർക്കു കടന്നുപോകാൻ പാടില്ല എന്ന വാദവും പ്രശ്‌നകാരിയാണ്. ഇതിന് ഉത്തരം പറയും മുമ്പ് നമ്മൾ സമകാലികമായ ഒരു യാഥാർത്ഥ്യം അംഗീകരിക്കേണ്ടതുണ്ട്. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് ആനുകൂല്യമായി ലഭിച്ച അധികാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ അവകാശമായി മാറ്റി അവർ സൃഷ്ടിച്ച വിഭാഗീയതയുടെ സ്വാഭാവികമായ തിരിച്ചടിയാണ് സംഘപരിവാറിന്റെ രൂപത്തിൽ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത് എന്നതാണ് ഇത്. മറ്റ് സംസ്‌കാരങ്ങളെയൊക്കെ അംഗീകരിക്കുന്ന മതമാണ് ഹിന്ദുമതം. വർഷങ്ങളായി ഹൈന്ദവവിശ്വാസികൾ പരിസരപ്രദേശങ്ങളിലെ പള്ളികളിലെ പെരുന്നാളിനും മറ്റും അകമഴിഞ്ഞ് സഹായം ചെയ്തു വന്നിരുന്നു. എന്നാൽ അത്തരത്തിലൊരു പോസിറ്റീവായ സമീപനം അല്ല പള്ളികളിൽ നിന്നും തിരിച്ച് ഉണ്ടായിരിക്കുന്നത്.
ഈ സംഭവത്തെക്കുറിച്ചുള്ള മറുനാടൻ മലയാളി വാർത്തയിൽ കൃഷ്ണകുമാർ എന്നൊരു വായനക്കാരൻ എഴുതിയ കമന്റിലെ പ്രസക്തഭാഗം ആ വാദത്തിന്റെ നേർക്കാഴ്ചയായി കാണാം.
'ചെറുപ്രായത്തിൽ യാത്ര ചെയ്യുമ്പോൾ വഴിയിൽ പള്ളികളോ ക്ഷേത്രങ്ങളോ കണ്ടാൽ ഈശ്വര സ്മരണയോടെ വന്ദിക്കുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. എന്റെ അമ്മയും മറ്റും അതിൽ വലിയ നന്മ കണ്ട് എന്നെ അനുഗ്രഹിക്കുകയേ ചെയ്തിട്ടുള്ളൂ. അതായിരുന്നു ഒന്നു രണ്ടു ദശകം മുമ്പു വരെയുള്ള കേരളത്തിലെ സാധാരണ ഹിന്ദു കുടുംബം. ഞാനും എന്റെ സഹോദരങ്ങളും പഠിച്ചതാകട്ടെ ക്രിസ്ത്യൻ സഭകൾ നടത്തുന്ന പ്രശസ്തമായ ക്രിസ്ത്യൻസ്‌കൂളുകളിലും. എന്നാൽ അന്യമതങ്ങളുടെ നേരെ മതഭ്രാന്തന്മാരായ ഇവാഞ്ചെലിസ്റ്റുകൾ നടത്തുന്ന അധിക്ഷേപത്തിന്റെ എണ്ണമറ്റ ഉദാഹരണങ്ങൾ കണ്ടതിനു ശേഷം, ഇപ്പോൾ എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും പള്ളികളോട് ബഹുമാനമല്ല ഉള്ളത്. മതഭ്രാന്തന്മാരായ കുഞ്ഞാടുകളോട് വെറും സഹതാപം മാത്രമാണുള്ളത്. നിലയ്ക്കൽ ഭൂമി കൈയേറ്റമാണെന്ന് തോന്നുന്നു ക്രിസ്ത്യൻ മതരാഷ്ട്രീയ അജണ്ടയുടെ നേരെ സമീപകാലത്ത് വ്യാപകമായി കേരളത്തിലെ ഹിന്ദുക്കളുടെ കണ്ണു തുറന്ന ഒരു സംഭവം. കുൽസിത പദ്ധതികളിലൂടെ നടത്തുന്ന വൻ തോതിലുള്ള മതംമാറ്റം, പള്ളികളുടെ രാഷ്ട്രീയ ഉപജാപങ്ങൾ, സ്വന്തം രാജ്യ താൽപര്യങ്ങൾക്കെതിരെ പോലും അന്താരാഷ്ട്ര ബന്ധങ്ങളെ ഉപയോഗിക്കാനുള്ള മതവിധേയത്വം എന്നിങ്ങനെ ഒരു ജനതയുടെ സമാധാന ജീവിതത്തിന് ഭീഷണിയായ പലതും ക്രിസ്ത്യൻ സഭകൾ ചെയ്യുന്നു. അതുകൊണ്ട് കാലാകാലങ്ങളായി സൗഹാർദ്ദത്തിൽ കഴിഞ്ഞിരുന്ന ജനങ്ങൾക്ക് എന്തുകൊണ്ടാണ് പരസ്പര വിശ്വാസം നഷ്ടപ്പെടുന്നത് എന്നത് അധീശത്വവിഘടനവാദ തത്വശാസ്ത്രങ്ങളുമായി മുന്നേറുന്ന ക്രിസ്ത്യൻ മുസ്ലിം മതാവേശക്കാരാണ് ആത്മപരിശോധന നടത്തേണ്ടത്. എല്ലാറ്റിനും സംഘപരിവാറിനെ തെറിവിളിച്ച് രക്ഷപ്പെടാനാവില്ല. ഇതുവരെ അവഗണിച്ചിരുന്ന പലതും വളരെ ഗൗരവതരങ്ങളായ പ്രശ്‌നങ്ങളാണ് എന്ന് ഹിന്ദുക്കൾ ഇന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അക്കാര്യങ്ങളിലേക്ക് ഹിന്ദുക്കളുടെ ശ്രദ്ധ ഉണർത്തിക്കൊണ്ടു വരുന്നത് സംഘപരിവാർ ആണെന്നതിൽ സംശയമില്ല. മതേതരത്വം എന്നത് ഹിന്ദുക്കൾ മാത്രം ചുമക്കേണ്ട കുരിശാണെന്നാണ് നമ്മുടെ 'മതേതരന' ഗവൺമെന്റുകൾ നല്കുന്ന സന്ദേശം. സംഘടിത ശക്തിയുടെ വിലപേശൽ മൂല്യം മാത്രം കണ്ടുകൊണ്ട് ഇത്തരം സാഹസങ്ങൾക്ക് മുതിരുന്ന മതഭ്രാന്തന്മാർ എത്രയും വേഗം തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. ഹിന്ദുക്കൾ ഉണർന്നുകൊണ്ടിരിക്കുന്നു! സെമിറ്റിക്ക് മതഭ്രാന്തുകൾക്കെതിരെ ഒരു പ്രതിരോധം ഹിന്ദുസമൂഹത്തിൽ വളർന്നു കൊണ്ടിരിക്കുന്നു'
കൃഷ്ണകുമാറിന്റെ വാദത്തോട് പൂർണ്ണമായും യോജിക്കാൻ കഴിയില്ലെങ്കിലും ഇതുയർത്തുന്ന ചില ചോദ്യങ്ങൾ കേരളത്തിലെ ക്രെെസ്തവ മുസ്ലിം ന്യൂനപക്ഷങ്ങൾ ഗൗരവത്തോടെ എടുക്കേണ്ട സമയം ആയിരിക്കുന്നു. അതിനോടൊപ്പം, അടിസ്ഥാന സഹിഷ്ണുത എന്ന ലൈൻ വിട്ട് അടിക്ക് തിരിച്ചടി എന്ന നിലപാട് ഹൈന്ദവ സമൂഹങ്ങൾ എടുക്കുന്നത് ശരിയാണോ എന്നും ചിന്തിക്കേണ്ടതുണ്ട്. പരസ്പരം സഹകരിച്ചും അംഗീകരിച്ചുമുള്ള നമ്മുടെ ആഘോഷങ്ങൾ തന്നെ ആയിരുന്നില്ലേ കേരളത്തിന്റെ മനോഹാരിതയ്ക്ക് ഇതുവരെ പ്രധാന കാരണമായി നിലകൊണ്ടത്. അരുവിത്തുറ പള്ളിയിലെ സെന്റ് ജോർജ്ജ് പുണ്യാളനെ അരുവിത്തുറ വല്യച്ചൻ എന്ന് വിളിച്ചിരുന്നതും മലയാറ്റൂരിലെ തോമാശ്ലീഹായെ മലയാറ്റൂർ മുത്തപ്പൻ എന്ന് വിളിച്ചിരുന്നതും ഇവിടുത്തെ ഹിന്ദുക്കൾ ആയിരുന്നു എന്ന് മറക്കരുത്. ക്ഷേത്രത്തിൽ മറ്റൊരു മതക്കാർ പ്രവേശിക്കാൻ പാടില്ല എന്ന് ആരെങ്കിലും അന്ത്യശാസനം മുഴക്കുമ്പോൾ ഇത് എല്ലാവരേയും ബാധിക്കുന്ന പ്രശ്‌നമായി മാറുമെന്ന് മറക്കുന്നതും അപകടമാണ്.
പ്രശസ്തമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ക്ഷേത്രഭൂമിയിൽ മാത്രമേ അടുപ്പ് കത്തിക്കാൻ പാടുള്ളൂ എന്നു മറ്റ് മതസ്ഥർ പറഞ്ഞാൽ എന്ത് ചെയ്യും എന്ന ചോദ്യം മാത്രം ആലോചിച്ചാൽ ഇതിന് ഉത്തരം കണ്ടെത്താം. സംസ്ഥാന തലസ്ഥാനം മുഴുവൻ ആളുകൾ പൊങ്കാലയ്ക്ക് വേണ്ടി ക്ഷമയോടെ വിട്ടുകൊടുക്കുന്നു എന്ന കാര്യം സംഘപരിവാറിന് വിസ്മരിക്കാൻ പറ്റുമോ? ക്രിസ്ത്യൻ പള്ളികളുടേയും മുസ്ലിം ആരാധനാലയങ്ങളുടെയും മുറ്റം വരെ പൊങ്കാല അടുപ്പ് തെളിയുന്നത് പതിവാണ്. സർക്കാർ ഓഫീസുകളുടെ മുറ്റം എത്രയോ കാലമായി അവകാശമായിത്തന്നെ പൊങ്കാലയ്ക്കായി വിട്ടുകൊടുക്കുന്നു. ഇതുപോലെ പറയാൻ എത്രയോ കാര്യങ്ങൾ നമുക്കുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിന് കാവലിരിക്കുന്നത് ശംഖുമുഖത്തെ മത്സ്യത്തൊഴിലാളികളിലെ ജാതിനോക്കിയല്ല. ബീമാപള്ളി ചടങ്ങുകൾക്കും വെട്ടുകാട് പള്ളിപ്പെരുന്നാളിനും മറ്റ് മതസ്ഥർ സൗകര്യങ്ങൾ ഒരുക്കുന്നതും ജാതി നോക്കിയല്ല. എന്തിനേറെ പറയുന്നു എരുമേലി പേട്ട തുള്ളലിനെത്തുന്ന അയ്യപ്പഭക്തർക്ക് വാവരുസ്വാമിയെ കണ്ടുവണങ്ങാതെ ശബരിമല നടയിലേക്ക് പോകാൻ സാധിക്കില്ല എന്ന് നമ്മൾ ഓർക്കണം. ഈ സാഹചര്യത്തിൽ ക്ഷേത്രത്തിനു തൊട്ടുള്ള വഴിയിലൂടെ റാസ കടന്നുപോയതിനെ എതിർക്കുന്നത് ഒട്ടും ഹൈന്ദവം അല്ല എന്നു പറയേണ്ടിയിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞ് നമ്മുടെ സന്താന പരമ്പരയെ സംരക്ഷിക്കാൻ യഥാർത്ഥ ഹിന്ദുക്കൾ രംഗത്ത് വരണം. ഒപ്പം ന്യൂനപക്ഷം എന്ന അവകാശം ഉപയോഗിച്ച് ചട്ടമ്പിത്തരം കാണിക്കുന്ന നിലപാടിൽ നിന്നു സഭാ നേതൃത്വം പിന്മാറണം.
ഈ വിവാദം കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ടെങ്കിൽ അത് പൊതുവഴിയിലൂടെയുള്ള എല്ലാവിധ പ്രദിഷണങ്ങളും നിരോധിക്കുന്നതിനെക്കുറിച്ചായിരിക്കണം. രാഷ്ട്രീയ പാർട്ടികളുടെ ഘോഷയാത്രകൾക്ക് ഒട്ടേറെ വിലക്കുകൾ നിലവിലുണ്ട്. റോഡ് ബ്ലോക്കാക്കിയാൽ നേതാക്കളുടെ പേരിൽ കേസ് എടുക്കാം. ഇത് മതങ്ങൾക്കും ബാധകമാക്കുകയും സർവ്വവിധ ആഘോഷങ്ങളും അവരുടെ കോമ്പൗണ്ടിനുള്ളിൽ നിർത്താൻ തീരുമാനിക്കുകയും ചെയ്താൽ പകുതി പ്രശ്‌നങ്ങൾ തീരും. ഇത്തരം സംഘർഷങ്ങൾ ആവർത്തിച്ചാൽ സർക്കാർ ചെയ്യേണ്ടത് ഇതാണ്. മതവ്യത്യാസം കൂടാതെ എല്ലാവർക്കും ബാധകമാക്കണം, പൊതുജനങ്ങളെ ശല്യം ചെയ്യുന്ന ഇത്തരം ഘോഷയാത്രകളുടെ നിയന്ത്രണം.