തിരുവനന്തപുരം: അനന്തപുരി യാഗശാലയായി. ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പച്ച പ്രസാദവുമായി ഭക്തലക്ഷങ്ങൾ വീടുകളിലേക്ക് മടങ്ങുന്നു. പൂരം നാളും പൗർണമിയും ഒന്നിക്കുന്ന ഇന്ന് രാവിലെ 10.15നാണ് സ്തീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിൽ പൊങ്കാലയ്ക്ക് തീനാളം പകർന്നത്. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം മേൽശാന്തി കണ്ണൻപോറ്റിക്കു കൈമാറി. ക്ഷേത്രതിടപ്പള്ളിയിലെ അടുപ്പിൽ ജ്വലിപ്പിച്ച ശേഷം അതേ ദീപം പണ്ടാര അടുപ്പിലേക്ക് പകർന്നു. ഉടൻ ചെണ്ടമേളവും വായ്ക്കുരവയും മുഴങ്ങി. അടുത്ത നിമിഷം വെടിക്കെട്ടും. ഈ ശബ്ദമാണ് അനന്തപുരി മുഴുവൻ സജ്ജമാക്കിയിരിക്കുന്ന പൊങ്കാല അടുപ്പുകളിലേക്ക് തീ പകരാനുള്ള അനുവാദം.

തോറ്റംപാട്ടിൽ കണ്ണകി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം വായിച്ചു കഴിയുന്നതോടെയാണ് ദേവിയുടെ പൊങ്കാലയ്ക്കുള്ള ചടങ്ങുകൾ ആരംഭിച്ചത്. ദേവിയുടെ വിജയം പൊങ്കാലയിട്ടാഘോഷിക്കുന്നതാണ് ഐതിഹ്യം. ഉച്ച പൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദിക്കുന്നത്. ആദ്യം തിടപ്പള്ളികളിലെ അടുപ്പുകളിലും പണ്ഡാര അടുപ്പുകളിലും തീർത്ഥം തളിക്കും. ഈ സമയം ആകാശത്തു നിന്നു ഹെലികോപ്റ്റർ വഴി പുഷ്പവൃഷ്ടി ഉണ്ടാകും. തുടർന്നാണ് ഭക്തരുടെ പൊങ്കാല നേദിക്കുന്നത്.ഇതിനായി അഞ്ഞൂറോളം ശാന്തിക്കാരെ ഏർപ്പാടാക്കിയിട്ടുണ്ട്.

3.15 ആയപ്പോഴേക്കും നിവേദ്യങ്ങളിൽ തീർത്ഥത്തുള്ളികൾ പതിച്ചു. പൊങ്കാല അർപ്പിക്കുന്നവരുടെ മുന്നിലേക്ക് ശാന്തിക്കാർ തീർത്ഥവുമായി എത്തി. വിമാനത്തിൽ പുഷ്പവൃഷ്ടിയുമുണ്ടാകും. തീർത്ഥം വീണാൽ പ്രാർത്ഥന ആറ്റുകാലമ്മ സ്വീകരിച്ചുവെന്നാണ് സങ്കൽപ്പം. തുടർന്ന് നിറഞ്ഞ മനസോടെ, അമ്മ തങ്ങളുടെ സങ്കടങ്ങളെല്ലാം കേട്ടുവെന്ന വിശ്വാസത്തോടെ ഭക്തലക്ഷങ്ങൾ വീടുകളിലേക്കു മടങ്ങി.

പൊങ്കാലയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും ആറ്റുകാലിൽ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. തിരുവനന്തപുരം നഗരം മുഴുവൻ ബുധനാഴ്ച തന്നെ സ്ത്രീകളാൽ നിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തന്നെ അടുപ്പുകൂട്ടാൻ ഇടം നേടി ദൂരദേശങ്ങളിൽ നിന്നുള്ളവരും അമ്മയുടെ തൊട്ടടുത്തുതന്നെ ഇടംപിടിക്കാനായി സമീപപ്രദേശങ്ങളിൽ നിന്നുള്ളവരും ക്ഷേത്രപരിസരത്ത് എത്തിയിരുന്നു. വിശ്വാസികൾക്ക് ഭക്ഷണവും ദാഹജലവുമൊരുക്കി വിവിധ സംഘടനകളും നഗരത്തിൽ തങ്ങളുടെ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്.

പൊങ്കാലയിടുന്നവർക്കുള്ള എല്ലാ സജ്ജീകരണങ്ങളും ക്ഷേത്രം ട്രസ്റ്റും സന്നദ്ധസംഘടനകളും ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, ഭക്ഷണം അടക്കമുള്ള സജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരസഭ, വിവിധ സർക്കാർ വിഭാഗങ്ങൾ എന്നിവയുടെ നേതൃത്വത്തിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. റെയിൽവേയും കെഎസ്ആർടിസിയും പ്രത്യേക സർവീസുകളും സ്റ്റോപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ സംഘങ്ങൾ, ഫയർ ആൻഡ് റസ്‌ക്യൂ സർവീസ് എന്നിവയും സജ്ജം.

പൊങ്കാല പ്രമാണിച്ച് കഴിഞ്ഞ ദിവസം നടന്ന ദീപാരാധന തൊഴാൻ ക്ഷേത്രത്തിൽ വൻ തിരക്കായിരുന്നു. ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ചടങ്ങാണ് കുത്തിയോട്ടം. 856 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. പൊങ്കാലയ്ക്കുശേഷം രാത്രി 7.15നാണ് കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത്. തുടർന്ന് പുറത്തെഴുന്നള്ളത്ത്. വെള്ളിയാഴ്ച രാത്രി കാപ്പഴിച്ച് കുരുതി തർപ്പണം കഴിയുന്നതോടെ പൊങ്കാലമഹോത്സവം സമാപിക്കും.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്തജനങ്ങൾക്കായി റെയിൽവേ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രത്യേക ട്രെയിൻ, പാസഞ്ചർ ട്രെയിനുകൾക്ക് കൂടുതൽ കോച്ചുകൾ, എക്സ്‌പ്രസ് ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പുകൾ, കുറ്റകൃത്യങ്ങൾ തടയുന്നതിന് കൂടുതൽ നടപടികൾ, മെഡിക്കൽ സെന്ററുകൾ അടക്കമുള്ള സംവിധാനങ്ങൾ എന്നിവയാണ് ഏർപ്പെടുത്തുന്നത്. തിരക്ക് കണക്കിലെടുത്തുകൊല്ലം-തിരുവനന്തപുരം റൂട്ടിൽ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുന്നുണ്ട്.