ചിലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ട്രെയിനുകളിൽ ഇനി ജോലിക്കായി ഡ്രൈവർമാർ മാത്രം മതിയെന്ന തീരുമാനത്തിനെതിരെ റെയിൽവേ ജോലിക്കാർ പ്രതിഷേധത്തിന്. ഇതിന് ഭാഗമായി റെയിൽവേ സമര ഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുകയാണ് ഓക്ലന്റ് റയിൽ ആൻഡ് മാരിടൈം ട്രാൻസ്‌പോർട്ട് യൂണിയൻ. വെള്ളിയാഴ്‌ച്ച രാവിലെ രണ്ടിന് ആരംഭിക്കുന്ന സമരം 24 മണിക്കൂറാണ് നീണ്ട് നില്ക്കുക.

ഇതോടെ റെയിൽവേ യാത്രക്കാരുടെ വരും ദിവസങ്ങളിലെ യാത്ര ദുരിതപൂർണമാകും. വീക്കെന്റ് ദിവസമായ വെള്ളിയാഴ്‌ച്ചകളിൽ 30,000 ത്തോളം പേരെങ്കിലും ട്രെയിനെ ആശ്രയിക്കുമെന്നാണ് വിലയിരുത്തുന്നത്. റെയിൽവേ ചെലവ് ചുരുക്കി ലാഭം കൂട്ടുന്ന നടപടിക്കായി ട്രെയിനുകളിൽ ഇനി ഡ്രൈവർമാർ മാത്രം ജോലിക്ക് മതിയെന്നാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്. ഇതോടെ നിരവധി ജോലിക്കാർക്ക് തൊഴിൽ നഷ്ടമാകും.എന്നാൽ തൊഴിലാളി യൂണിയൻ ആരോപിക്കുന്നത് ഡ്രൈവർമാർ മാത്രം കാര്യങ്ങൾ നിയന്ത്രിച്ചാൽ അപകടങ്ങൾ കൂടാൻ സാധ്യത ഉണ്ടെന്നാണ്.