മനാമ: ബഹ്‌റിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടുകാലമായിരുന്നു ഓഗസ്റ്റ് മാസമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം തുടർച്ചയായി 23 ദിവസം താപനില 40 ഡിഗ്രി അനുഭവപ്പെട്ടതായാണ് മെറ്റീരിയോളജിക്കൽ ഡയറക്ടറേറ്റിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബഹ്‌റിന്റെ 113 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് 40 ഡിഗ്രിയിലധികം ചൂട് തുടർച്ചയായി ഏറെ നാൾ നിലനിൽക്കുന്നത്.

ഓഗസ്റ്റിൽ രാജ്യമെങ്ങും അനുഭവപ്പെട്ട ചൂട് ശരാശരി 36.1 ഡിഗ്രിയായിരുന്നു. മുൻ വർഷങ്ങളിലേതിനെക്കാൾ ശരാശരി 2.1 ഡിഗ്ര കൂടുതലായിരുന്നു ഇത്. ഓഗസ്റ്റ് 27നായിരുന്നു ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടത് 44.3 ഡിഗ്രി. അതേസമയം ഓഗസ്റ്റ് ആറിനും 17നും കുറഞ്ഞ താപനില രേഖപ്പെടുത്തി. ബഹ്‌റിൻ ഇന്റർനാഷണൽ എയർപോർട്ടിൽ 31.8 ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

അതേസമയം ഏറ്റവും കൂടിയ അന്തരീക്ഷ ഈർപ്പം 77 ശതമാനവും കുറഞ്ഞ ഈർപ്പനില 33 ശതമാനവുമായിരുന്നു. തൊട്ടുമുമ്പുള്ള ജൂലൈ മാസത്തിലും കൊടും ചൂട് തന്നെയായിരുന്നു അനുഭവപ്പെട്ടത്. ശരാശരി 40.2 ഡിഗ്രിയായിരുന്നു ജൂലൈ മാസത്തിലെ താപനില.