ഴിഞ്ഞ രാത്രി ബ്രിട്ടനിലെയും ന്യൂയോർക്കിലെയും ആകാശത്ത് നിഗൂഢവും അതിശബ്ദത്തിലുള്ളതുമായ ശബ്ദം എന്താണെന്ന് ഇതുവരെ ഔദ്യോഗിമായി തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ അത്‌ലാന്റിക്കിന് മുകളിലൂടെ പറന്ന സൂപ്പർ സോണിക് അല്ലെങ്കിൽ ഹൈപ്പർ സോണിക് വേഗതയിൽ പറന്ന വിമാനത്തിന്റെ സ്വരമാണിതെന്നാണ് മിക്ക ഗവേഷകരും അഭിപ്രായപ്പെടുന്നത്. അമേരിക്കൻ മിലിട്ടറിയുടെ രഹസ്യ പോർവിമാനത്തിന്റെ സ്വരമാണിതെന്ന് അഭ്യൂഹമുണ്ട്.

അറോറ എന്ന കോഡ്‌നെയിമിൽ വികസിപ്പിച്ചെടുത്ത വിമാനമാണിതെന്ന് കരുതുന്നു. അർധരാത്രിയിൽ ഈ വിമാനത്തിന്റെ കടുത്ത ശബ്ദവും വെളിച്ചവും ആകാശത്ത് നിറഞ്ഞപ്പോൾ ബ്രിട്ടനിലെ പലരും ഞെട്ടിയുണർന്ന് ആശങ്കപ്പെട്ടിരുന്നു. ലോകാവസാനമാണെന്നും അതല്ല തീവ്രവാദി ആക്രമണമാണെന്നും ചിലർ ആശങ്കപ്പെടുകയും ഇത്തരത്തിലുള്ള ട്വീറ്റുകളിടുകയും ചെയ്തിരുന്നു. ഈ സ്വരം പൾസ് ഡിറ്റനേഷൻ എൻജിന്റെ സ്വരമാണെന്ന് ഷെഫീൽഡിൽ ഇതുസംബന്ധിച്ച ഗവേഷണത്തിലേർപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞനായ ഡോക്ടർ ഭൂപേന്ദ്ര ഖണ്ഡേൽവാൽ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.എന്നാൽ ഇത് മണിക്കൂറിൽ 7349 കിലോമീറ്റർ വേഗതയിൽ പറക്കുന്ന അമേരിക്കൻ പോർവിമാനമായ അറോറയുടെ സ്വരമാണെന്നാണ് സ്ഥിരീകരിച്ചിട്ടില്ലാത്ത പുതിയ നിഗമനം.

1989ൽ യുഎസ് മിലിട്ടറി വികസിപ്പിച്ചെടുത്ത അൾട്രാ ടോപ്പ് സീക്രട്ട് ചാരവിമാനമാണ് അറോറ. 3.35 ലോക്ക്ഹീഡ് മാർട്ടിൻ എസ്ആർ71 ബ്ലാക്ക്‌ബേർഡ് ക്രാഫ്റ്റ് എന്ന പോർ വിമാനത്തിന്റെ പിൻഗാമിയാണ് അറോറ. ബ്ലാക്ക്‌ബേർഡ് 1998മുതൽ ഉപയോഗിക്കുന്നില്ല. അറോറ വിമാനം നിർമ്മിക്കുന്നതിനുള്ള ബ്ലാക്ക് എയർക്രാഫ്റ്റ് പ്രൊഡക്ഷനായി 445 ദശലക്ഷം ഡോളറാണ് ചെലവഴിച്ചിരിക്കുന്നത്.

ഏവിയേഷൻ വീക്ക് ആൻഡ് സ്‌പേസ് ടെക്‌നോളജി മാഗസിനിലാണ് അറോറയെ സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1987ൽ ലോക്ക്ഹീഡ് മാർട്ടിന്റെ സ്‌കൻവർക്ക്‌സിൽ വച്ചാണ് അറോറ പ്രോഗ്രാം ആരംഭിച്ചതെന്നാണ് സൂചന. അറോറയെന്നത് ചാരപ്രവർത്തനത്തിന് വേണ്ടിയുള്ള പ്രൊജക്ടിന്റെ കോഡ്‌നെയിമാണെന്നാണ് ലാക്ക്ഹീഡ്‌സ് സ്‌കൻവർക്ക്‌സ് ഡിവിഷന്റെ മുൻ തലവനായ ബെന്റിച്ച് പറയുന്നത്. ഇത് അന്തിമമായി ബി2 സ്പിരിറ്റിലേക്കാണെത്തുന്നത്. എന്നാൽ 2013 നവംബറിൽ ഇതേ സാങ്കേതികതയുപയോഗിച്ചുള്ള ചാരവിമാനമായ എസ്ആർ72 നിർമ്മിക്കുന്നുവെന്ന് ലോക്ക്ഹീഡ് മാർട്ടിൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് മണിക്കൂറിൽ 7349 കിലോമീറ്റർ വേഗതയിൽ പറക്കാനാകുമെന്നും വെളിപ്പെടുത്തിയിരുന്നു.

പുതിയ ടെക്‌നോളജിയാണ് അറോറയിൽ ഉപയോഗിച്ചിരിക്കുന്നത്. എസ്ആർ72 പെട്ടെന്ന് ചൂട് പിടിക്കുന്ന തരത്തിലുള്ള പോർവിമാനമായിരുന്നെങ്കിൽ ഈ ന്യൂനത പരിഹരിച്ചു കൊണ്ടാണ് അറോറ തയ്യാറാക്കിയിരിക്കുന്നത്. 33.5 മീറ്റർ നീളമുള്ളതും 18.2 മീറ്റർ വിങ്‌സ്പാൻ ഉള്ളതുമായ വിമാനമാണ് അറോറ. സാധാരണ സ്പീഡിൽ ഈ വിമാനത്തിന് കരുത്ത് പകരുന്നത് കുറഞ്ഞ ഇന്ധനോപയോഗമുള്ള സാധാരണ ജെറ്റ് എൻജിനാണ്. എന്നാൽ ഇത് സൂപ്പർസോണിക് സ്പീഡിലേക്ക് കടക്കുമ്പോൾ പൾസ് ഡെറ്റൊനേഷൻ വേവ് എൻജിൻ (പിഡിഇ) പ്രവർത്തനം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ലിക്യൂഡ് ഹൈഡ്രജൻ അല്ലെങ്കിൽ ലിക്യൂഡി മീഥെയിൻ എൻജിനിലേക്ക് അയച്ചുകൊണ്ടാണ് പിഡിഇ പ്രവർത്തിക്കുന്നത്. പിഡിഇക്ക് സെക്കൻഡിൽ 60 മുതൽ 100 വരെ ഡെറ്റൊനേഷനുകൾ ഉണ്ടാക്കാനാകും. ശബ്ദത്തേക്കാൾ വേഗത്തിൽ ഇത് സഞ്ചരിക്കുന്നതിനാലാണ് ഭീകരമായ ശബ്ദം പുറപ്പെടുവിക്കുന്നതെന്നും ഗവേഷകർ പറയുന്നു. ഈ വിമാനം 50,000 അടി മുകളിൽ പറക്കുകയാണെങ്കിലും ഇതിന്റെ സ്വരം 80 കിലോമീറ്റർ വ്യാസത്തിൽ മുഴങ്ങിക്കേൾക്കുകയും ചെയ്യും.