ക്രൈസ്റ്റ് ചർച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഒരിക്കൽക്കൂടി ഓസ്ട്രേലിയയുടെ മഞ്ഞപ്പടയോട്ടം. കലാശപ്പോരിൽ ഇംഗ്ലണ്ടിനെ 71 റൺസിന് കീഴടക്കി ഓസ്ട്രേലിയൻ വനിതകൾ കിരീടമുയർത്തി. ഇത് ഏഴാം തവണയാണ് ഓസ്‌ട്രേലിയ വനിതാ ലോകകപ്പ് കിരീടം ഉയർത്തുന്നത്.ഓസ്ട്രേലിയയുടെ 356 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് 43.4 ഓവറിൽ 285 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 121 പന്തിൽ 15 ഫോറും ഒരു സിക്സറും സഹിതം 148 റൺസുമായി പുറത്താകാതെനിന്ന നാടലീ സൈവറുടെ പോരാട്ടം പാഴായി.

മറുപടി ബാറ്റിംഗിൽ വേഗം സ്‌കോർ ചെയ്യാൻ ശ്രമിച്ചെങ്കിലും ഇടയ്ക്കിടയ്ക്ക് വിക്കറ്റ് കൊഴിയുന്നത് തടയാൻ ഇംഗ്ലണ്ടിനായില്ല. തകർപ്പൻ സെഞ്ചുറിയുമായി നാടലീ സൈവർ തകർത്തടിച്ചെങ്കിലും പങ്കാളികളുടെ സ്‌കോർ ഒരിക്കൽ പോലും 30 കടക്കാതിരുന്നത് ഇംഗ്ലണ്ടിന് പ്രഹരമായി. മൂന്ന് വിക്കറ്റുമായി അലാന കിംഗും ജെസ് ജൊനാസനും രണ്ട് പേരെ പുറത്താക്കി മെഗൻ ഷൂട്ടും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുകയായിരുന്നു.

സ്‌കോർ ബോർഡിൽ 12 റൺസിൽ നിൽക്കേ ഡാനിയേല വ്യാറ്റിനെ നഷ്ടമായ ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് പോയി. ടാമി ബ്യൂമോണ്ട്(27), ക്യാപ്റ്റൻ ഹീതർ നൈറ്റ്(26), എമി ജോൺസ്(20), സോഫിയ ഡൻക്ലി(23), കാതറീൻ ബ്രൂണ്ട്(1), സോഫീ എക്കിൾസ്റ്റൺ(3), കെയ്റ്റ് ക്രോസ്, അന്യാ ശ്രുഭ്‌സോലെ(1) എന്നിങ്ങനെയായിരുന്നു സ്‌കോർ. ഒരറ്റത്ത് നിലയുറപ്പിച്ച നാടലീ സൈവർ 90 പന്തിൽ കലാശപ്പോരിലെ സെഞ്ചുറി സ്വന്തമാക്കി. എങ്കിലും സഹതാരങ്ങളുടെ പിന്തുണയില്ലാതെ പോയത് നാടലീയുടെ പോരാട്ടത്തിന് ഫലമില്ലാതെയാക്കി.

നേരത്തെ ആലീസ ഹീലിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിൽ ഇംഗ്ലണ്ടിന് മുന്നിൽ 357 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു ഓസ്ട്രേലിയ. ക്രൈസ്റ്റ് ചർച്ചിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് സ്‌കോർ ബോർഡിൽ രേഖപ്പെടുത്തി. ലോകകപ്പ് ചരിത്രത്തിൽ കലാശപ്പോരിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. 138 പന്ത് നേരിട്ട ഹീലി 26 ഫോറുകൾ സഹിതം 170 റൺസ് പേരിലാക്കി പവലിയനിലേക്ക് മടങ്ങി.

പവർപ്ലേയിൽ 37 റൺസ് മാത്രം നേടിയ ഓസ്ട്രേലിയൻ വനിതകൾ പിന്നീട് കാലുറപ്പിച്ച് ഹിമാലയൻ സ്‌കോറിലേക്ക് കത്തിക്കയറുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് അലീസ ഹീലി-റേച്ചൽ ഹൈൻസ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാൻ 30-ാം ഓവർ വരെ കാത്തിരിക്കേണ്ടിവന്നു. ഓസീസ് ഒന്നാം വിക്കറ്റിൽ 29.1 ഓവറിൽ 160 റൺസ് ചേർത്തു. 93 പന്തിൽ 68 റൺസെടുത്ത റേച്ചൽ ഹൈൻസാണ് ആദ്യം പുറത്തായത്. മൂന്നാമതായി ക്രീസിലെത്തിയ ബേത് മൂണിയാവട്ടെ 47 പന്തിൽ 62 റൺസുമായി സ്‌കോറിങ് വേഗം കൂട്ടി. ഓപ്പണറായി ഇറങ്ങിയ ഹീലിയുടെ ഇന്നിങ്‌സ് 46-ാം ഓവർ വരെ നീണ്ടുനിന്നു.

തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് അലീസ ഹീലി കുറിച്ചത്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ കലാശപ്പോരിൽ ഒരു താരത്തിന്റെ ഉയർന്ന സ്‌കോറിന്റെ റെക്കോർഡ് ഹീലി പേരിലാക്കി. ഒരു റണ്ണെടുത്ത ആഷ്ലി ഗാർണർ, 10 റൺസെടുത്ത ക്യാപ്റ്റൻ മെഗ് ലാന്നിങ് എന്നിവർ മാത്രമാണ് ബാറ്റിങ് പരാജയം നേരിട്ടത്. താലിയ മഗ്രാത്ത് അഞ്ച് പന്തിൽ എട്ടും എലീസ് പെറി 10 പന്തിൽ 17 ഉം റൺസുമായി പുറത്താകാതെ നിന്നു. അവസാന 10 ഓവറിൽ പിറന്ന 120 റൺസ് ഓസീസ് ബാറ്റിങ് കരുത്തിന്റെ വിരുന്നായി മാറി. ഇംഗ്ലണ്ടിനായി അന്യാ ശ്രുഭ്‌സോലെ മൂന്നും സോഫീ എക്കിൾസ്റ്റൺ ഒന്നും വിക്കറ്റ് നേടി.