- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരിയർ തുടങ്ങിയത് പേസറായി; മികവ് തെളിയിച്ചത് ഇരുകൈകൊണ്ടും സ്പിൻ ചെയ്ത്; ബാറ്റിംഗിലും മിന്നി; അണ്ടർ 19 ലോകകപ്പിൽ വിസ്മയമായത് ഓസ്ട്രേലിയൻ ടീമിലെ 'തമിഴ്‌നാട്ടുകാരൻ'; നിവേദൻ രാധാകൃഷ്ണൻ ഓസിസ് ക്രിക്കറ്റിലെ പുതിയ താരോദയമാകുമ്പോൾ

ചെന്നൈ: കൗമാരക്കാരുടെ ക്രിക്കറ്റ് ലോകകപ്പ് എല്ലാകാലത്തും താരോദയങ്ങൾക്ക് സാക്ഷിയാകാറുണ്ട്. ഇന്ത്യയുടെ കാര്യമെടുത്താൽ രാഹുൽ ദ്രാവിഡും മുഹമ്മദ് കൈഫും യുവരാജ് സിംഗുമടക്കം ഇന്ത്യൻ സീനിയർ ടീമിലേക്ക് കടന്നുവന്ന ഒരുപിടി താരങ്ങൾ അണ്ടർ 19 ലോകകപ്പിൽ മിന്നിത്തെളിഞ്ഞവരാണ്. കെയ്ൻ വില്ല്യംസൺ, ബാബർ അസം തുടങ്ങി മറ്റ് രാജ്യങ്ങളിലെ മുൻനിരക്കാരും ഇക്കൂട്ടത്തിൽപെടും.
ഈ ഗണത്തിലേക്ക് കടന്നുവരുന്ന ഒട്ടേറെ താരങ്ങളുടെ ഉദയം ഇത്തവണയും ക്രിക്കറ്റ് ലോകം കണ്ടു. അതിൽ ഏറ്റവും വിസ്മയിപ്പിച്ച താരങ്ങളിൽ ഒരാളാണ് ഓസ്‌ട്രേലിയൻ ടീമിൽ രണ്ട് കൈകൾ കൊണ്ടും പന്തെറിഞ്ഞ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച നിവേദൻ രാധാകൃഷ്ണൻ എന്ന തമിഴ്‌നാട്ടുകാരൻ.
ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിനോളം പ്രതിഭയിലേക്ക് ഉയരാൻ കഴിയുമെന്ന് അവർ കരുതുന്ന താരം. തമിഴ്‌നാട്ടിലാണ് ഈ യുവാവിന്റെ വേരുകൾ. ഇന്ത്യയോട് അണ്ടർ 19 ലോകകപ്പിന്റ സെമിയിൽ തോറ്റ് ഓസ്ട്രേലിയ മടങ്ങുമ്പോഴും ഈ പയ്യനിലാണ് അവരുടെ പ്രതീക്ഷ.
waking up to this ball every day until nivey plays internationals #U19CWC pic.twitter.com/63SMMWVltU
- Nelson Howard (@TheNelsyShow) January 14, 2022
സെമി ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെയും ബാളുകൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനമാണ് ഈ 19 കാരൻ കാഴ്ചവെച്ചത്. ഈ ലോകകപ്പിൽ ഓസീസിനായി 4 വിക്കറ്റും 63 റൺസുമാണ് നിവേദൻ നേടിയത്. 2021 ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ നെറ്റ് ബൗളറായും നിവേദൻ പന്തെറിഞ്ഞിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ദിണ്ടുഗലിൽ ജനിച്ച നിവേദൻ 2013ലാണ് കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയത്. സാമാന്യം മികച്ച ക്രിക്കറ്റ് പശ്ചാത്തലത്തിൽ നിന്ന് തന്നെയാണ് നിവേദനും ക്രിക്കറ്റിലേക്ക് എത്തുന്നത്. നിവേദൻ രാധാകൃഷ്ണന്റെ അച്ഛൻ അൻബു സെൽവൻ തമിഴ്‌നാട് മുൻ ജൂനിയർ ക്രിക്കറ്റ് താരമായിരുന്നു.
ഇന്ത്യയിൽ നിന്ന് താമസം മാറുന്നതിന് മുൻപ് നിവേദന്റെ സഹോദരൻ തമിഴ്‌നാട് അണ്ടർ 14 ടീമിലും കളിച്ചിരുന്നു. ഓസ്‌ട്രേലിയയിലേക്ക് മാറിയ ശേഷം സഹോദരൻ നികേത് മെഡിക്കൽ ഫീൽഡ് തെരഞ്ഞെടുക്കാൻ ക്രിക്കറ്റ് ഉപേക്ഷിച്ചപ്പോൾ, നിവേദ് ക്രിക്കറ്റ് കരിയറിന് വേണ്ടി പഠനം നിർത്തിവെയ്ക്കുകയാണ് ചെയ്തത്. സിഡ്‌നിയിലാണ് താമസമെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ടാസ്മാനിയയുമായാണ് നിവേദന് കരാറുള്ളത്.
ഇംഗ്ലീഷ് ടീമിലും വെസ്റ്റ് ഇൻഡീസ് ടീമിലും വരെ ഇങ്ങനെ കളിച്ച നിരവധി ഇന്ത്യാക്കാരുണ്ട്. ന്യൂസിലണ്ട് ടീമിലും ഇത്തരം താരങ്ങളെത്തി. ടെസ്റ്റ് ക്രിക്കറ്റിൽ പത്ത് വിക്കറ്റ് നേടിയ അജാസ് പട്ടേലും ഇന്ത്യൻ വംശജനാണ്. എന്നാൽ ഓസ്ട്രേലിയ പോലൊരു അതിശക്തരുടെ അണ്ടർ 19 ടീമിൽ ഒരു തമിഴ്‌നാട്ടുകാരൻ കളിക്കുകയെന്നത് ആരും സ്വപ്നത്തിൽ പോലും മുമ്പ് കരുതിയതല്ല. അതുകൊണ്ടാണ് നിവേദിന്റെ പ്രതിഭയിൽ ക്രിക്കറ്റ് പ്രതീക്ഷ അർപ്പിക്കുന്നത്. താമസിയാതെ തന്നെ ഓസ്ട്രേലിയൻ സീനിയർ ടീമിലും ഈ തമിഴ്‌നാട്ടുകാരൻ എത്തുമെന്നാണ് പ്രതീക്ഷ.
അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയ വിജയത്തുടക്കമിട്ടതും നിവേദൻ രാധാകൃഷ്ണൻ എന്ന പത്തൊൻപതുകാരന്റെ ഉജ്ജ്വല ഓൾ റൗണ്ട് പ്രകടനത്തിലായിരുന്നു. അണ്ടർ 19 ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ 10 ഓവറുകളെറിഞ്ഞ നിവേദൻ 48 റൺസ് വിട്ടു കൊടുത്ത് 3 വിക്കറ്റുകളാണ് വീഴ്‌ത്തിയത്. 170 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഓസിസിനായി അഞ്ചാമനായി ക്രീസിലെത്തിയ താരം 58 പന്തിൽ രണ്ട് ബൗണ്ടറികളടക്കം 31 റൺസ് നേടി പുറത്താകാതെയും നിന്നു.
ബൗളിംഗിലും, പിന്നാലെ ബാറ്റിംഗിലും മിന്നിയ നിവേദൻ ലോകകപ്പിലെ ആദ്യ മത്സരത്തിൽത്തന്നെ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. സെമിയിൽ ഓസ്ട്രേലിയ ഇന്ത്യയോട് തോറ്റപ്പോഴും നിവേദൻ താരമായി. സാധാരണഗതിയിൽ ഇരു കൈകൾ കൊണ്ടും ബൗൾ ചെയ്യാനുള്ള കഴിവ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അപൂർവ്വമാണ്. ഓഫ് സ്പിന്നറായ നിവേദൻ പേസറായാണ് തന്റെ കരിയർ ആരംഭിച്ചത്.
A bit about Nivethan Radhakrishnan: Ambidextrous all rounder. Left arm orthodox, right arm off spin.
- Subhayan Chakraborty (@CricSubhayan) February 2, 2022
Has played in TNPL for Karakudi Kalai and Dindigul Dragons in 2017 and 18.
Net bowler for Delhi Capitals in IPL 2021.pic.twitter.com/SGU8ZJ8hXP
തന്റെ പത്താം വയസിലാണ് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് ചേക്കേറിയത്. ഇന്ത്യയിൽ കളി പഠിച്ചു തുടങ്ങിയ അദ്ദേഹം ഓസ്ട്രേലിയയിൽ വെച്ച് തന്റെ കരിയറിന്റെ മറ്റൊരു തലത്തിലേക്ക് ഉയർന്നു. ഇടം കൈയൻ ബാറ്ററായ നിവേദന്റെ ഏറ്റവും വലിയ പ്രത്യേകത രണ്ട് കൈയുമുപയോഗിച്ച് പന്തെറിയാനുള്ള കഴിവാണ്. ഇത് സ്വന്തം ടീമിന് അധിക ഗുണവും, എതിർ ടീമുകൾക്ക് കൂടുതൽ വെല്ലുവിളിയും സമ്മാനിക്കുന്നു.
പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് കൗമാരക്കാരന്റെ മാന്ത്രിക സ്പിൻ പ്രകടനം ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതോടെ അണ്ടർ 16 ടീമിൽ നിവേദനെ ഉൾപ്പെടുത്തി. അതിന് ശേഷം അണ്ടർ 19 ടീമിലേക്കും നിവേദിന് വിളിയെത്തി.


