ഓസ്റ്റിൻ, ടെക്‌സസ്: ഓസ്റ്റിൻ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവക ദേവാലയത്തിന്റെ കൂദാശയും വാർഷിക തിരുനാളും എട്ടാംതീയതി ശനിയാഴ്ച 2.30-ന് ആരംഭിക്കും. ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തും, സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടും, ഇടവക വികാരി ഫാ. ഡൊമിനിക് പെരുനിലവും, അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നും വരുന്ന നിരവധി വൈദീകരും, കന്യാസ്ത്രീകളും സാമൂഹ്യ-സാംസ്‌കാരിക നേതാക്കന്മാരും മറ്റ് ഇടവകകളിൽ നിന്നും വരുന്ന വിശ്വാസികളും തീർത്ഥാടകരും, ഓസ്റ്റിനിലെ മലയാളി സമൂഹവും രൂപതാ പ്രതിനിധികളും, നേതാക്കന്മാരും ഈ ചരിത്ര സംഭവത്തിന് സാക്ഷികളാകും.

ഷിക്കാഗോ രൂപതയ്ക്ക് അഭിമാനമായി വികസനത്തിൽ കുതിച്ച് മുന്നേറുന്ന ഓസ്റ്റിൻ പട്ടണത്തിനു സമീപം മാനറിൽ പ്രകൃതി രമണീയമായ 23 ഏക്കർ സ്ഥലവും, ഏഴായിരം ചതുരശ്ര അടി ചുറ്റളവിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ മനോഹരമായ ദേവാലയവും അനുബന്ധ കെട്ടിടങ്ങളും, അതിവിശാലമായ പാർക്കിങ് സൗകര്യങ്ങളും സെന്റ് അൽഫോൻസാ ഇടവകയുടെ സ്വന്തമാകുമ്പോൾ എഴുപതിൽപ്പരം ഇടവകാംഗങ്ങളുടെ പതിമൂന്നുവർഷത്തെ സ്വപ്നം പൂർത്തീകരിക്കപ്പെടുകയാണ്. 2013-ൽ ഇടവകയുടെ ആദ്യ വികാരിയായി ഫാ. ഡൊമിനിക് പെരുനിലം വന്നതോടെ ഇടവകാംഗങ്ങളുടെ പ്രാർത്ഥനയും പരിശ്രമങ്ങൾക്കും നേതൃത്വം കൊടുക്കുവാനും അതിന്റെ ഫലമായി 2014 ഓഗസ്റ്റിൽ സ്വന്തമായി ദേവാലയം എന്ന സ്വപ്നം സാധിച്ചെടുക്കാനും കഴിഞ്ഞു. ഇന്ന് 75-ൽപ്പരം കുട്ടികൾ എല്ലാ ഞായറാഴ്ചയും വേദപാഠം പഠിക്കുന്നു. ഇടവകയിലെ എല്ലാ ആത്മീയ പ്രവർത്തനങ്ങളും എഴുപതിൽപ്പരം കുടുംബങ്ങളുടെ നിർലോഭമായ സഹകരണത്താൽ പ്രശസ്തമായി നടക്കുന്നു.

ഈ മനോഹരമായ ദേവാലയവും 23 ഏക്കർ സ്ഥലവും വാങ്ങാൻ സാധിച്ച അൽഫോൻസാമ്മയുടെ അത്ഭുതം നേരിൽ കാണുവാനും അനുഗ്രഹങ്ങൾ നേടുവാനും നിരവധി കുടുംബങ്ങളും വിശ്വാസികളും ഓസ്റ്റിനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ദൈവാലയ കൂദാശയും ഇടവക മധ്യസ്ഥയുടെ തിരുനാളും വൻ വിജയമാക്കിത്തീർക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇടവകയിലെ എല്ലാ കുടുംബങ്ങളും വികാരി ഫാ. ഡൊമിനിക് പെരുനിലത്തിന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി വിവിധ കമ്മിറ്റികളിലായി രാവും പകലും അക്ഷീണം പ്രവർത്തിച്ചുവുന്നു. കൂടുതൽ വിവരങ്ങൾക്ക്: 512 272 4005 എന്ന നമ്പരിൽ ബന്ധപ്പെടുക. സണ്ണി തോമസ് (ഓസ്റ്റിൻ) അറിയിച്ചതാണിത്.