മെൽബൺ: സ്‌കിൽഡ് വർക്കർമാരുടെ അഭാവം നികത്തുന്നതിനായി 457 വിസയിൽ വ്യാപകമായ അഴിച്ചുപണി നടത്തിയ സർക്കാർ സ്റ്റുഡന്റ് വിസയിലും പരിഷ്‌ക്കാരങ്ങൾക്ക് ഒരുങ്ങുന്നു. ഓസ്‌ട്രേലിയയിൽ ഏറെ ജനകീയമായ രണ്ടു വിസകളാണ് 457 വിസയും സ്റ്റുഡന്റ് വിസയും. ഓസ്‌ട്രേലിയൻ ടെമ്പററി വർക്ക് വിസാ (സബ്ക്ലാസ് 457) എന്ന് അറിയപ്പെടുന്ന വിസയിൽ സ്‌കിൽഡ് വർക്കർമാർക്ക് ഓസ്‌ട്രേലിയ സന്ദർശിക്കാനും ഇവിടുത്തെ ബിസിനസുകൾക്കായി ജോലി ചെയ്യാനും സാധിക്കുന്നതാണ്. സ്‌കിൽഡ് വർക്കർമാരുടെ അഭാവത്തിൽ സ്‌പെഷ്യലിസ്റ്റ് വർക്കർമാരെ ഒരു വർഷം വരെ ഇവിടേക്ക് കൊണ്ടുവരാനുള്ള ഫെഡറൽ ഗവൺമെന്റ് നിർദ്ദേശം ബിസിനസുകൾക്ക് അനുവാദം നൽകുന്ന തരത്തിലാണ് അഴിച്ചു പണി നടത്തിയത്. 457 വിസാ പരിഷക്കാരങ്ങൾ ഏപ്രിൽ 19 മുതൽ നിലവിൽ വന്നു. 

457 വിസാ പരിഷ്‌ക്കാരങ്ങൾക്കു പിന്നാലെ സ്റ്റുഡന്റ് വിസയിലും അഴിച്ചു പണി നടത്തുകയാണ് സർക്കാർ. ജൂലൈ ഒന്നു മുതലാണ് സ്റ്റുഡന്റ് വിസയിലുള്ള പരിഷ്‌ക്കാരങ്ങൾ പ്രാബല്യത്തിലാകുക. നിലവിൽ എട്ടു സബ് ക്ലാസുകൾ ഉണ്ടായിരുന്ന സ്റ്റുഡന്റ് വിസ ഇനി മുതൽ രണ്ടു സബ് ക്ലാസുകളിലായിട്ടായിരിക്കും ലഭ്യമാകുക. സബ് ക്ലാസ് 500 (സ്റ്റുഡന്റ്), സബ് ക്ലാസ് 590 (സ്റ്റുഡന്റ് ഗാർഡിയൻ) എന്നിങ്ങനെയാണവ.  എല്ലാ സ്റ്റുഡന്റ് വിസാ ആപ്ലിക്കേഷനും ഒരേ മാനദണ്ഡം നടപ്പിലാക്കാനാണ് സ്റ്റുഡന്റ് വിസാ സബ് ക്ലാസുകളുടെ എണ്ണം കുറയ്ക്കുക വഴി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ലക്ഷ്യം വയ്ക്കുന്നത്. സ്റ്റുഡന്റ് വിസാ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഇവയൊക്കെയാണ്.

1. enrolment requirements
2. English language requirements
3. financial capacity requirements
4. Genuine Temporary Entrant (GTE) requirements
അതേസമയം നിലവിലുള്ള വിസാ അസസ്‌മെന്റ് ലെവലും വിസാ പ്രോസസിങ് അറേഞ്ച്‌മെന്റ്‌സും മാറ്റി പകരം പുതിയ സംവിധാനങ്ങൾ കൊണ്ടുവരും. ഇതിനായി ഇംഗ്ലീഷ് ഭാഷാപ്രാവീണ്യത്തിലും സാമ്പത്തിക കാര്യത്തിലുമുള്ള തെളിവുകൾ ഹാജരാക്കുകയാണ് വേണ്ടത്.

സ്റ്റുഡന്റ് വിസയിൽ എത്തിയ ആൾ എഡ്യൂക്കേഷൻ കോഴ്‌സ് മാറുകയാണെങ്കിൽ പുതിയ സ്റ്റുഡന്റ് വിസാ വേണമോയെന്ന കാര്യത്തിൽ ഒരു നിബന്ധന പുതിയ സ്റ്റുഡന്റ് വിസയ്‌ക്കൊപ്പം ചേർത്തിരിക്കും. പത്തു മാസത്തിൽ താഴെയുള്ള കോഴ്‌സ് ചെയ്യുന്ന സ്റ്റുഡന്റ്‌സിന് അവരുടെ കുടുംബത്തെ കൊണ്ടുവരുന്നതിൽ പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ലായിരിക്കും.