ഇന്ത്യാക്കരുൾപ്പെടെ 95000 ലേറെ വിദേശികളെ ആശങ്കയിലാക്കുന്ന വിസ നിയമം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പൗരത്വ നിയമങ്ങളും ഓസ്‌ട്രേലിയ ശക്തമാക്കിയത്. ഇഗ്ലീഷ് ഭാഷയിലുള്ള പ്രാഗല്ഭ്യവും സ്ഥിര താമസത്തിനുള്ള സാധ്യതകളും പരിഗണിച്ചാവും ഇനി പൗരത്വം നൽകുക.

നാല് വർഷമായി രാജ്യത്ത് താമസിച്ചിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് തുടർച്ചയായി മൂന്ന് വർഷമായി ഓസ്‌ട്രേലിയയിൽ താമസിച്ചിരിക്കണം.

രാജ്യത്തിന്റ മൂല്യങ്ങൾ മനസ്സിലാക്കുന്നവരായിരിക്കണം. ഇതോടൊപ്പം തന്നെ സിറ്റിസൺഷിപ്പ് ടെസ്റ്റും പാസാകണം. മൂന്ന് തവണയാണ് ഈ ടെസ്റ്റ് പാസാകുന്നതിനുള്ള അവസരം ലഭിക്കുക. ടെസ്റ്റിൽ പരാജയപ്പെട്ടാൽ രണ്ട് വർഷം കഴിഞ്ഞാകും വീണ്ടും അവസരം ലഭിക്കുക.

സ്ത്രീകളോടും കുട്ടികളോടുമുള്ള പെരുമാറ്റം സംബന്ധിച്ച ചോദ്യങ്ങൾക്കും അപേക്ഷകൻ മറുപടി പറയേണ്ടി വരും. രാജ്യത്തിന്റെ നിയമങ്ങളെ ബഹുമാനിക്കുകയും ഓസ്‌ട്രേലിക്കായി കഠിനമായി പ്രയത്‌നിക്കുന്നവർക്കും മാത്രം പൗരത്വം നൽകിയാൽ മതിയെന്നാണ് തങ്ങളുടെ നിലപാടെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ വ്യക്തമാക്കി. പൗരത്വം രാജ്യത്തിന്റെ ഹൃദയമാണ് അതുകൊണ്ടുതന്നെ പൗരത്വം നൽകുന്നത് രാജ്യ താൽപര്യം മാത്രം മുൻ നിർത്തിയാകുമെന്നും മാൽകം ടേൺബുൾ പറഞ്ഞു.

വിദേശ രാജ്യങ്ങളിൽനിന്നു തൊഴിൽ തേടിയെത്തുന്നവർക്കുള്ള വീസ കാലാവധിയായ നാലു വർഷത്തിനു ശേഷം രാജ്യത്തു തുടരാൻ അനുവദിക്കുന്ന സമയം വെട്ടിച്ചുരുക്കിയുള്ള നിയമ ഭേദഗതി ഓസ്‌ട്രേലിയയിൽ നിലവിലുണ്ട്. ഇതുകൂടാതെയാണ് 457 വീസ തന്നെ നിർത്തലാക്കാനുള്ള നിക്കം തുടങ്ങിയത്. വിദഗ്ധ തൊഴിൽ അവസരങ്ങൾ ഇനി ഓസ്‌ട്രേലിയക്കാർക്കുള്ളതാണെന്നും സ്വന്തം പൗരന്മാർക്കു മുൻഗണന നൽകി കുടിയേറ്റ നയത്തിൽ മാറ്റം വരുത്തുകയുമാണ് ഓസ്‌ട്രേലിയ.