കൊളംബോ: ശ്രീലങ്കക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര ഓസ്‌ട്രേലിയയ്ക്ക്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരെ മൂന്ന് വിക്കറ്റിന് കീഴടക്കിയാണ് ഓസിസ് പരമ്പര സ്വന്തമാക്കിയത്. ശ്രീലങ്ക ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം ഓസീസ് 17.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

മികച്ച തുടക്കത്തിന് ശേഷം വാനിന്ദു ഹസരങ്കയുടെ സ്പിന്നിന് മുന്നിൽ പകച്ചെങ്കിലും മാത്യു വെയ്ഡിന്റെയും ജെയ് റിച്ചാർഡ്‌സന്റെ പോരാട്ടവീര്യമാണ് ഓസിസിനെ വിജയത്തിലെത്തിച്ചത്. 99-7 എന്ന സ്‌കോറിൽ പതറിയ ഓസീസിനെ ഇരുവരും ചേർന്ന പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ട് വിജയതീരത്ത് എത്തിച്ചു.

മാത്യു വെയ്ഡ് 26 പന്തിൽ 26 റൺസെടുത്തപ്പോൾ റിച്ചാർഡ്‌സൺ 20 പന്തിൽ 9 റൺസെടുത്തു. 24 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചും 21 റൺസെടുത്ത ഡേവിഡ് വാർണറും ഓസിസിനായി തിളങ്ങി. ശ്രീലങ്കക്കായി വാനിന്ദു ഹസരങ്ക നാലു വിക്കറ്റ് വീഴ്‌ത്തി. ജയത്തോടെ മൂന്ന് മത്സര പരമ്പര ഓസീസ് 2-0ന് സ്വന്തമാക്കി. സ്‌കോർ ശ്രീലങ്ക 20 ഓവറിൽ 124-9, ഓസ്‌ട്രേലിയ 17.5 ഓവറിൽ 126-7.

ലങ്ക ഉയർത്തിയ 125 റൺസ് വിജയലക്ഷ്യത്തിലേക്ക് ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും ചേർന്ന് തകർപ്പൻ തുടക്കമാണ് ഓസീസിന് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 2.4 ഓവറിൽ 33 റൺസടിച്ചതോടെ ആദ്യ മത്സരത്തിലേതുപോലെ ഓസീസ് അതിവേഗം ലക്ഷ്യത്തിലെത്തുമെന്ന് കരുതി. എന്നാൽ ഫിഞ്ചിനെ(13 പന്തിൽ 24)വീഴ്‌ത്തി ഹസരങ്ക ഓസീസിന്റെ കുതിപ്പ് തടഞ്ഞു. മിച്ചൽ മാർഷും വാർണറും ചേർന്ന് ഓസീസിനെ 4.4 ഓവറിൽ 50 കടത്തി.

ഫിഞ്ചിന് പിന്നാലെ മിച്ചൽ മാർഷിനെ(ഏഴ് പന്തിൽ 11)ഹസരങ്ക മടക്കുകയും സ്റ്റീവ് സ്മിത്തിനെ(5) തുഷാര പുറത്താക്കുകയും ഡേവിഡ് വാർണർ(10 പന്തിൽ 21) റണ്ണൗട്ടാവുകയും ചെയ്തതോടെ ഓസീസ് 64-4ലേക്ക് വീണു. ഗ്ലെൻ മാക്‌സ്വെല്ലും മാർക്കസ് സ്റ്റോയിനിസും ചേർന്ന് ഓസീസിനെ ലക്ഷ്യത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും മാക്‌സ്വെല്ലിനെ(19)യും ആഷ്ടൺ ആഗറിനെയും(0) ഹസരങ്കയും സ്റ്റോയിനിസിനെ(9) ചമീരയും വീഴ്‌ത്തിയതോടെ ഓസീസ് തോൽവി മുന്നിൽ കണ്ടു. എന്നാൽ വാലറ്റക്കാരൻ ജെയ് റിച്ചാർഡ്‌സണെ കൂട്ടുപിടിച്ച് മാത്യു വെയ്ഡ് നടത്തിയ പോരാട്ടം ഓസീസിനെ ലക്ഷ്യത്തിലെത്തിച്ചു. ലങ്കക്കായി ഹസരങ്ക നാലോവറിൽ 33 റൺസിന് നാലു വിക്കറ്റെടുത്തപ്പോൾ ചമരയും തുഷാരയും ഓരോ വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ടോസിലെ നിർഭാഗ്യം ബാറ്റിംഗിലും ലങ്കയെ പിടികൂടിയപ്പോൾ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ ആതിഥേയർക്കായുള്ളു. സ്‌കോർ ബോർഡിൽ ഏഴ് റൺസെത്തിയപ്പോഴേക്കും ഓപ്പണർമാരായ പാതും നിസങ്കയും(3), ഗുണതിലകയും(4) ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തി. മൂന്നാം വിക്കറ്റിൽ അസലങ്കയും കുശാൽ മെൻഡിസും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. എന്നാൽ അസലങ്കയെ(36 പന്തിൽ 39) മാക്‌സ്വെല്ലും മെൻഡിസിനെ(36 പന്തിൽ 36) ജെയ് റിച്ചാർഡ്‌സണും മടക്കിയതോടെ ആദ്യ ടി20യിലേതുപോലെ ലങ്ക അവിശ്വസനീയമായി തകർന്നു.

ഭാനുക രാജപക്ഷെ(13), ക്യാപ്റ്റൻ ഷനക(14), വാനിന്ദു ഹസരങ്ക(12) എന്നിവർ മികച്ച തുടക്കം മുതലക്കാനാവാതെ മടങ്ങി. അവസാന ഏഴ് പന്തിൽ നാലു വിക്കറ്റുകലാണ് ലങ്കക്ക് നഷ്ടമായത്. ഇന്നിങ്‌സിലെ അഴസാന ഓവറിൽ കെയ്ൻ റിച്ചാർഡ്‌സൺ മൂന്ന് വിക്കറ്റ് വീഴ്‌ത്തി ലങ്കയെ 124ൽ തളച്ചു.