മെൽബൺ: ബയോമെട്രിക് ശേഖരണം സംബന്ധിച്ചുള്ള മൈഗ്രേഷൻ ഭേദഗതി നിയമം ഫെബ്രുവരി 16 മുതൽ നടപ്പിൽ വരുത്തും. ഓസ്‌ട്രേലിയയിലെത്തുന്ന അഞ്ചു വയസിനു മുകളിലുള്ളവരുടെ ഫിംഗർ പ്രിന്റ് ശേഖരണം മുതലുള്ള പ്രധാന മാറ്റങ്ങൾ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 16 വയസിനു മുകളിലുള്ളവരുടെ വിരലടയാളം സ്വീകരിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ ഭേദഗതി അനുസരിച്ച് അഞ്ചു വയസും അതിനു മുകളിലുള്ളവരുടെ വിരലടയാളം ശേഖരിക്കാനാണ് തീരുമാനം. എന്നാൽ ന്യൂസിലാൻഡ് പൗരന്മാരെ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതിൽ നിന്നും ഓസ്‌ട്രേലിയ ഒഴിവാക്കിയിട്ടുണ്ട്.

ബയോ മെട്രിക് വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പ്രത്യേകം സംവിധാനം ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. ജനങ്ങൾക്ക് ശല്യമാകാതെയും ഏറെ ജാഗ്രതയോടും വേഗതയിലും ഇതു ചെയ്തു തീർക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. മുഖത്തിന്റെ ചിത്രം ഡിജിറ്റൽ ക്യാമറയിലും വിരലടയാളങ്ങൾ ഫിംഗർ പ്രിന്റ് സ്‌കാനറിലൂടെയുമാണ് ശേഖരിക്കുന്നത്. 16 വയസിൽ താഴെയുള്ളവരുടെ ബയോമെട്രിക് വിവരങ്ങളുടെ ശേഖരണം അവരുടെ രക്ഷിതാക്കളുടെയോ ഗാർഡിയന്റെയോ സാന്നിധ്യത്തിൽ മാത്രമേ നിർവഹിക്കുകയുള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിസാ അപേക്ഷകർ നേരിട്ടോ ഇ-മെയിൽ വഴിയോ ഓസ്‌ട്രേലിയൻ വിസാ ആപ്ലിക്കേഷൻ സെന്ററിൽ (എവിഎസി) അപേക്ഷ സമർപ്പിക്കണം. ഇത്തരത്തിൽ വിസാ അപേക്ഷ നൽകിയാൽ രണ്ട് സർവീസ് ചാർജിൽ നിന്ന് ഒഴിവാകാം. അപേക്ഷർ തങ്ങളുടെ അപേക്ഷ സമർപ്പിക്കാനായുള്ള അപ്പോയ്‌മെന്റുകൾ ഓക്ക്‌ലാന്റിലോ അല്ലെങ്കിൽ ക്യൂൻസ് ലാന്റിലോ ഉള്ള എവിഎസിയിൽ ഒരുക്കേണ്ടതാണ്. അവിടെ വച്ച് അതേ സമയം തന്നെ  അവരുടെ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നതാണ്. വിസ അപേക്ഷയും ഉൾപ്പെടുത്തിയ അപേക്ഷകർ ബയോമെട്രിക് ശേഖരണത്തിനായി എവിഎസിൽ ഹാജരാവണം. അത്തരക്കാർ അപ്പോയ്‌മെന്റിനായി തങ്ങളുടെ പാസ്‌പോർട്ട് കൂടി കൊണ്ട് വരേണ്ടതാണെന്നും നിർദേശിക്കുന്നു.