സിഡ്‌നി: ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ നോവാക് ജോക്കോവിച്ചിന്റെ വിസ റദ്ദ് ചെയ്ത ആസ്ട്രേലിയൻ സർക്കാരിന്റെ നടപടി ഫെഡറൽ കോടതി ശരിവെച്ചതോടെ അദ്ദേഹത്തെ രാത്രി തന്നെ ആസ്ട്രേലിയയിൽ നിന്നും നാടുകടത്തി. ഇതേ തുടർന്ന് ജോക്കോവിച്ചിന് മൂന്ന് വർഷത്തേക്ക് ആസ്ട്രേലിയയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കും കൽപിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി കരേൻ ആൻഡ്രൂസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഏതെങ്കിലും അത്യാവശ്യകാര്യങ്ങൾക്ക് ജോക്കോവിച്ചിന് ആസ്ട്രേലിയയിൽ വരേണ്ട ആവശ്യമുണ്ടായാൽ അനുവദിക്കുമോ എന്ന ചോദ്യത്തിന് അത് അപ്പോൾ തീരുമാനിക്കും എന്നുമാത്രമായിരുന്നു മന്ത്രിയുടെ മറുപടി. പതിനൊന്ന് ദിവസം നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിൽ ഇന്നലെ ജോക്കോവിച്ച് ആസ്ട്രേലിയയിൽ നിന്നും മടങ്ങി. കോടതിയുടെ ഫുൾ ബെഞ്ചായിരുന്നു സർക്കാർ നടപടി ശരിവെച്ചുകൊണ്ട് ഉത്തരവിട്ടത്. അതോടെ ജോക്കോവിച്ചിന് മറ്റ് വഴികളൊന്നും ഇല്ലാതെയാവുകയായിരുന്നു.

തുടർന്ന് പൊലീസ് അകമ്പടിയൊടെ ജോക്കോവിച്ചിനെ മെൽബോൺ വിമാനത്താവളത്തിൽ എത്തിച്ചു. പിന്നീട് 10.30 ന് ദുബായ്ക്കുള്ള വിമാനത്തിൽ അദ്ദേഹത്തെ കയറ്റി അയയ്ക്കുകയായിരുന്നു. അവിടെനിന്നും അദ്ദേഹം സ്പെയിനിലേക്ക് യാത്രയാകും. ലോക ടെന്നീസ് താരത്തിന്റെ കുടുംബാംഗങ്ങളും ആരാധകരും സെർബിയയിലെ രാഷ്ട്രീയ നേതാക്കളുമൊക്കെ ഞെട്ടലോടെയാണ് ഈ തീരുമാനത്തെ വരവേറ്റത്. മകന് മേലുള്ള വധശ്രമം എന്നായിരുന്നു ജോക്കോവിച്ചിന്റെ പിതാവ് പ്രതികരിച്ചത്. ആസ്ട്രേലിയൻ ഉദ്യോഗസ്ഥർ കള്ളം പറയുകയാണെന്ന് സെർബിയൻ പ്രസിഡണ്ട് അലക്സാണ്ടർ വുസിക്കും കുറ്റപ്പെടുത്തി.

അതേസമയം, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും, ബഹുഭൂരിപക്ഷം ആസ്ട്രേലിയക്കാരും ഈ വിധിയെ സഹർഷം സ്വാഗതം ചെയ്യുകയാണ് രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനുള്ള നടപടി എന്നാണ് പ്രധാനമന്ത്രി ഈ നടപടിയെ വിശേഷിപ്പിച്ചത്. മൂന്നു വർഷത്തെ പ്രവേശന വിലക്ക് നിലനിൽക്കുന്നുണ്ടെങ്കിലും പ്രത്യേക സന്ദർഭങ്ങളിൽ ടെന്നീസ് താരത്തിന് ആസ്ട്രേലിയ സന്ദർശിക്കാം എന്നും അദ്ദേഹം പറഞ്ഞു. ടെന്നീസ് താരത്തെ തടവിൽ വെച്ചെന്നും ശാരീരിക പീഡനം നടത്തിയെന്നുമുള്ള സെർബിയൻ പ്രസിഡണ്ടിന്റെ പ്രസ്താവന അദ്ദേഹം നിഷേധിക്കുകയും ചെയ്തു.

അതേസമയം, വിധിയിൽ താൻ തീർത്തും നിരാശനാണെന്നായിരുന്നു ജോക്കോവിച്ചിന്റെ പ്രതികരണം. ആസ്ട്രേലിയൻ സർക്കാരിന്റെ നിയമനടപടികൾക്ക് വന്ന ചെലവുകളും ജോക്കോവിച്ചിനോട് വഹിക്കുവാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. നിരാശയോടെയാണെങ്കിലും കോടതി വിധിയെ താൻ മാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആസ്ട്രേലിയയിലേക്ക് വരുന്ന എല്ലാവരും ആസ്ട്രേലിയയിൽ പ്രവേശിക്കുന്നതിനുള്ള മാനൻണ്ഡങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിസ ഉണ്ട് എന്നതുകൊണ്ട് മാത്രം പ്രവേശിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആസ്ട്രേലിയയിൽ പ്രവേശിക്കുവാൻ വാക്സിന്റെ രണ്ട് ഡോസുകളും എടുത്തിരിക്കണം. ആരോഗ്യപരമായ കാരണങ്ങളാൽ അതിന് കഴിയാത്തവർ തക്കതായ തെളിവും ഹാജരാക്കേണ്ടതുന്റ്. ജോക്കോവിച്ച് രാജ്യം വിട്ടതോടെ ടെന്നീസ് താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ നിറയുകയാണ്. ആസ്ട്രേലിയൻ പൗരന്മാർക്ക് ബാധകമായ കർശന കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും ജോക്കോവിച്ചിനെ ഒഴിവാക്കരുത് എന്നായിരുന്നു ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ചിലർ ഈ സെർബിയൻ താരത്തെ ചതിയനെന്നും നുണയനെന്നും, വാക്സിൻ വിരുദ്ധനെന്നുമൊക്കെ വിശേഷിപ്പിക്കുന്നുണ്ട്.

അതേസമയം, ജോക്കോവിച്ച് ആസ്ട്രേലിയൻ രാഷ്ട്രീയകളികൾക്ക് ഇരയാവുകയായിരുന്നു എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. മറ്റുചിലർ ട്രോളുകളുമായാണ് എത്തിയത്.