ന്യൂ സൗത്ത് വെയിൽസും സിഡ്‌നിയിലും കനത്ത വെള്ളപ്പൊക്കവും മഴയും തുടരുകയാണ്. 60 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് ആണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ദിവസങ്ങളായി തുടരുന്ന മഴയും വെള്ളപ്പൊക്കവും മൂലം ഇതുവരെ 18,000 ത്തോളം പേരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.മഴയും വെള്ളപ്പൊക്കവും മൂലം ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

മഴ ശക്തമായി തുടരുന്നതിനാൽ പലയിടങ്ങളിലും ഈയാഴ്ച പകുതിവരെ മുന്നറിയിപ്പ് നിലനിൽക്കുകയാണ്.ബുധനാഴ്ച വരെയെങ്കിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവചനം.

സംസ്ഥാനത്ത് ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നത് മൂലം സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടക്കുകയാണ്.പലയിടങ്ങളിലും സ്ഥിതി മോശമാകുന്ന സാഹചര്യത്തിൽ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.സംസ്ഥാനത്തെ 137 സ്‌കൂളുകൾ തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 18,000 ത്തോളം പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ സ്ഥിതി മോശമായ പോർട്ട് മക്വറി, ടാരി, കെംപ്‌സി എന്നവിടങ്ങളിൽ നിന്ന് 15,000 പേരെ മാറ്റിപ്പാർപ്പിച്ചുവെന്നും പടിഞ്ഞാറൻ സിഡ്നിയിലെ നേപ്പിയൻ-റിച്ച്മണ്ട് വാലി, ഹോക്സ്ബറി മേഖലകളിലുള്ള 3,000 പേരെ ഒഴിപ്പിച്ചതായും പ്രീമിയർ പറഞ്ഞു

സംസ്ഥാനത്ത് ശക്തമായ മഴ ബുധനാഴ്ചയോ വ്യാഴാഴ്ചയോ വരെ തുടന്നേക്കാമെന്നാണ് പ്രവചനം.അതിനാൽ സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലും പടിഞ്ഞാറൻ സിഡ്നിയിലും ഉള്ളവരോട് പ്രദേശത്ത് നിന്ന് ഒഴിപോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളപ്പൊക്കം രൂക്ഷമായ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ അറിയിപ്പിനായി കാത്തിരിക്കണമെന്നും പ്രീമിയർ പറഞ്ഞു. പോർട്ട് മക്വറിക്ക് സമീപത്തുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ആറ് ദിവസങ്ങളിൽ 900 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തിയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.വെള്ളപ്പൊക്കം ബാധിച്ചവർക്ക് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ കഴിയാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ ദുരിതാശ്വാസ കേന്ദങ്ങളിൽ അടിയന്തര താമസസൗകര്യം ഒരുക്കുമെന്നാണ് സർക്കാർ അറിയിച്ചത്.

പല നദികളും കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പേരെ ഒഴിപ്പിച്ചേക്കുമെന്നും പ്രീമിയർ പറഞ്ഞു.ഇതിനിടെ ന്യൂ സൗത്ത് വെയിൽസിന് പുറമെ ക്വീൻസ്ലാന്റിലും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്‌കൂളുകളുടെ പ്രവർത്തനത്തെക്കുറിച്ച് അറിയാൻ രക്ഷിതാക്കൾ സ്‌കൂൾ സേഫ്റ്റി പേജോ സ്‌കൂളുകളുടെ വെബ്‌സൈറ്റോ സന്ദർശിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു