മെൽബൺ: ഓസ്‌ട്രേലിയ അടുത്ത വർഷം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് പ്രഫ സ്റ്റീവ് കീനിന്റെ മുന്നറിയിപ്പ്. കടബാധ്യതയിൽ ആണ്ടിരിക്കുന്ന ഓസ്‌ട്രേലിയൻ സമ്പദ് വ്യവസ്ഥ മൂലം വീടു വിലയിൽ 40 ശതമാനം മുതൽ 70 ശതമാനം വരെയാണ് ഇടിവുണ്ടാകാൻ പോകുന്നത്. കൂടാതെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുമെന്നും പ്രഫ. സ്റ്റീവ് കീൻ വെളിപ്പെടുത്തുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഓസ്ട്രേലിയയിലെ വീട് വിലകൾ കുത്തനെ താഴുമെന്ന വിഷയത്തിൽ പന്തയം വച്ച് അതിൽ പരാജയപ്പെടുകയും തത്ഫലമായി കാൻബറയിൽ നിന്നും മൗണ്ട് കോസ്‌കിയുസ്‌കോ വരെ നടക്കുകയും ചെയ്ത് പ്രശസ്തി നേടിയ വ്യക്തിയാണ് സ്റ്റീവ് കീൻ.

എന്നാൽ ഇത്തവണ തന്റെ പ്രവചനം തെറ്റില്ലെന്നും തന്റെ പ്രവചനം യാഥാർഥ്യമാകുമെന്നും പ്രഫ. സ്റ്റീവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വീണ്ടും കൂടുതൽ കടങ്ങൾ വാങ്ങിക്കൂട്ടുകയാണ് ഓസ്‌ട്രേലിയ എന്നും ഇത് കൂടുതൽ ആശ്രയത്വത്തിലേക്ക് വഴി തെളിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക പ്രവർത്തനങ്ങളിൽ റിസർവ്ബാങ്ക് നേർവഴി കാട്ടുമെന്നായിരുന്നു ആഗോള സാമ്പത്തിക പ്രതിസന്ധി വരെ നിരവധി പേർ വിശ്വസിച്ചിരുന്നതെന്നും എന്നാൽ അത് തീർത്തും ശരിയല്ലെന്ന് പിന്നീട് ബോധ്യമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ നിരക്കിൽ കൂടുതൽ കടം വാങ്ങാൻ കുടുംബങ്ങളെ പ്രേരിപ്പിക്കുന്ന നയമാണ് റിസർവ് ബാങ്ക് പിന്തുടർന്ന് വരുന്നതെന്നും അത് ദീർഘകാലാടിസ്ഥാനത്തിൽ ഇവിടുത്തെ സമ്പദ് വ്യവസ്ഥയെ കുഴപ്പങ്ങളിലേക്കാണ് കൊണ്ടു ചെന്നെത്തിക്കാൻ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

തൽഫലമായി ഇവിടുത്തെ സ്വകാര്യ കടത്തിന്റെ ലെവൽ ജിഡിപിയുടെ 150 ശതമാനത്തിൽ നിന്നും 210 ശതമാനായി ഉയർന്നിരിക്കുകയാണെന്നും അദ്ദേഹം ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ്സ് കണക്കുകളെ ഉദ്ധരിച്ച് കൊണ്ട് വ്യക്തമാക്കി. നിലവിലുള്ള പലിശ നിരക്ക് 1.75 ശതമാനത്തിൽ നിന്ന് പൂജ്യം ശതമാനത്തിലേക്ക് താഴ്‌ത്താൻ റിസർവ് ബാങ്ക് നിർബന്ധിതമാകും. എന്നാൽ ഇതൊന്നും രാജ്യത്തെ കടബാധ്യതയിൽ നിന്ന് രക്ഷിക്കാൻ ഉതകുകയില്ലെന്നും സമ്പദ് ഘടന ഉടനെ തകർച്ചയിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത് കുടുംബങ്ങളുടെ കടത്തിൽ 60 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.