മൂന്നു വയസുള്ള പെൺകുഞ്ഞ് ഭിന്നശേഷിക്കാരിയായതുകൊണ്ട് ഓസ്‌ട്രേലിയയിൽ നിന്നും നാടുകടത്തൽ ഭിഷണി നേരിട്ട മലയാളി കുടുംബത്തിന് ഒടുവിൽ നീതി ലഭിച്ചു. നാടുകടത്താനുള്ള സർക്കാർ തീരുമാനം രാജ്യത്തെ മാധ്യമങ്ങൾ എല്ലാം ഏറ്റെടുക്കുകയും വിഷയം ചർച്ചയാവുകയും ചെയ്ത് സാഹചര്യത്തിലാണ് തീരുമാനം തിരുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറത്തിയത്. ഇതുപ്രകാരം മലയാളി കുടുംബത്തിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പിആർ നൽകുകയായിരുന്നു.

അഡലൈയ്ഡിലെ ലിബറൽ പാർട്ടിയുടെ നേതാവും പൊതു പ്രവർത്തകനുമായ മലയാളിയായ പ്രസാദ് ഫിലിപ്പിന്റെ നേതൃത്യത്തിൽ ഇമിഗ്രേഷൻ മിനിസ്റ്റർക്ക് മലയാളി സമൂഹം ഓൺലൈൻ വഴി കൂട്ട പരാതിയും നൽകിയിരുന്നു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇട്ട് ഒരു മണിക്കൂറിനകം 1500പരം ആളുകളാണ് അതിൽ ഒപ്പുവച്ചത്.

കോതമംഗലം സ്വദേശികളായ മനു - സീന ദമ്പതികൾ കഴിഞ്ഞ ആറു വർഷമായി അഡലൈയ്ഡിൽ താമസക്കാരാണ്. സ്റ്റുഡന്റ് വിസയിൽ എത്തിയ മനുവിന്റെയും സീനയുടെയും മൂത്ത കുട്ടിയാണ് മേരി. മൂന്നുവയസും മാത്രം പ്രായമുള്ള മേരിക്ക് ജനനം മുതൽ ആരോഗ്യപ്രശ്നങ്ങളുണ്ട്. 2014ൽ ലെയ്ൽ മക്ഇവിൻ ആശുപത്രിയിൽ ജനിക്ക കുഞ്ഞ് ജീവൻ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഒരുമാസം കഴിഞ്ഞത്. ശരീരം മുഴുവൻ തളർന്ന കുഞ്ഞിനെ പരിചരിക്കുന്നതിൽ ദമ്പതികൾ ഒരു വീഴ്ചയും വരുത്തുന്നില്ല.

മനുവും സീനയും ഓസ്ട്രേലിയയിലാണ് നഴ്സിങ് പഠനം പൂർത്തിയാക്കിയത്. 2011ൽ സ്റ്റുഡന്റ് വീസയിൽ എത്തിയ ദമ്പതികൾ പഠനത്തിനുശേഷം ജോലി ലഭിച്ചതോടെ ഓസ്ട്രേലിയയിൽ തുടരുകയായിരുന്നു. മുഴുവൻ സമയ രജിസ്ട്രേഡ് നഴ്സായ മനു പ്രായാധിക്യം ചെന്നവരെ പരിചരിക്കുന്ന വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

പ്രത്യേക വൈദഗ്ദ്യം വേണ്ട ഈ വിഭാഗത്തിൽ വളരെ കുറച്ചു നഴ്സുമാരേ ഓസ്ട്രേലിയയിൽ പ്രവർത്തിക്കുന്നുള്ളൂ. വിഷമ ഘട്ടത്തിൽ സഹായിക്കുകയും പെറ്റീഷനിൽ ഒപ്പ് വയ്ക്കുകയും ചെയ്ത മുഴുവൻ ആളുകളോടും പ്രസാദ് ഫിലിപ്പും മനുവും കുടുംബവും നന്ദി രേഖപ്പെടുത്തി.