മെൽബൺ: യൂറോപ്പ്, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ വൻകരകളിലേയ്ക്ക് കുടിയേറിയ മലയാളികളുടെ നിത്യ ജീവിതത്തിലെ സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് ഓസ്ട്രേലിയയിലെ ഒരുപറ്റം മലയാളം സിനിമ സ്‌നേഹികൾ നിർമ്മിച്ച 'Australia my heartland ' എന്ന പ്രവാസി സിനിമയ്ക്ക് യൂട്യൂബിൽ വൻ പ്രതികരണം. കഴിഞ്ഞ ഫെബ്രുവരിയിൽ ഓസ്ട്രേലിയയിലെ തീയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യുകയും ചെയ്തിരുന്നു.

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസനാണ് സിനിമയുടെ അവതരണം നിർവഹിച്ചിരിക്കുന്നത്. വൈക്കം വിജയലക്ഷ്മി, ജി ശ്രീറാം, ബ്രിന്ദ കൃഷ്ണ തുടങ്ങിയ പിന്നണിഗായകർ ആലപിച്ച മനോഹരമായ ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

പൂർണമായും ഓസ്ട്രേലിയയിൽ നിർമ്മിച്ച സിനിമയിൽ ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള കലാകാരന്മാരാണ് അഭിനയിച്ചിരിക്കുന്നത്. ഒരു സംഭവ കഥയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമ പ്രവാസ ജീവിതത്തിലെ സ്വപ്നങ്ങളും പ്രതീക്ഷകളും നൊമ്പരങ്ങളും പങ്കു വയ്ക്കുന്നു. ജോലിക്കു ശേഷവും അവധിദിവസങ്ങളിലും വിവിധ സ്റ്റേറ്റുകളിലുള്ള കലാകാരന്മാർ ഒത്തുകൂടിയാണ് സിനിമ നിർമ്മിച്ചതെന്ന് സംവിധായകൻ ദിലീപ് ജോസ് പറഞ്ഞു.

എബ്ജിൻ ഏബ്രഹാം, സുരേഷ് വാസുദേവൻ, റോയി കോനിക്കൻ, സോണി ഏബ്രഹാം എന്നിവർ ചേർന്ന് നിർമ്മിച്ച സിനിമ 'പ്രവാസി മലയാളം സിനിമ' എന്ന ആശയത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഓസ്ട്രേലിയൻ സെൻസർ ബോഡിന്റെ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ ഓസ്ട്രേലിയയുടെ പ്രകൃതി സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഏതാണ്ട് ഒരു വര്ഷം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഇക്കഴിഞ്ഞ ഫൊക്കാന കൺവൻഷനിൽ 'Australia my heartland' നു സ്‌പെഷ്യൽ ജൂറി അവാർഡ് ലഭിച്ചിരുന്നു. മലയാളത്തിലെ പ്രമുഖരായ നടീനടന്മാരെ വച്ചുകൊണ്ട് ലണ്ടൻ, സിഡ്‌നി , ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വച്ച് ഷൂട്ട് ചെയ്യുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് ഈ സിനിമയുടെ പിന്നണി പ്രവർത്തകർ.
സിനിമ കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക

Australia My Heartland