മെൽബൺ: 457 വിസാ പ്രോഗ്രാമിലെ പരിഷ്‌ക്കരിച്ച ചട്ടങ്ങൾ ഡിസംബർ മുതൽ പ്രാബല്യത്തിലാക്കുമെന്ന് ഇമിഗ്രേഷൻ വകുപ്പ്. തൊഴിൽ കരാറുകളിൽ കൂടുതൽ സുതാര്യതയും വ്യക്തതയും ഉറപ്പാക്കുന്നതാണ് പുതിയ പരിഷ്‌ക്കാരങ്ങൾ. പുതുതയായി നടപ്പാക്കിയ ചൈന-ഓസ്‌ട്രേലിയ ഫ്രീട്രേഡ് എഗ്രിമെന്റിന്റെ പശ്ചാത്തലത്തിലാണ് 457 വിസാ ചട്ടങ്ങളിൽ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

പുതിയ ചട്ടം അനുസരിച്ച് 457 വിസാ നേടുന്നവർ നിശ്ചിത കാലാവധിക്കുള്ളിൽ തന്നെ നിർബന്ധമായും ലൈസൻസോ രജിസ്‌ട്രേഷനോ നേടിയിരിക്കുണം. ഇതുസംബന്ധിച്ച് കൃത്യമായ വിവരം ഇമിഗ്രേഷൻ വകുപ്പിന് അറിയിക്കുകയും വേണമെന്നാണ് പുതിയ നിബന്ധന. രാജ്യത്ത് പുതുതായി എത്തുന്നവരാണെങ്കിൽ ഇവിടെയെത്തിക്കഴിഞ്ഞ് 90 ദിവസത്തിനുള്ളിലോ ഇവിടെ തന്നെയുള്ളവരാണെങ്കിൽ വിസാ അനുവദിച്ച് 90 ദിവസത്തിനുള്ളിലോ അവരുടെ ലൈസൻസോ രജിസ്‌ട്രേഷനോ സ്വന്തമാക്കേണ്ടതാണ്.

457 വിസാ ഹോൾഡർമാർ രാജ്യത്തെത്തി 90 ദിവസത്തിനുള്ളിൽ ജോലി ചെയ്യാൻ ആരംഭിക്കണമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ ഓസ്‌ട്രേലിയക്കാരെയോ അല്ലെങ്കിൽ ഓസ്‌ട്രേലിയയിൽ സ്ഥിര താമസക്കാരെയോ പരിഗണിച്ച ശേഷം മാത്രമേ വിദേശത്തു നിന്ന് 457 വിസയിൽ ബിസിനസ് സ്ഥാപനങ്ങൾ ആൾക്കാരെ റിക്രൂട്ട് ചെയ്യാൻ പാടുള്ളൂ എന്നും പുതിയ ചട്ടത്തിൽ പറയുന്നു.

പുതിയ വ്യവസ്ഥയിൽ  തൊഴിൽ സ്ഥലത്തെ തൊഴിൽ കരാർമേഖലയിലെ മറ്റേതൊരു ബിസിനസ് സ്ഥാപനത്തിലേതിനും തുല്യമായ നിലയിൽ ആയിരിക്കണം.  കൂടുതൽ വിവരങ്ങൾ ഇമിഗ്രേഷൻ മന്ത്രി പീറ്റർഡട്ടൺ പ്രസിദ്ധീകരിക്കുന്നതായിരിക്കും.  മാർക്കറ്റേ പേ റേറ്റുകൾ നൽകേണ്ടത് കരാർ പ്രകാരം തന്നെ ബാധ്യതയായി മാറും. നിർബന്ധിത ലൈസൻസിങിന് സാഹചര്യം ഒരുങ്ങും. 457 വിസയുമായി ബന്ധപ്പെട്ട നിയമമാറ്റങ്ങൾ ഇമിഗ്രേഷൻ മിനിസ്റ്റർ പീറ്റർ ഡട്ടൻ ഡിഐബിപി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും ഇതിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്.