- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എറിഞ്ഞിട്ട് ഹെയ്സൽവുഡ്; ബാറ്റിങ് വെടിക്കെട്ടുമായി ഡേവിഡ് വാർണർ; വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ; സെമി നിർണയിക്കുക ഇംഗ്ലണ്ട് - ദക്ഷിണാഫ്രിക്ക മത്സരം; ഗെയ്‌ലിനും ബ്രാവോയ്ക്കും യാത്രയയപ്പു നൽകി ഓസിസ് താരങ്ങൾ
ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 ലെ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് കീഴടക്കി ഓസ്ട്രേലിയ സെമി പ്രതീക്ഷ നിലനിർത്തി. വിൻഡീസ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം വെറും 16.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. അർധസെഞ്ചുറി നേടിയ ഡേവിഡ് വാർണറും മിച്ചൽ മാർഷുമാണ് ഓസീസിന് ആധികാരിക ജയം സമ്മാനിച്ചത്.
വാർണർ 56 പന്തുകളിൽ നിന്ന് 89 റൺസെടുത്ത് പുറത്താവാതെ നിന്നു. മിച്ചൽ മാർഷ് 53 റൺസ് നേടി. അഞ്ചു മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് ടൂർണമെന്റിൽ നിന്ന് പുറത്തായി ഈ വിജയത്തോടെ ഓസ്ട്രേലിയ സെമി ഫൈനൽ ഏകദേശം ഉറപ്പിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക വൻ മാർജിനിൽ വിജയം നേടിയാൽ മാത്രമേ ഓസീസിന്റെ സാധ്യതകൾ മങ്ങുകയുള്ളൂ.
ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (9), മിച്ചൽ മാർഷ് (32 പന്തിൽ 53) എന്നിവരുടെ വിക്കറ്റുകൾ മാത്രമാണ് ഓസീസിന് നഷ്ടമായത്. അകീൽ ഹൊസീനാണ് ഫിഞ്ചിന്റെ വിക്കറ്റ്. മാർഷിനെ മടക്കിയയച്ച് ക്രിസ് ഗെയ്ൽ ജേഴ്സിയിൽ തന്റെ അവസാന മത്സരം ആഘോഷമാക്കി.
158 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും ചേർന്ന് നൽകിയത്. വാർണർ അനായാസം ബാറ്റ് ചലിപ്പിച്ചപ്പോൾ ഫിഞ്ച് റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. ആദ്യ വിക്കറ്റിൽ ഇരുവരും 33 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ അകിയൽ ഹൊസെയ്ൻ ഈ കൂട്ടുകെട്ട് പൊളിച്ചു. ഒൻപത് റൺസ് മാത്രമെടുത്ത ഫിഞ്ചിനെ ഹൊസെയ്ൻ ക്ലീൻ ബൗൾഡാക്കി.
ഫിഞ്ചിന് പകരം മിച്ചൽ മാർഷ് മൂന്നാമനായി ക്രീസിലെത്തി. മാർഷിനെ സാക്ഷിയാക്കി വാർണർ തകർത്തടിക്കാൻ തുടങ്ങിയതോടെ ടീം സ്‌കോർ ഉയർന്നു. 5.5 ഓവറിൽ ടീം സ്‌കോർ 50 കടന്നു. സമീപകാലത്തായി ഫോം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്ന വാർണർ അതിമനോഹരമായാണ് ബാറ്റ് ചലിപ്പിച്ചത്. വൈകാതെ വെറും 29 പന്തുകളിൽ നിന്ന് താരം അർധസെഞ്ചുറി കുറിക്കുകയും ചെയ്തു.
പിന്നാലെ മാർഷും വാർണറും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. മാർഷും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. റസ്സലെറിഞ്ഞ പത്താം ഓവറിൽ തുടർച്ചയായി രണ്ട് ഫോറും സിക്സും പായിച്ച് മിച്ചൽ മാർഷ് ഓസീസിനെ വിജയത്തിലേക്കടുപ്പിച്ചു. ആദ്യ പത്തോവറിൽ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 98 റൺസാണ് നേടിയത്. 10.1 ഓവറിൽ ടീം സ്‌കോർ 100 കടന്നു. വിൻഡീസ് ബൗളർമാർക്ക് ഒരു സാധ്യതയും നൽകാതെയാണ് വാർണറും മാർഷും ബാറ്റുവീശിയത്.
വൈകാതെ 67 പന്തുകളിൽ ഇന്ന് ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും മാർഷ് അർധസെഞ്ചുറി നേടുകയും ചെയ്തു. 16-ാം ഓവറിൽ വിജയറൺ നേടാൻ ശ്രമിക്കേ മിച്ചൽ മാർഷിനെ ക്രിസ് ഗെയ്ൽ പുറത്താക്കി. 32 പന്തുകളിൽ നിന്ന് രണ്ട് സിക്സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 53 റൺസെടുത്ത മാർഷ് ജേസൺ ഹോൾഡർക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
തൊട്ടടുത്ത ഓവറിൽ ഡേവിഡ് വാർണർ ടീമിനുവേണ്ടി വിജയറൺ നേടി. 22 പന്തുകൾ ബാക്കിനിൽക്കെയാണ് ടീമിന്റെ വിജയം. 56 പന്തുകളിൽ നിന്ന് 89 റൺസെടുത്ത വാർണർ ഒൻപ്ത ഫോറുകളും നാല് സിക്സുകളും പറത്തി. വിൻഡീസിനുവേണ്ടി ഹൊസെയ്നും ഗെയ്ലും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. 44 റൺസടിച്ച നായകൻ കീറോൺ പൊള്ളാർഡാണ് വിൻഡീസിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.
ക്രിസ് ഗെയ്ൽ (15), നിക്കോളാസ് പുരാൻ (4), റോസ്റ്റ്ൺ ചേസ് (0) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിൽ തന്നെ വിൻഡീസിന് നഷ്ടമായി. 35 റൺസ് മാത്രമാണ് അപ്പോൾ സ്‌കോർബോർഡിലുണ്ടായിരുന്നത്. പിന്നാലെ ഒത്തുചേർന്ന എവിൻ ലൂയിസ് (29), ഷിംറോൺ ഹെറ്റ്മയേർ (27) സഖ്യമാണ് വിൻഡീസിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും രണ്ട് ഓവറുകൾക്കിടെ വീണപ്പോൽ വീൻഡീസ് അഞ്ച് 91 എന്ന നിലയിലായി.
പൊള്ളാർഡ്-ഡ്വെയ്ൻ ബ്രാവോ സഖ്യം ടീം സ്‌കോർ 100 കടത്തി. 15.1 ഓവറിലാണ് വിൻഡീസ് 100 റൺസിലെത്തിയത്. ബ്രാവോയും പൊള്ളാർഡും ആക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ ടീം സ്‌കോർ പതിയെ ഉയർന്നു. എന്നാൽ സ്‌കോർ 126-ൽ നിൽക്കേ 10 റൺസെടുത്ത ബ്രാവോയെ മടക്കി ഹെയ്സൽവുഡ് വീണ്ടും വിൻഡീസിനെ തകർച്ചയിലേക്ക് തള്ളിയിട്ടു. ബ്രാവോയുടെ ഷോട്ട് ഡേവിഡ് വാർണർ കൈയിലൊതുക്കി. ബ്രാവോയുടെ വിരമിക്കൽ മത്സരം കൂടിയായിരുന്നു ഇത്. അവസാന ഇന്നിങ്സിൽ 12 പന്തുകളിൽ നിന്ന് 10 റൺസെടുത്ത് ബ്രാവോ മടങ്ങി. ടീം അംഗങ്ങളെല്ലാവരും ബ്രാവോയ്ക്ക് ആശംസകൾ നേർന്നു.
അവസാന ഓവറിൽ മിച്ചൽ സ്റ്റാർക്കിനെതിരെ രണ്ട് സിക്സ് നേടിയ ആന്ദ്രേ റസ്സൽ (18) സ്‌കോർ 150 കടത്തി. ജേസൺ ഹോൾഡർ റസ്സലിനൊപ്പം പുറത്താവാതെ നിന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹെയ്സൽവുഡ് നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ആദം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
വിരമിക്കൽ മത്സരത്തിന് ഇറങ്ങിയ ക്രിസ് ഗെയ്‌ലിനും ഡെയ്ൻ ബ്രാവോയ്ക്കും മത്സര ശേഷം ഓസ്‌ട്രേലിയൻ താരങ്ങൾ മൈതാനത്ത് യാത്രയയപ്പു നൽകി. ബ്രാവോയ്ക്ക് ഒപ്പം വാർണർ ചുവടുകൾ വച്ചതോടെ സ്‌റ്റേഡിയം കൈയടിച്ച് ഒപ്പം ചേർന്നു.
സ്പോർട്സ് ഡെസ്ക്