മെൽബൺ: ഓസ്‌ട്രേലിയയിൽ വർക്കിങ്ങ് ഹോളീഡേ വിസയിൽ പ്രഖ്യാപിച്ച മാറ്റങ്ങൾ പ്രബല്ല്യത്തിൽ വന്നു. രണ്ടാം തവണയും ഓസ്‌ട്രേലിയയിൽ തങ്ങുന്നതിന് അപേക്ഷിക്കുന്നവർക്കാണ് പുതിയ മാറ്റങ്ങൾ ബാധകമാവുക.

  ഓസ്‌ട്രേലിയയിൽ തങ്ങുന്നതിനും ഹ്രസ്വകാല ജോലിയിലൂടെ പണം സമ്പാദിക്കുന്നതിനും 18 നും 20നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർക്ക് അവസരം നൽകിക്കൊണ്ടുള്ളതാണ് വർക്കിങ്ങ് ഹോളീഡേ മേക്കർ വിസാ പ്രോഗ്രാം.  എന്നാൽ ഇത്തരത്തിൽ വരുന്നവർക്ക് തൊഴിൽ ദാതാക്കൾ നിയമപ്രകാരമുള്ള വേതനം നൽകുന്നില്ലെന്നും വിസ ഉടമകളിൽ ചിലർ വ്യാജജോലികൾ ചെയ്യുന്നതായും ശ്രദ്ധയിൽ പെട്ടതോടെയാണ് വിസയിൽ മാറ്റങ്ങൾ വരുത്താൻ ഗവൺമെന്റ് നിർബന്ധിതരായത്.

 രണ്ട് തരത്തിലുള്ള ഹോളീഡേ വിസയാണ് നിലവിലുള്ളത്. സബ് ക്ലാസ് 417, സബ്ക്ലാസ് 462 എന്നിവ 12  മാസം വരെ ഓസ്‌ട്രേലിയയിൽ തങ്ങുന്നതിനും ജോലി ചെയ്യുന്നതിനും  അനുമതി നൽകുന്നു. പൊതുവെ ഒരു തവണമാത്രമാണ് വർക്കിങ് ഹോളിഡേ വിസ ലഭിക്കുക. എന്നാൽ വിസ ഉടമ ഓസ്‌ട്രേലിയയുടെ ഗ്രാമപ്രദേശങ്ങിൽ നിർദേശിക്കപ്പെട്ട ജോലികൾ 88 ദിവസം ചെയ്യുകയാണെങ്കിൽ  അവർക്ക് രണ്ടാമതും വിസക്ക് അപേക്ഷിക്കാം. ഇവിടെയാണ് തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

രണ്ടാമത്തെ വിസ മൂലം നഗരത്തിൽ നിന്ന് മാറി ഓസ്‌ട്രേലിയയുടെ മറ്റ് ഭാഗങ്ങളിൽ പരിചയം നേടുന്നതിന് സഹായിക്കുന്നവെന്നാണ് പൊതുവെ അധികൃതർ കരുതുന്നത്. ജോലിക്കാരെ ആവശ്യമുള്ള ബിസിനസുകൾക്ക് തൊഴിൽ ശക്തി നൽകാനും ഇത് വഴി സാധിക്കുന്നവെന്ന് ഇമിഗ്രേഷൻ &ബോർഡർ പ്രൊട്ടക്ഷൻ വകുപ്പ് അവകാശപ്പെടുന്നത്.

സന്നദ്ധ പ്രവർത്തികൾ 88 ദിവസത്തെ ജോലിയിൽ കണക്കാക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്. വില്ലിങ് വർക്കേഴ്‌സ് പോലുള്ള സന്നദ്ധ തൊഴിൽ സംഘങ്ങളുണ്ട്. ഓർഗാനിക് ഫാമിങ് പോലുള്ളവയ്ക്ക് പ്രോത്സാഹനം നൽകുന്നവരാണിവർ. ഇത്തരം സംഘങ്ങളിൽ താത്പര്യമുണ്ടെങ്കിൽ ജോലി ചെയ്യാവന്നതാണ് എന്നാൽ ഇത് 88 ദിവസത്തെ ജോലിയെന്നതിന് പരിഗണക്കില്ല. ഓഗസ്റ്റ് 31ന് ശേഷമാണ് ഇത്തരം സന്നദ്ധ പ്രവർത്തനത്തിൽ പങ്കെടുത്തിരിക്കുന്നത് എങ്കിലാണ് അതിനെ പരിഗണിക്കാതെ പോകുക.

പുതിയ ചട്ടം വന്നതോടെ ഇനി നിർദിഷ്ട ജോലികൾ ചെയ്യുന്നവർ പേസ്ലിപ് കാണിക്കേണ്ടി വരും. ഓരോ ദിവസത്തെ ജോലിയുടെയും പേ സ്ലിപ് അപേക്ഷയ്‌ക്കൊപ്പം സാക്ഷ്യപ്പെടുത്തണം. ഓൺലൈൻ അപേക്ഷയാണെങ്കിൽ പേ സ്ലിപിന്റെ ഇലക്ട്രോണിക് കോപികൾ അപേക്ഷയ്‌ക്കൊപ്പം അറ്റാച്ച് ചെയ്താൽ മതി. അതല്ല അപേക്ഷ നേരിട്ടാണ് നൽകുന്നതെങ്കിൽ പേ സ്ലിപ് അസൽ പകർപ്പ് തന്നെ ഇതിനോടൊപ്പം നൽകണം.