- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടൻ കലാരൂപങ്ങളും, സംഗീത പരിപാടികളും ആഘോഷങ്ങൾക്ക് മിഴിവേകി; പെന്റിത്ത് മലയാളികളുടെ ഓണം കൂട്ടായ്മയുടെ സംഗമവേദിയായി
പെന്റിത്ത്:അനിശ്ചിതത്തിന്റെയും ആശങ്കയുടെയും മഹാമാരിയുടെയും രണ്ടു വർഷക്കാലം കടന്ന് പെന്റിത്തിലെ മലയാളി സമൂഹം ആശ്വാസത്തിന്റെയും കൂട്ടായ്മയുടെയും ഓണം ആഘോഷിച്ചു. ഓഗസ്റ്റ് 27ന് കിങ്‌സ് വുഡ് ഹൈസ്‌കൂളിൽ നടന്ന ഓണാഘാഷപരിപാടികൾ വർണ്ണാഭമായി. പെന്റിത്ത് മേയർ ട്രിസ്യാ ഹിച്ചൻ, െഡപ്യൂട്ടി മേയർ ജോൺ ടെയിൻ, മുൻ മന്ത്രിയും നിലവിൽ പാർലമെന്റ് അംഗവുമായ സ്റ്റുവർട്ട് ഐയിറിസ് എന്നിവർ മുഖ്യാതിഥികളായി.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിൽ പ്രദേശികമായി നടക്കുന്ന സാംസ്‌കാരിക പരിപാടികൾ മുഖ്യപങ്കുവഹിക്കുന്നതായി മേയർ പറഞ്ഞു. ക്ലാസിക്കൽ നൃത്തനൃത്യങ്ങളും, നാടൻ കലാരൂപങ്ങളും, സംഗീത പരിപാടികളും എല്ലാം ചേർന്ന് ആഘോഷത്തിനു മിഴിവേകി. ഓസ്‌ട്രേലിയയിലെ ശ്രദ്ധേയനായ മലയാളി ഗായകൻ ജമിനി തരകൻ തന്റെ മനോഹരമായ ആലാപനത്തിലൂടെ സദസിനെ ആവേശം കൊള്ളിച്ചു.
ചെണ്ടമേളത്തിന്റെയും തിരുവാതിര സംഘത്തിന്റെയും അകമ്പടിയോടെ എത്തിച്ചേർന്ന മാവേലി തമ്പുരാൻ ഇനിയും തിരിച്ചു വരാത്ത ഒരു കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കായി. പരമ്പരാഗത ആചാര തനിമയോടെ തയാറാക്കിയ സദ്യ എല്ലാവരും ചേർന്ന് ആസ്വദിച്ചു. സാംസ്‌കാരിക പരിപാടിയിൽ പെന്റിത്ത് മലയാളി കൂട്ടായ്മയുടെ പബ്ലിക് ഓഫീസർ ഡോ. അവനീഷ് പണിക്കർ സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സതീഷ് കുമാർ നന്ദിയും പറഞ്ഞു.
തോമസ് ജോൺ (പ്രസിഡന്റ്), ഹരിലാൽ വാമദേവൻ (വൈസ് പ്രസിഡന്റ്), കിരൺ സജീവ് (സെക്രട്ടറി), ഡോ. ജോമോൻ കുര്യൻ (ട്രഷറർ), മനോജ് കുര്യൻ (അസിസ്റ്റന്റ് ട്രഷറർ), ജോജോ ഫ്രാൻസിസ്, രാജേഷ് എറാട്ട് (കമ്മറ്റി അംഗങ്ങൾ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.