- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് പരിചയപ്പെട്ട ഉത്തരവാദിത്വമുള്ള ഒരു വ്യക്തിത്വം; അരുൺ വർഗീസ് എഴുതുന്ന ഒരോർമ്മക്കുറിപ്പ്
ഫ്‌ലൈ വേൾഡ് ടൂർസ് ആൻഡ് ട്രാവൽസ് ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ കമ്പനിയാണ്, 2018 മുതൽ ഞാൻ ഈ കമ്പനിയിൽ ജോലി ചെയ്യുന്നു, ഓസ്‌ട്രേലിയക്കും ഇന്ത്യയ്ക്കുമിടയിൽ യാത്ര ചെയ്യുന്നവർക്കുള്ള, പ്രധാനമായും മലയാളികളുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്ന 2012 ൽ സ്ഥാപിതമായ IATA അക്രഡിറ്റേഷനുള്ള ട്രാവൽ ഏജന്റാണ് ഫ്‌ളൈവേൾഡ്. കോവിഡ്- 19 ആരംഭിച്ചശേഷം 2020 മാർച്ച് 20 ന് ഓസ്‌ട്രേലിയയിൽ നിന്നുള്ള അവസാന ഫ്‌ളൈറ്റ് കൊച്ചിയിൽ ലാൻഡ് ചെയ്യുമ്പോൾ നെഞ്ചിൽ ഇടിത്തീയായിരുന്നു, ഇനി എന്തു ചെയ്യും, ഇത് എന്നു തീരും, പ്രധാന എയർലൈൻ ഒഫീഷ്യൽസിനു പോലും ഇതെപ്പറ്റി ഒരു നിശ്ചയവുമില്ല.
ഓസ്‌ട്രേലിയയിൽ നിന്ന് നാട്ടിൽ തിരിച്ചെത്താൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന അനേകം പേരുടെ ഫോൺ കോളുകൾ ദിവസേന അധികമായി വരുന്നു. എന്തെങ്കിലും ചെയ്‌തേ പറ്റൂ, എന്നാൽ ഒരു റൂട്ടിലും ഒരു ഫ്‌ളൈറ്റും പറക്കുന്നില്ല. ആ സമയത്ത് പല രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുവാൻ ചാർട്ടർ ഫ്‌ളൈറ്റുകൾ അനുവദിക്കുന്നതായി അറിഞ്ഞു, എന്നാൽ പലതും സിഡ്‌നി -ഡൽഹി പോലുള്ള പ്രധാന നഗരങ്ങൾ മാത്രം ബന്ധിപ്പിക്കുന്നതായിരുന്നു, ഡൽഹിയിൽ എത്തിപ്പെട്ടാലും അവിടെ നിന്ന് കൊച്ചിയിൽ എത്താൻ കഴിയില്ല.
ഓസ്‌ട്രേലിയയിൽ നിന്ന് കൊച്ചിക്ക് ഒരു ചാർട്ടർ ഫ്‌ളൈറ്റ്, അതു മാത്രമാണ് പോംവഴി. ഫ്‌ളൈ വേൾഡിലേക്ക് അനേകം പേരുടെ റിക്വസ്റ്റുകൾ വരുന്നു, കൊച്ചിയിലേക്ക് ഒരു ഫ്‌ളൈറ്റ് ഇടാമോ എന്ന്. 2020 ജൂൺ മാസത്തിൽ ഞങ്ങൾ സിംഗപ്പൂർ എയർലൈനുമായി സംസാരിച്ചു, അവർ ഫ്‌ളൈറ്റ് തരാൻ തയ്യാറായി, എന്നാൽ ഇന്ത്യയിലെ ഒരു എയർപോർട്ടിൽ ഒരു ഫ്‌ളൈറ്റ് , കോവിഡ് സമയത്ത് ലാൻഡ് ചെയ്യണമെങ്കിൽ അനേകം കടമ്പകളുണ്ട്, കേന്ദ്ര സർക്കാർ, നോർക്ക , ഏവിയേഷൻ മിനിസ്ട്രി, കേരള സർക്കാർ, ഇവരുടെയെല്ലാം പല ഡിപ്പാർട്ടുമെന്റുകളുടെ അപ്രൂവൽ വേണം, ഇതൊന്നും അത്ര എളുപ്പമല്ല. സർക്കാർ തലത്തിൽ പലരേയും കോൺടാക്ട് ചെയ്തു നോക്കി, നിരാശയായിരുന്നു ഫലം.
എന്നാൽ ഫ്‌ളൈവേൾഡ് CEO റോണി ജോസഫ് ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു, അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഡൽഹിയിൽ ശ്രീ കൊടിക്കുന്നിൽ സുരേഷ് എം പി.യുടെ ഓഫീസുമായി ബന്ധപ്പെട്ടു, അദ്ദേഹത്തിന്റെ പി. എ . ഹരിയുമായി സംസാരിച്ചു, പിന്നെ എല്ലാം ശരവേഗത്തിലായിരുന്നു, ഏതാനും ദിവസങ്ങൾക്കുള്ളിൽ ആദ്യമായി ഡൽഹിയിൽ നിന്നും വേണ്ടതായ പേപ്പറുകളെല്ലാം ശരിയായി, നാല് ദിവസം കഴിഞ്ഞ് ശ്രീ കൊടിക്കുന്നിൽ സാർ നേരിട്ട് വിളിച്ച് പുരോഗതി അന്വേഷിച്ചു. ഞങ്ങൾ സിംഗപ്പൂർ എയർലൈനുമായി ആലോചിച്ച് 2020 ജൂലൈ 25 ന് പെർത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള ചരിത്രത്തിൽ ആദ്യത്തെ ചാർട്ടർ ഫ്‌ളൈറ്റ് ഷെഡ്യൂൾ ചെയ്തു.
വീണ്ടും ലഭിക്കേണ്ട ഫൈനൽ അപ്രൂവൽസ് ലഭിക്കാനായും ശ്രീ കൊടിക്കുന്നിൽ സാർ മുൻ കൈ എടുത്തു. ആദ്യത്തെ ഫ്‌ളൈറ്റിൽ പ്രായമായവർക്കും, രോഗികൾക്കും, ഗർഭിണികൾക്കും, കുട്ടികൾക്കും, വിദ്യാർത്ഥികൾക്കുമാണ് മുൻഗണന കൊടുത്തത്. അർഹതപ്പെട്ടവർക്ക് ടിക്കറ്റുകൾ സൗജന്യമായി നൽകി. കോളേജുകൾ അടച്ച് പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് സൗജന്യ കൗൺസിലിംങ്ങ് പ്രമുഖ മൈഗ്രേഷൻ സോളിസിറ്റർ താരാ നമ്പൂതിരിയുടെ (ഫ്‌ളൈ വേൾഡ് മൈഗ്രേഷൻ സർവീസസ് ) നേതൃത്വത്തിൽ നടത്തി. പെർത്തിൽ നിന്ന് ഈ ഫ്‌ളൈറ്റ് സാധ്യമാക്കുവാനായി അഹോരാത്രം പ്രവർത്തിച്ചതിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ റോബർട്ട് കുര്യാക്കോസ്, ഫ്‌ളൈ വേൾഡ് ചീഫ് ഓപ്പറേറ്റിംങ്ങ് ഓഫീസർ ശ്രീ പ്രിൻസ് ജേക്കബ് അങ്ങനെ അനേകം പേരുടെ കൂട്ടായ പ്രയത്‌നത്തിൽ ഏറെക്കുറെ അസാധ്യമായിരുന്നത് സാധ്യമാക്കി, പിന്നെ തുടർച്ചയായി പതിനൊന്നോളം ചാർട്ടർ ഫ്‌ളൈറ്റുകൾ മാസത്തിലൊന്നു വീതം ഓസ്‌ടേലിയയുടെ വിവിധ എയർപോർട്ടുകളിൽ നിന്ന് കൊച്ചിയിലേക്ക് ഫ്‌ളൈ വേൾഡിന്റെ നേതൃത്വത്തിൽ പറന്നു.
ഇതിനെല്ലാം പ്രചോദനമായത് ശ്രീ കൊടിക്കുന്നിൽ സാറിന്റെ ഇടപെടൽ തന്നെയായിരുന്നു എന്ന് നിസംശയം പറയാം, അന്ന് അദ്ദേഹം ഇടപെട്ടില്ലായിരുന്നെങ്കിൽ ഈ പ്രൊജക്ട് ഞങ്ങൾക്ക് അന്നേ ഉപേക്ഷിക്കേണ്ടി വന്നേനെ, ലോകത്തിലുള്ള സകല ട്രാവൽ ഏജന്റുകളും പണിയില്ലാതിരുന്ന കോവിഡ് കാലത്ത് ഫ്‌ളൈവേൾഡിൽ ഞങ്ങൾ രാപ്പകലില്ലാതെ ഊണും ഉറക്കവും വെടിഞ്ഞ് പണിയെടുക്കുകയായിരുന്നു. അതൊരു കാലം, ആവശ്യം സൃഷ്ടിയുടെ മാതാവെന്നു പറയുന്ന പോലെ, ഒരു അവശ്യ ഘട്ടത്തിൽ സഹായിക്കാനായി വന്ന ശ്രീ കൊടിക്കുന്നിൽ സാർ താങ്കൾ വീണ്ടും മാവേലിക്കരയിൽ നിന്നും വിജയിക്കണം, എല്ലാ ഭാവുകങ്ങളും.