ശൈത്യത്തിന്റെ പിടിയിലമർന്നിരിക്കുകയാണ് ഓസ്ട്രേലിയൻ ജനത. മിക്ക പ്രദേശങ്ങളും താപനില പൂജ്യത്തിന് താഴെ എത്തി നിൽക്കുകയാണ്. വരും ദിവസങ്ങളിൽ താപനില മൈനസ് നാല് ഡിഗ്രിയിലേക്ക് താഴുമെന്ന് കലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.ടാസ്മാനിയ, വിക്ടോറിയ, ഓസ്ട്രേലിയൻ കാപ്പിറ്റൽ ടെറിറ്ററി, സൗത്ത് ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ അതിശൈത്യം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കാപ്പിറ്റൽ ടെറിറ്ററിയിൽ മൈനസ് രണ്ടാണ് ഇപ്പോഴത്തെ താപനില. ഇത് മൈനസ് നാലിലേക്ക് താഴാമെന്നാണ് മുന്നറിയിപ്പ്.ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് പ്രകാരം ഈ ആഴ്ച വിക്ടോറിയയിലും ന്യൂ സൗത്ത് വെയിൽസിലുമായി മഞ്ഞ് വീഴ്‌ച്ചയുടെ തോത് 500 ൽ നിന്ന് 700 ആയി ഉയരും. ടാസ്മാനിയയിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷ.

ന്യൂ സൗത്ത് വെയിൽസിലേക്ക് തണുത്ത കാറ്റ് നീങ്ങിയിരിക്കുന്നതിനാൽ സെൻട്രൽ ടേബിൾ ലാൻഡുകളിൽ ശക്തമായ മഞ്ഞുവീഴ്‌ച്ചയ്ക്കും വടക്കൻ ടേബിൾ ലാൻഡുകളിൽ അതിശൈത്യ കാറ്റിനും സാധ്യതയുണ്ടെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ കാലാവസ്ഥാ നിരീക്ഷകൻ മിറിയം ബ്രാഡ്ബറി പറയുന്നു.

ഓസ്‌ട്രേലിയയുടെ മിക്ക ഭാഗങ്ങളിലും ശരാശരിയിലും താഴെയാണ് താപനില. ബുധനാഴ്‌ച്ചയോടെ മിക്ക സംസ്ഥാനങ്ങളിലും താപനില മൈനസ് നാല് ഡിഗ്രിയിലേക്ക് താഴ്ന്നേക്കും. കാൻബെറയിലും മൈനസ് ഡിഗ്രിയിലേക്ക് താപനില നീങ്ങുമെന്നാണ് പ്രവചനം. സിഡ്‌നി, അഡ്‌ലെയ്ഡ്, ബ്രിസ്‌ബേൻ, മെൽബൺ എന്നിവിടങ്ങളിൽ 10 നും അഞ്ചിനും ഇടയിൽ കുറഞ്ഞ താപനില രേഖപ്പെടുത്തിയേക്കും

2016 ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള ശൈത്യകാലമാണ് മെൽബണിൽ അനുഭവപ്പെട്ടത്. മെൽബണിൽ ഈ മാസം തന്നെ 12 ദിവസങ്ങളിൽ താപനില പൂജ്യത്തിന് താഴെയായിരുന്നു. അഞ്ചു ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ ശരാശരി താപനില. ക്വീൻസ് ലാൻഡ്, വെസ്റ്റേൺ ഓസ്‌ട്രേലിയ തുടങ്ങിയ സാധാരണ ചൂടുള്ള സംസ്ഥാനങ്ങൾ പോലും കഴിഞ്ഞ കുറച്ച് മാസങ്ങളായി മഞ്ഞുവീഴ്‌ച്ച ശക്തമാണ്.

ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ട് അനുസരിച്ച് സെപ്റ്റംബർ പാതി വരെ ശൈത്യം തുടർന്നേക്കാം.സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള ഏറ്റവും കുറഞ്ഞ താപനില ഓസ്‌ട്രേലിയയിലുടനീളം ശരാശരിക്ക് മുകളിലായിരിക്കുമെന്നും ഓസ്‌ട്രേലിയയുടെ വടക്കൻ മേഖലകളിലും തെക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലും അത് 80 ശതമാനത്തിലധികമായേക്കുമെന്നും ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകുന്നു.