മെൽബൺ : ആസ്ട്രേലിയൻ മലയാളികൾക്ക് പരിഹാരം ഇല്ലാതിരുന്ന രണ്ട് വലിയ പ്രശ്‌നങ്ങൾക്ക് പരിഹാരവുമായി ഫാമിലി കണക്ട് പദ്ധതി. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ട്രേലിയ ഘടകം ആലുവ ആസ്ഥാനമായ രാജഗിരി ആശുപത്രി ഗ്രൂപ്പുമായി ചേർന്ന് രൂപം കൊടുത്ത ഫാമിലി കണക്ട് പദ്ധതി നിലവിൽ വന്നു.

ആരോഗ്യ മേഖലയിൽ ലോക നിലവാരത്തിൽ മുന്നിലുള്ള ആസ്ട്രേലിയയിൽ വിദഗ്ധ ഡോക്ടർമാരുടെ അപ്പോയ്ന്റ്‌മെന്റ്കൾക്ക് പലപ്പോഴും വലിയ കാലതാമസം നേരിടാറുണ്ട്. അതുപോലെ തന്നെ തങ്ങളുടെ മെഡിക്കൽ റിപ്പോർട്ട്കൾ വിദഗ്ദരുമായി ചർച്ചചെയ്യാനോ അഭിപ്രായം ശേഖരിക്കാനോ ഉള്ള കാല താമസം പലപ്പോഴും ആളുകൾക്ക് വലിയ മാനസിക സമ്മർദം ഉണ്ടാക്കാറുണ്ട്. ഈ വലിയ പ്രശ്‌നത്തിനു ഒറ്റയടിക്ക് ആസ്ട്രേലിയൻ മലയാളിക്ക് പരിഹാരം ലഭിക്കുന്നതാണ്.

കൂടാതെ ഈ പദ്ധതിക്കായി ഒരുക്കിയിരിക്കുന്ന വെബ്സൈറ്റിലൂടെ ഡിസ്‌ക്‌ളൈമർ പോളിസി അംഗീകരിച്ചുകൊണ്ട് അയക്കുന്ന ചികിത്സാ സംശയങ്ങൾക്ക് 48 മണിക്കൂറിനുള്ളിൽ മറുപടി ഉറപ്പു വരുത്തുന്നുണ്ട്. അൻപതോളം സ്‌പെഷ്യാലിറ്റി ഡിപ്പാർട്‌മെന്റുകളുടെ സേവനം ഇതിൽ ഉറപ്പ് വരുത്തിയിട്ടുണ്ടന്നു രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ & സിഇഒ ഫാ ജോൺസൻ വാഴപ്പിള്ളി CMI പറഞ്ഞു.

ആസ്ട്രേലിയൻ പ്രവാസി മലയാളിയുടെ മാതാപിതാക്കൾക്കായി ഒരുക്കുന്ന സേവനങ്ങൾ ആണ് മറ്റൊരു പ്രത്യേകത. നാട്ടിൽ ചെല്ലാതെ തന്നെ മുഴുവൻ കാര്യങ്ങളും ആസ്ട്രേലിയയിൽ നിന്ന് കൊണ്ട് ഏകോപിപ്പിക്കുന്നതിന് ഈ പദ്ധതി കൊണ്ട് മക്കൾക്ക് സാധ്യമാകും. മാതാ പിതാക്കളുടെയോ രക്തബന്ധുക്കളുടെയോ പ്രശ്‌നങ്ങൾ ഇവരുമായി ഹോട് ലൈനിൽ നേരിട്ട് പങ്ക് വക്കാം. ആശുപത്രിയിൽ എത്തുന്ന നിമിഷം മുതൽ ഒരാൾ സഹായത്തിനുകൂടെ ഉണ്ടാവും.

ഫാമിലി കണക്ട് പദ്ധതിയിൽ പങ്കാളിയാകുവാനുള്ള അവസരം ആസ്ട്രേലിയയിലെ മലയാളി സംഘടകൾക്കുമുണ്ട്. അതിനായി 0401291829 എന്ന നമ്പറിൽ പദ്ധതിയുടെ ദേശീയ കോർഡിനേറ്റർ ബിനോയ് തോമസുമായി സംസാരിക്കാവുന്നതാണ്. അത്‌പോലെ തന്നെ പദ്ധതി സംബന്ധിച്ച് ആസ്ട്രേലിയൻ മലയാളികൾക്കും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അന്തർ ദേശീയ ചികിത്സ നിലവാരത്തിനുള്ള JCI അംഗീകാരം ഉള്ളതുകൊണ്ടാണ് പദ്ധതിക്ക് രാജഗിരിയെ തിരഞ്ഞെടുത്തതെന്നു മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് പറഞ്ഞു.

പദ്ധതിയുടെ ദേശീയ തല ഉത്ഘാടനം ആസ്ട്രേലിയയിലെ ക്യുൻസ്ലാൻഡിൽ സ്പീക്കർ കാർട്ടിസ് പിറ്റ് പാർലമെന്റിൽ വച്ച് ലോഗോ പ്രകാശനം ചെയ്ത്‌കൊണ്ട് നിർവ്വഹിച്ചു. ഇതൊടനുബന്ധിച്ച് പാർലമന്റിൽ നടന്ന വിവിധ ചടങ്ങുകളിൽ ഗതാഗത വകുപ്പ് മന്ത്രി മാർക്ക് ക്രെയിഗ് ആരോഗ്യ വകുപ്പ് ഉപ മന്ത്രി വൈവേറ്റ് ഡിആത്, ജെയിംസ് മാർട്ടിൻ എം പി എന്നിവർ നേതൃത്വം കൊടുത്തു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ഡയറക്ടറുമായ റോബർട്ട് കുര്യാക്കോസ്, ഫാമിലി കണക്ട് അന്തർദേശീയ കോർഡിനേറ്റർ ബിനോയ് തോമസ്, ലേബർ പാർട്ടി നേതാവും മലയാളി സാമൂഹിക പ്രവർത്തകനുമായ ഷാജി തെക്കിനെത്ത്, മുതിർന്ന ടൂറിസം വ്യവസായി വി ടി ആന്റണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.