കൊച്ചി: ഓസ്‌ട്രേലിയൻ സർക്കാർ ഏജൻസിയായ ദി ഓസ്‌ട്രേിയൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ സംഘടിപ്പിച്ച സ്റ്റഡി ഓസ്‌ട്രേലിയ റോഡ് ഷോയിൽ വിദ്യാർത്ഥികളും മാതാപിതാക്കളും വിദ്യാഭ്യാസ രംഗത്തെ മുൻനിരക്കാരും അടക്കമുള്ളവർ പങ്കെടുത്തു.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആഗോള തൊഴിൽ അവസരങ്ങൾ രൂപപ്പെടുത്താൻ ഓസ്‌ട്രേലിയൻ സർക്കാർ ഒരുക്കുന്ന നീക്കങ്ങൾ ഇവിടെ ഉയർത്തിക്കാട്ടി. വിദ്യാർത്ഥികൾ, മാതാപിതാക്കൾ, വിദ്യാഭ്യാസ രംഗത്തെ മുൻനിരക്കാർ തുടങ്ങിയവർക്ക് 26-ൽ ഏറെ ഓസ്‌ട്രേലിയൻ സർവകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള അവസരമാണ് ഈ പരിപാടിയിലൂടെ ലഭിച്ചത്.

സെപ്റ്റംബർ 22 വരെ കൊച്ചിക്ക് പുറമേ ബെംഗലൂരു, ചെന്നൈ, ഹൈദരാബാദ്, പൂണെ, ജയ്പൂർ തുടങ്ങിയ അഞ്ച് ഇന്ത്യൻ നഗരങ്ങളിലും സ്റ്റഡി ഓസ്‌ട്രേലിയ റോഡ് ഷോ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് ഓസ്‌ട്രേലിയയുടെ മികവു മനസിലാക്കാനുള്ള അവസരവും വിദ്യാർത്ഥികൾ, മാതാപിതാക്കൾ, വിദ്യാഭ്യാസ കൗൺസിലർമാർ, സ്ഥാപന മേധാവികൾ തുടങ്ങിയവർക്ക് ഇടപഴകാനുള്ള സൗകര്യങ്ങളും ഈ പരിപാടിയിൽ ലഭ്യമാക്കിയിരുന്നു.

തെരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന കോഴ്‌സ് തങ്ങൾക്ക് ഏറ്റവും അനുയോജ്യമായതാണോ എന്നു തീരുമാനിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന കരിയർ മാച്ചർ സ്‌ക്രീനും വേദിയിലുണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ താൽപര്യവും കോഴ്‌സിലൂടെ ലഭിക്കുന്ന സൗകര്യങ്ങളും പരസ്പരം വിലയിരുത്താനും ഇതു സഹായിച്ചു. പല വിദ്യാർത്ഥികളും ഇതിന്റെ അടിസ്ഥാനത്തിൽ പങ്കെടുക്കുന്ന സർവകലാശാലകളെ സമീപിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയയിൽ പഠിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച തീരുമാനമാണ് തങ്ങൾ കൈക്കൊള്ളുന്നതെന്ന് ഉറപ്പാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന വിധത്തിലാണ് തങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളുമായി അടുത്ത് ഇടപഴകിയതെന്ന് ഓസ്‌ട്രേലിയൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ (ഓസ്‌ട്രേഡ്) ഡിജിറ്റൽ എജ്യൂക്കേഷൻ ഹബ് ഡയക്ടർ-ഇന്ത്യ വിക് സിങ് പറഞ്ഞു. ഏറ്റവും പുതിയതും ആശ്രയിക്കാവുന്നതും വിദ്യാർത്ഥികൾ, മാതാപിതാക്കൾ, വിദ്യാഭ്യാസ കൗൺസിലർമാർ, സ്ഥാപന മേധാവികൾ തുടങ്ങിയവരെ സംബന്ധിച്ച് ഏറ്റവും പ്രസക്തവുമായ വിവരങ്ങളാണ് സ്റ്റഡി ഓസ്‌ട്രേലിയ റോഡ്‌ഷോ നൽകുന്നത്. ലോകോത്തര നിലവാരത്തിലെ വിദ്യാഭ്യാസം, ശക്തമായ തൊഴിൽ സാധ്യതകൾ, അതുല്യമായ ജീവിത ശൈലി തുടങ്ങിയവയാണ് ഓസ്‌ട്രേലിയ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റുഡന്റ് വീസ നേടുന്നതിനെ കുറിച്ചും ഗ്രാജുവേറ്റ് റൂട്ടിനെ കുറിച്ചും ഓസ്‌ട്രേലിയൻ വീസയിൽ നിന്നും ഇമിഗ്രേഷൻ ഓഫിസർമാരിൽ നിന്നും കൃത്യമായ വിവരങ്ങൾ റോഡ് ഷോയിലൂടെ നൽകാനായി. സ്‌കോളർഷിപുകൾ, വിദ്യാർത്ഥികളുടെ ജീവിതം, സുരക്ഷ തുടങ്ങിയവയെ കുറിച്ച് ഓസ്‌ട്രേലിയൻ സർക്കാർ പ്രതിനിധികളിൽ നിന്ന് അറിയാനുള്ള അവസരവും ഒരുക്കി.

ലോകോത്തര വിദ്യാഭ്യാസത്തിനും പഠന ശേഷമുള്ള തൊഴിൽ സാധ്യതകൾക്കും ഉന്നത നിലവാരമുള്ള ജീവിതത്തിനും വേണ്ടി ഓസ്‌ട്രേലിയയിലെ പഠനം തെരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഏതാനും വർഷങ്ങളായി വർധിച്ചു വരികയാണ്. അതിർത്തികൾ വീണ്ടും തുറന്നു കൊടുത്ത 2021 ഡിസംബർ മധ്യം മുതൽ 2022 ജൂലൈ 22 വരെ സ്റ്റുഡന്റ് വീസയുമായി 2,60,000 പേരാണ് ഓസ്‌ട്രേലിയയിൽ എത്തിയത്.

ഓസ്‌ട്രേലിയയിൽ പഠിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള അവസരങ്ങളെകുറിച്ച് കൂടുതൽ വിവരങ്ങൾ https://www.studyaustralia.gov.au/india

എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.