മിതമായ ജിപി ക്ലിനിക്കുകളിലെ സമ്മർദ്ദം ഒഴിവാക്കാനായി മരുന്നുകൾ നിർദ്ദേശിക്കാൻ ഫാർമസിസ്റ്റുകൾക്ക് ഉടൻ അനുമതി ലഭിക്കും.ന്യൂ സൗത്ത് വെയിൽസിൽ പരിക്ഷാണിടിസ്ഥാന ത്തിൽ നടപ്പിലാക്കി തുടങ്ങി. ഇവിടെ ഇനി നിരവധി രോഗങ്ങൾക്ക് മരുന്ന് ലഭിക്കാൻ ഡോക്ടറെ കാണേണ്ടതില്ല.

ഫാർമസിസ്റ്റുകൾക്ക് ആന്റി ബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ നിർദ്ദേശിക്കാൻ അധികാരം നൽകുന്ന പദ്ധതിക്കാണ് തുടക്കമായത്.
ന്യൂ സൗത്ത് വെയിൽസിലെ ആരോഗ്യമേഖലയിൽ അടുത്ത കാലത്തുകൊണ്ടുവന്നിട്ടുള്ള ഏറ്റവും പ്രധാന മാറ്റങ്ങളിലൊന്നാണ് ഇത്.

ഈ പദ്ധതി മൂന്നു ഘട്ടങ്ങളിലായാണ് നടപ്പാക്കുക.നവംബർ 14 തിങ്കളാഴ്ച മുതൽ ഫാർമസിസ്റ്റുകൾക്ക് വിവിധ വാക്‌സിനുകൾ സ്വീകരിക്കുന്നതിനുള്ള പ്രിസ്‌ക്രിപ്ഷൻ നൽകാൻ കഴിയും.യാത്രാ വാക്‌സിനുകൾ ഉൾപ്പെടെയാണ് ഇത്.അടുത്ത ഘട്ടമായി, ഫാർമസിസ്റ്റുകൾക്ക് ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ നിരവധി മരുന്നുകൾ കുറിക്കാൻ അനുമതി നൽകും.

വിവിധ ത്വക്ക് രോഗങ്ങൾക്കുള്ള മരുന്നുകൾ, മൂത്രാനാളിയിലെ അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്ക്, ഗർഭനിരോധന മരുന്നുകൾ തുടങ്ങിയവയെല്ലാം നിർദ്ദേശിക്കാനുള്ള അധികാരമാണ് രണ്ടാം ഘട്ടമായി നൽകുന്നത്.

ഒരു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുക. ഇതിനായി ഫാർമസിസ്റ്റുകൾ അധിക പരിശീലനം പൂർത്തിയാക്കേണ്ടിയും വരും.പരിശീലനം പൂർത്തിയാക്കുന്ന ഫാർമസിസ്റ്റുകൾക്ക് 23 രോഗങ്ങൾക്കുള്ള മരുന്ന് നിർദ്ദേശിക്കാൻ അനുവാദം നൽകുന്നതാണ് പദ്ധതിയുടെ മൂന്നാം ഘട്ടം. ഗസ്സ്‌ട്രോഎൻട്രൈറ്റിസ്, അലർജികൾ, ഷിംഗിൾസ്, സൊറിയാസിസ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

20 ഡോളർ മുതൽ 30 ഡോളർ വരെയാകും ഫാർമസിസ്റ്റുകൾക്കുള്ള കൺസൽട്ടേഷൻ ഫീസ് എന്നാണ് റിപ്പോർട്ട്.ഉൾനാടൻ ക്വീൻസ്ലാന്റിൽ നടക്കുന്ന പരീക്ഷണത്തിന്റെ ചുവടുപിടിച്ചാണ് ന്യൂ സൗത്ത് വെയിൽസും ഈ മാറ്റം കൊണ്ടുവരുന്നത്. ബ്രിട്ടനിലും കാനഡയിലും നിലവിൽ തന്നെ ഈ രീതിയുണ്ട്.