പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കിടക വാവ്; ബലിതര്‍പ്പണത്തിന് ഒരുങ്ങി ആലുവാ മണപ്പുറം: വിവിധ ക്ഷേത്രങ്ങളില്‍ വിശ്വാസികളുടെ തിരക്ക്
- Share
- Tweet
- Telegram
- LinkedIniiiii
ആലുവ: ഇന്ന് കര്‍ക്കിടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങള്‍ ഇന്ന് വിവിധ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം നടത്തും. ബലി തര്‍പ്പണം നടത്താന്‍ വിവിധ ക്ഷേത്രങ്ങളില്‍ വിശ്വാസികളുടെ തിരക്ക് തുടങ്ങി. ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലര്‍ച്ചെ 3.30ന് തുടക്കമായി. നാളെ പുലര്‍ച്ചെ 4.20 വരെ ബലിതര്‍പ്പണമുണ്ടാകും. വെള്ളവും ചെളിയും നിറഞ്ഞതിനെ തുടര്‍ന്ന് വിശാലമായ മണപ്പുറത്ത് ബലിതര്‍പ്പണം നടത്താന്‍ സാധിക്കാത്തതിനാല്‍ പാര്‍ക്കിങ് സ്ഥലത്താണ് ഇതിനായി സൗകര്യമൊരുക്കിയിരിക്കുന്നത്. 45 പുരോഹിതര്‍ ശനിയാഴ്ചത്തെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
മഴയേല്‍ക്കാതെ തര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പന്തലുകളും നിര്‍മിച്ചിട്ടുണ്ട്. ഒരേസമയം അഞ്ഞൂറോളം പേര്‍ക്ക് തര്‍പ്പണം നടത്താം. കൂടുതല്‍ ബലിത്തറകള്‍ ആവശ്യമായി വന്നാല്‍ മണപ്പുറം റോഡിലും ജി.സി.ഡി.എ. റോഡിലും ഇതിനായി സൗകര്യമൊരുക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ചെളി നിറഞ്ഞു കിടക്കുന്നതിനാല്‍ മണപ്പുറം ഭാഗത്തേക്കുള്ള സഞ്ചാരം വിലക്കിയിട്ടുണ്ട്.
അപകട സാധ്യത കണക്കിലെടുത്ത് പുഴയോരത്തേക്ക് പോകാനോ മുങ്ങിക്കുളിക്കാനോ അനുമതിയില്ല. മഴ പെയ്താല്‍ പെരിയാറില്‍ ജലനിരപ്പ് ഇനിയും ഉയരുമെന്ന ആശങ്കയുമുണ്ട്. അതിനാല്‍ മണപ്പുറത്തെ ക്ഷേത്രത്തിലേക്ക് വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കില്ല. പകരം ഭജനമഠത്തിനു സമീപമുള്ള മുകളിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കും. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമുതല്‍ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തും. തുടര്‍ന്ന് തിടമ്പ് മുകളിലെ ക്ഷേത്രത്തിലേക്ക് മാറ്റും. പാലസ് റോഡില്‍നിന്ന് മണപ്പുറത്തേക്കുള്ള കാല്‍നടപ്പാലം വഴിയുള്ള സഞ്ചാരത്തിനും നിരോധനമുണ്ട്.
പകരം തോട്ടയ്ക്കാട്ടുകരയില്‍നിന്ന് മണപ്പുറം റോഡിലൂടെ മാത്രമേ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് ക്ഷേത്രത്തിലേക്ക് വരാന്‍ കഴിയൂ. ആലുവ തഹസില്‍ദാര്‍ രമ്യ എസ്. നമ്പൂതിരി, ഡിവൈ.എസ്.പി. ടി.ആര്. രാജേഷ്, തിരുവിതാംകൂര്‍ മണപ്പുറം ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.ആര്. ജ്യോതി എന്നിവര്‍ മണപ്പുറത്തെ ഒരുക്കങ്ങള്‍ വിലയിരുത്തി. പുഴയ്ക്ക് അക്കരെയുള്ള ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണം നടത്താന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ബലിതര്‍പ്പണത്തിനായി എത്തുന്നവരുടെ സുരക്ഷയ്ക്കായി വലിയ സന്നാഹമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. റൂറല്‍ എസ്.പി. ഡോ. വൈഭവ് സക്സേന, ഡിവൈ.എസ്.പി. ടി.ആര്. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കുണ്ടാകും. വെള്ളിയാഴ്ച പോലീസിന്റെ ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവ മണപ്പുറത്ത് പരിശോധന നടത്തി. അഗ്നിരക്ഷാ സേന, മുങ്ങല്‍ വിദഗ്ധര്‍, സ്കൂബാ ടീം, ലൈഫ് ഗാര്‍ഡ് എന്നിവയുടെ സേവനവും ഉണ്ടാകും. ആലുവയിലും പരിസരത്തും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, തൃക്കുന്നപ്പുഴ, തിരുമൂലവരം എന്നിങ്ങനെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമെല്ലാം ഇന്ന് ബലിതര്‍പ്പണം നടക്കും.