മെൽബൺ: വിദേശത്തു നിന്ന് 457 വിസകളിൽ ഓസ്‌ട്രേലിയയിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിന് തൊഴിലുടമകൾ പാലിക്കേണ്ട ചട്ടങ്ങൾ കർശനമാക്കാൻ സർക്കാൻ. 457 ടെമ്പററി വർക്ക് വിസകളിൽ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരുന്ന വിദേശ തൊഴിലാളികളുടെ കാര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾക്കാണ് സർക്കാർ ഒരുങ്ങുന്നത്. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മുമ്പ് ഒഴിവുകൾ നികത്താനായി ഓസ്‌ട്രേലിയക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നു തെളിയിക്കുന്ന രേഖകൾ തൊഴിലുടമക ഹാജരാക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്.

ഓസ്‌ട്രേലിയൻ തൊഴിലാളികൾക്ക് ഇവിടത്തെ തൊഴിൽ വിപണിയിൽ മുൻതൂക്കം ഉറപ്പാക്കാനാണ് പുതിയ നിയമമെന്നും ഓസ്‌ട്രേലിയൻ സ്‌കിൽഡ് വർക്കർമാരെ കിട്ടാത്ത സാഹചര്യത്തിൽ മാത്രം വിദേശത്തു നിന്ന് റിക്രൂട്ട് ചെയ്യേണ്ട ആവശ്യമുള്ളതെന്നുമാണ് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നത്. ചൈനഓസ്‌ട്രേലിയ പുതിയ സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിന്റെ ഭാഗമായാണ് തൊഴിലുടമകൾ പാലിക്കേണ്ട ചട്ടങ്ങൾ കർശനമാക്കുന്നത്.

ഓസ്‌ട്രേലിയൻ സ്‌കിൽഡ് വർക്കർമാർക്ക് മുൻഗണന നൽകുന്നത് സംബന്ധിച്ച പുതിയ ഭേദഗതി എല്ലാ എഗ്രിമെന്റുകൾക്കും ബാധകമാണെന്നും ഇമിഗ്രേഷൻ മിനിസ്റ്റർ പീറ്റർ ഡട്ടൻ അറിയിച്ചു. ChAFTA യുമായി ബന്ധപ്പെട്ട ഇൻവെസ്റ്റ്‌മെന്റ് ഫെസിലിയേഷൻ അറേഞ്ചമെന്റിനും (കഎഅ) ഇത് ബാധകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച നിലവിലുള്ള നയമനുസരിച്ചും ലേബർ മാർക്കറ്റ് ടെസ്റ്റിങ് അത്യാവശ്യമായി പിന്തുടരേണ്ടുന്ന കാര്യമാണെന്നും ഇപ്പോൾ നിലവിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ(ഡിഐബിപി) മാർഗനിർദേശങ്ങളിൽ ഇത് വിശദമായി പരാമർശിച്ചിട്ടുണ്ടെന്നും ഇമിഗ്രേഷൻ മിനിസ്റ്റർ പറയുന്നു.

വർക്ക് എഗ്രിമെന്റിലേർപ്പെടാനൊരുങ്ങുന്ന കമ്പനികൾക്കുള്ള മാർഗനിർദേശങ്ങളിലും ഭേദഗതികൾ വരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 457 വിസകളിൽ ഓസ്‌ട്രേലിയയിലേക്കെത്തുന്നവർക്കുള്ള വിസ ചട്ടങ്ങളിലും ഭേദഗതികൾ വരുത്തും. ഇതു പ്രകാരം ഇവർ കോമൺവെൽത്ത് നിയമം അല്ലെങ്കിൽ ടെറിട്ടറി നിയമം എന്നിവയനുസരിച്ചുള്ള ഏതെങ്കിലും ലൈസൻസുകൾ, രജിസ്‌ട്രേഷനുകൾ, അല്ലെങ്കിൽ മെമ്പർഷിപ്പുകൾ എന്നിവ നേടിയിരിക്കണം. ഇതിന് പുറമെ സെലക്ഷൻ വേളയിൽ തങ്ങളുടെ ലൈസൻസ് അല്ലെങ്കിൽ രജിസ്‌ട്രേഷൻ നിരസിക്കപ്പെടുകയോ, പിടിച്ച് വയ്ക്കപ്പെടുകയോ, തടയപ്പെടുകയോ അല്ലെങ്കിൽ റദ്ദാക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വിസ ഹോൾഡർ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിനെ ബോധിപ്പിക്കുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി.