മെൽബൺ: അടുത്ത കാലത്തായി ശക്തിപ്രാപിച്ചുകൊണ്ടിരുന്ന ഓസ്‌ട്രേലിയൻ ഡോളർ ഒരു ദിവസം കൊണ്ട് കുത്തനെ ഇടിഞ്ഞു. നിർമ്മാണ മേഖലയിലെ മാന്ദ്യം ഡോളർ വില ദുർബലപ്പെടുത്തിയെന്നാണ് വിലയിരുത്തൽ. ഇന്നലെ 76.15 യുഎസ് സെന്റിൽ വ്യാപാരം നടത്തിയ ഓസ്‌ട്രേലിയൻ ഡോളർ ഇന്ന് രാവിലെ 75.24 യുഎസ് സെന്റിലേക്ക് കൂപ്പുകുത്തി. 

ഡോളർ വിലയിടിവ് കമോദിറ്റി പ്രൈസിനെയും താഴ്‌ത്തി. കോപ്പർ വില 3.5 ശതമാനമാണ് ഇടിഞ്ഞത്. വിപണിയിൽ മൊത്തം മാന്ദ്യത്തിനും ഇത് ഇടയാക്കി. വെസ്റ്റ് ടെക്‌സാസ് എണ്ണവിലയിലുണ്ടായ ഇടിവും ഓസ്‌ട്രേലിയൻ ഡോളറിന് തിരിച്ചടിയാകുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡോളറിന് ഏറ്റ ആഘാതത്തിൽ ഞെട്ടിയിരിക്കുയാണ് മാർക്കറ്റ്.

ഓസ്‌ട്രേലിയൻ നിർമ്മാണ മേഖലയിലുണ്ടായിരിക്കുന്ന മാന്ദ്യവും ഡോളറിന് തിരിച്ചടിയാകുമെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ പ്രവചിച്ചിരുന്നു. എന്നാൽ ഒറ്റ രാത്രി കൊണ്ട് കറൻസിക്ക് ഇത്രയേറെ ക്ഷീണം വരുത്തിയത് അപ്രതീക്ഷിതമായിരുന്നു. തുടർച്ചയായ നാലാം മാസവും നിർമ്മാണ മേഖല മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ 13 മാസത്തിൽ ഏറ്റവും കൂടുതൽ മാന്ദ്യം അനുഭവപ്പെട്ട മാസമായിരുന്നു മാർച്ച് മാസം.

നിർമ്മാണ മേഖലയിൽ അനുഭവപ്പെട്ട കടുത്ത മാന്ദ്യം മൂലം റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ രംഗത്തുള്ളവർ. എന്നാൽ ഡോളർ വിലയിലും ക്ഷീണം അനുഭവപ്പെട്ടത് മൊത്തത്തിൽ നിർമ്മാണ മേഖലയിൽ തളർച്ചയ്ക്ക് വീണ്ടും വഴിതെളിക്കുകയായിരുന്നു. നിലവിൽ നിർമ്മാണ മേഖലയിലെ തളർച്ചയും ഓസ്‌ട്രേലിയൻ ഡോളർ വിലയിലുണ്ടായിരിക്കുന്ന ഇടിവും മൂലം അടുത്ത മാസം ചേരുന്ന റിസർവ് ബാങ്ക് മണിട്ടറി യോഗത്തിൽ പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വിപണിയിപ്പോൾ. രണ്ടു ശതമാനം പലിശ നിരക്ക് നിലനിർത്തിക്കൊണ്ടാണ് ഏപ്രിൽ മാസത്തെ ആർബിഎ യോഗം പ്രഖ്യാപനം നടത്തിയത്.