കാൻബറ: കാൻബറ സ്വദേശിയായ ഓസ്‌ട്രേലിയൻ  മലയാളി നിര്യാതനായി ജെറി ജോൺ വരികാലയിൽ ആണ് ഇന്ന് പുലർച്ചെ 2.13 നു നിര്യാതനായത്. 45 വയസായിരുന്നു. സിഡ്‌നി ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആയിരിന്നു മരണം. കോട്ടയം ജില്ലയിൽ മുത്തോലപുരം സ്വദേശിയും മുത്തോലപുരം വരികാലയിൽ പരേതനായ ജോണിന്റെ മകനുമാണ്. ഭാര്യ ലീന തൊടുപുഴ കരിങ്കുന്നം സ്വദേശിയും കാൻബറ ഹോസ്പിറ്റലിൽ നേഴ്‌സാണ്. മക്കൾ: സോനാ, റിയോണ (ഇരുവരും ഹോളി ട്രിനിറ്റി ക്രിസ്ത്യൻ സ്‌കൂൾ, കാൻബറ വിദ്യാർത്ഥികൾ).

ശവസംസ്‌കാര ചടങ്ങുകൾ പിന്നീട് പരേതന്റെ സ്വദേശമായ മുത്തോലപുരത്ത് നടക്കും. അതിനു മുന്നോടിയായി സിഡ്‌നിയിൽ പൊതു ദർശനത്തിനു വയ്ക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നു.

യു. കെ. യിൽ നിന്നും ഓസ്ട്രലിയയിൽ എത്തിയ ജെറിയും കുടുംബവും കാൻബറയിൽ സ്ഥിര താമസമാക്കുകയായിരുന്നു. 2011 ഉണ്ടായ അപകടത്തെ തുടർന്ന് ബ്രെയിൻ ട്യൂമർ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു. ആഴ്ചകൾക്ക് മുൻപ് പിതാവിന്റെ ചരമ വാര#്ഷികത്തിനായി നാട്ടിൽ എത്തിയിരുന്നു. നാട്ടിൽ നിന്നും കഴിഞ്ഞ ഞായറാഴ്ച തിരിച്ചു സിഡ്‌നി എയർപോർട്ടിൽ എത്തി വീട്ടിലേക്കു മടങ്ങുന്നതിനിടയിൽ കാർഡിയാക് അറസ്റ്റ് ഉണ്ടായതിനെ തുടർന്ന് ലിവർപൂൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടക്കം മുതൽ വെന്റിലെറ്ററിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. രോഗാവസ്ഥയിലും കാൻബറ മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമായിരുന്ന ജെറിയുടെ വിയോഗം മലയാളി സമൂഹത്തെ കണ്ണീരിലാഴ്‌ത്തി.