ന്യൂസൗത്ത് വേൽസ്: മകന് മൈക്രോസെഫാലി എന്ന രോഗം ബാധിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തെ നാടുകടത്താൻ ഒരുങ്ങി ഇമിഗ്രേഷൻ വകുപ്പ്. ഓസ്‌ട്രേലിയൻ മലയാളികളായ ദീപക് മാനുവേലും ഭാര്യ ആൻസിയുമാണ് ഇമിഗ്രേഷൻ നിയമങ്ങളിൽ കുരുങ്ങി നാടുകടത്തൽ ഭീഷണി നേരിടുന്നത്. ആശയറ്റ കുടുംബം ന്യൂസിലാൻഡിലേക്ക് ചേക്കാറാൻ ഒരുങ്ങുകയാണെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ.

വൂലോംഗോഗിലെ നഴ്‌സായ ദീപക് മാനുവേലിന്റെ മകൻ സാവിയോയ്ക്ക് മൈക്രോസെഫാലി എന്ന രോഗം ഉണ്ട് എന്ന ഒറ്റക്കാരണത്താൽ അധികൃതർ ഇവരുടെ പെർമനന്റ് റെസിഡൻസിക്കുള്ള അപേക്ഷ നിരസിച്ചിരിക്കുകയാണ്. ഇവിടുത്തെ ഹെൽത്ത് കെയർ സംവിധാനത്തിന് മകൻ ഒരു ഭാരമാകില്ലെന്ന സത്യപ്രസ്താവനയിൽ ഒപ്പു വയ്ക്കാൻ ദീപക് നിർബന്ധിതനായിട്ടുമുണ്ട്. എന്നിരുന്നാലും ഇവരുടെ 8500 ഡോളർ അപേക്ഷ നിരസിക്കപ്പെട്ടിരിക്കുകയാണ്. അടുത്ത ഓഗസ്‌റ്റോടെ ഇവർ നാടു വിടേണ്ടിവരുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. മകന്റെ രോഗാവസ്ഥ രാജ്യത്തിന്റെ പൊതുഖജനാവിന് ബാധ്യതയാകില്ലെന്ന് പലവട്ടം ദീപക് ഇമിഗ്രേഷൻ വകുപ്പിനെ ബോധ്യപ്പെടുത്തിയെങ്കിലും അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലാത്ത സാഹചര്യമാണുള്ളത്.

അധികൃതരുടെ ഈ കടുത്ത അവഗണനയിൽ മനംനൊന്ത ദമ്പതികൾ ന്യൂസിലാൻഡിലേക്ക് തിരികെ പോകാൻ ഒരുങ്ങുകയാണ്. ഇന്ത്യയിൽ നിന്നും ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ദമ്പതികൾ അവിടെ നിന്നാണ് ഓസ്‌ട്രേലിയയിലേക്ക് എത്തിയത്. ന്യൂസിലാൻഡിൽ തങ്ങൾക്ക് പെർമനന്റ് റെസിഡൻസി സ്റ്റാറ്റസ് ഉണ്ടായിരുന്നുവെന്നും ഇവർ പറയുന്നു.

ഇവർക്ക് പിആറിനുള്ള അപേക്ഷ നിരസിച്ച സാഹചര്യത്തിൽ 457 വിസയ്ക്ക് അപേക്ഷിച്ച് അതു വഴി ഇവിടെ തുടരാമെന്ന് ഇമിഗ്രേഷൻ വകുപ്പ് പറയുന്നുണ്ടെങ്കിലും ഇനിയും ഇവിടെ ഭാഗ്യപരീക്ഷണത്തിന് ഇല്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

ദീപക്കിന്റേയും ആൻസിയുടേയും മൂത്ത പുത്രനായ സാവിയോ മൈക്രോ സെഫാലി എന്ന രോഗം ബാധിച്ചാണ് ജനിച്ചത്. മൈക്രോസെഫാലി ബാധിച്ച കുട്ടികളുടെ തലച്ചോർ മറ്റു കുട്ടികളേതിനെക്കാൾ ചുരുങ്ങിയിരിക്കും. സിക്ക വൈറസ് ബാധിച്ചാണ് ഗർഭസ്ഥ ശിശുക്കളെ ഈ രോഗം ബാധിക്കുന്നത്. അടുത്ത കാലത്ത് തെക്കൻ അമേരിക്കൻ രാജ്യങ്ങളിൽ സിക്ക വൈറസിന്റെ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ മൈക്രോ സെഫാലി എന്ന രോഗത്തിന്റെ ഭീകരത ലോകത്തിനു മുന്നിൽ വെളിവാക്കപ്പെട്ടതാണ്.
ദീപക് ആൻസി ദമ്പതികൾക്ക് ജെറമി എന്നൊരു മകൻ  കൂടിയുണ്ട്.