- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്തോ പസഫിക് മേഖലയിൽ പ്രതിരോധ വിദേശകാര്യ സഹകരണം; ഓസ്ട്രേലിയൻ വിദേശകാര്യ, പ്രതിരോധ മന്ത്രിമാർ ഇന്ത്യയിൽ; ആദ്യ 2പ്ലസ് ടു മന്ത്രിതല ചർച്ച ഡൽഹിയിൽ; എസ്.ജയശങ്കറും രാജ്‌നാഥ് സിങും പങ്കെടുക്കും
ന്യൂഡൽഹി: പ്രതിരോധ വിദേശകാര്യ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയയുമായുള്ള ആദ്യ 2പ്ലസ് ടു മന്ത്രിതല ചർച്ചയ്ക്ക് ശനിയാഴ്ച ന്യൂഡൽഹിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കും. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്‌നും പ്രതിരോധ മന്ത്രി പീറ്റർ ഡട്ടനും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയുമായി ഇന്ത്യ ഇത്തരത്തിൽ ചർച്ച നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഓസ്ട്രേലിയൻ മന്ത്രിമാർ ഇന്ന് നേരിൽകണ്ട് ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളുമായുള്ള സാമ്പത്തിക സുരക്ഷ, സൈബർ സുരക്ഷ, കാലാവസ്ഥ, സാങ്കേതികവിദ്യ, വിതരണ ശൃംഖല പ്രശ്നങ്ങൾ തുടങ്ങിയ വിവിധ കാര്യങ്ങൾചർച്ച ചെയ്യും.
ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപരമായ സഹകരണത്തിനാണ് ഇരു രാജ്യങ്ങളുടെയും ചർച്ച. കഴിഞ്ഞ ഒരു വർഷമായി നിലവിലുള്ള ഈ ബന്ധം ശക്തമായ പുരോഗതി കൈവരിച്ചതായി ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാറീസ് പെയ്ൻ അഭിപ്രായപ്പെട്ടു.
ഇന്ത്യ ഒരു ആഗോള ഉൽപാദന കേന്ദ്രമാകുന്ന പാതയിലാണെന്നും സാങ്കേതിക വിദ്യയുടെ പ്രധാന വിപണിയായി ഇന്ത്യ മാറിയെന്നും മാറീസ് പെയ്ൻ അറിയിച്ചു. വിവിധ ദുരന്തങ്ങളെ നേരിടുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ സംരംഭത്തിന് 10 മില്യൺ ഡോളർ ഓസ്ട്രേലിയ നൽകുമെന്നും മന്ത്രിമാർ അറിയിച്ചു.
ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രിയും പ്രതിരോധമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ 7 ലോക് കല്യാൺ മാർഗിലെ വസതിയിൽ വൈകിട്ട് 4:30ന് സന്ദർശിക്കും.
ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് ഹൈദരാബാദ് ഹൗസിൽ മാരിസ് പെയ്ൻ എസ്.ജയ്ശങ്കറിനെ സന്ദർശിച്ചത്. വൈകിട്ട് 3 മണിക്ക് ജവാഹർലാൽ നെഹ്‌റു ഭവനിലെ മുത്തമ്മ ഹാളിൽ നടക്കുന്ന പത്രസമ്മേളനത്തിലും അവർ പങ്കെടുക്കും.
ന്യൂസ് ഡെസ്ക്