മുംബൈ: ലോകമാതൃദിനത്തിൽ ഓസ്‌ട്രേലിയയിൽനിന്ന് ഒരു മാതൃകാ കഥ. ഓസ്‌ട്രേലിയയിലെ വനിതാ പാർലമെന്റ് അംഗം ലാറിസ വാട്ടേഴ്‌സ് പാർലമെന്റിൽവച്ചു കുഞ്ഞിനെ മുലയൂട്ടി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയിലടക്കം അമ്മമാർ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിൽനിന്നു പിന്തിരിയുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം ഓസ്‌ട്രേലിയയിൽ നടന്നിരിക്കുന്നത്.

പാർലമെന്റിലെ സെനറ്റ് സഭയിലെ അംഗമാണ് ലാറിസ വാട്ടേഴ്‌സ്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ലോകത്തിനു മുഴുവൻ മാതൃക നല്കിയ ലാറിസയുടെ പ്രവർത്തിയെ ഇന്ത്യയിലെ മാധ്യങ്ങളടക്കം പ്രസംശകൊണ്ടു മൂടി. പാർലമെന്റിലിരുന്ന് ലാറിസ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രവും വൈറലായിട്ടുണ്ട്.

ഓസ്‌ട്രേലിയൻ പാർലമെന്റിൽ ഇതാദ്യമായാണ് ഒരു വനിത കുഞ്ഞിനെ മുലയൂട്ടുന്നത്. മുമ്പ് ഐസ്‌ലാൻഡിലും സ്‌പെയിനിലും സമാന സംഭവങ്ങൾ ന്ടന്നിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ഐസ്‌ലാൻഡ് എംപി ഉന്നൂർ ബ്രാ പാർലമെന്റിൽ കുഞ്ഞിനെ മുലയൂട്ടിയത്. സ്‌പെയിനിൽ കരോളിന ബാസ്‌കാൻസ എന്ന പാർലമെന്റംഗവും ഇതു ചെയ്തിരുന്നു.

കുഞ്ഞിന് ജന്മം നല്കി ആദ്യ ആറുമാസം നിർബന്ധമായും മുലയൂട്ടിയിരിക്കണമെന്നാണ് ആരോഗ്യവൃത്തങ്ങൾ നിർദ്ദേശിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യൻ വനിതകൾ പിന്നോട്ടു പോകുന്നതായാണ് കണക്കുകൾ പറയുന്നത്. ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം ഇന്ത്യയിൽ ജനിക്കുന്ന 55% കുഞ്ഞുങ്ങൾക്കും ആദ്യ ആറുമാസം മുലപ്പാലു കുടിക്കാനുള്ള ഭാഗ്യം ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തിയത്.

റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും ബസ് സ്‌റ്റേഷനുകളിലും അമ്മാമാർ കുഞ്ഞിനെ മുലയൂട്ടുന്നത് ഒരു കാലത്ത് സാധാരണ കാഴ്ചയായിരുന്നു. എന്നാൽ അടുത്തകാലത്തായി കാര്യങ്ങൾക്കു മാറ്റം വന്നിട്ടുണ്ട്. പൂനയിൽ ട്രെയിനിലിരുന്നു കുഞ്ഞിനെ മുലയൂട്ടിയ അമ്മയ്‌ക്കെതിരെ സഹയാത്രികർ പരാതിപ്പെട്ടത് കഴിഞ്ഞമാസമാണ്. സ്വപ്‌ന കുൽക്കർണി എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കുഞ്ഞിനെ മുലയൂട്ടാനായി ഇവർക്ക് മറ്റൊരു കോച്ചിലേക്കു മാറേണ്ടിവന്നു.

സമൂഹത്തിന്റെ കാഴ്ചപ്പാടു മാറുന്നതുമൂലം നവജാത ശിശുക്കളുടെ അവകാശങ്ങൾപ്പോലും ഘനിക്കപ്പെടുന്നതായി സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പൊതുസ്ഥലങ്ങളിൽ മുലയൂട്ടാൻ മടിക്കുന്ന അമ്മമാർ കുഞ്ഞിന്റെ വിശപ്പുമാറ്റാൻ കുപ്പിപ്പാല് അടക്കമുള്ള സംവിധാനങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. ആദ്യ ആറുമാസങ്ങളിൽ കുഞ്ഞിന് മുലപ്പാലു ലഭിക്കാതിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാം.