മെൽബൺ: ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടി ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ. കലാശപ്പോരാട്ടത്തിൽ അമേരിക്കയുടെ ഡാനിയേല കോളിൻസുമായി ബാർട്ടി ഏറ്റുമുട്ടും.

വെറും ഒരു മണിക്കൂറും രണ്ട് മിനിറ്റും മാത്രം നീണ്ട മത്സരത്തിൽ യുഎസ്എയുടെ മാഡിസൺ കീസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ബാർട്ടി തന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ കടന്നത്. സ്‌കോർ: 6-1, 6-3.

2019ലെ ഫ്രഞ്ച് ഓപ്പണും 2021-ലെ വിംബിൾഡണും നേടിയ ബാർട്ടിയെ കാത്തിരിക്കുന്നത് കന്നി ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാണ്. കിരീടം നേടാനായാൽ 1978-ൽ കിരീടം നേടിയ ക്രിസ്റ്റീൻ ഒ നെയ്ലിന് ശേഷം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഓസീസ് വനിതാ താരമെന്ന നേട്ടവും ബാർട്ടിക്ക് സ്വന്തമാകും.

41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഓസ്ട്രേലിയൻ വനിതാ താരം ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കടക്കുന്നത്. 1980-ൽ വെൻഡി ടൺബുള്ളാണ് ബാർട്ടിക്ക് മുമ്പ് അവസാനമായി ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച ഓസീസ് താരം.

രണ്ടാം സെമിയിൽ അമേരിക്കയുടെ ഡാനിയേല കോളിൻസ് ഏഴാം സീഡ് പോളണ്ടിന്റെ ഇഗാ സ്വറ്റക്കിനെ പരാജയപ്പെടുത്തി. നേരിട്ടുള്ള സെറ്റുകൾക്ക് ഇഗയെ വീഴ്‌ത്തിയാണ് ഡാനിയേല ഫൈനൽ ബർത്ത് ഉറപ്പിച്ചത്. സ്‌കോർ 6 - 4, 6 - 1.