മെൽബൺ: അടുത്തകാലത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിസിറ്റ് വിസാ പരിഷ്‌ക്കരണം കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കത്തക്കതാക്കണമെന്ന് ഓസ്‌ട്രേലിയൻ ടൂറിസം ആൻഡ് ട്രാൻസ്‌പോർട്ട് ഫോറം ആവശ്യപ്പെട്ടു. പ്രത്യേകിച്ച് ചൈനയിൽ നിന്നുള്ള ടൂറിസ്റ്റുകളെ ആകർഷിക്കുന്ന തരത്തിലാകണം ഇനി നടപ്പാക്കുന്ന വിസിറ്റ് വിസാ പരിഷ്‌ക്കരണം. കഴിഞ്ഞ വർഷം ചൈനയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം 2.9 ശതമാനം വർധിച്ച സാഹചര്യത്തിലാണ് ചൈനീസ് ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചുകൊണ്ട് പരിഷ്‌ക്കരണം നടപ്പാക്കേണ്ടതെന്ന് ടിടിഎഫ് വ്യക്തമാക്കി.

എന്നാൽ ചൈനിയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള  ടൂറിസ്റ്റുകളെ എണ്ണത്തെ അപേക്ഷിച്ച് യുഎസിലേക്കുള്ള ചൈനീസ് ടൂറിസ്റ്റുകളെ എണ്ണത്തിൽ 23 ശതമാനവും കാനഡയിലേക്കുള്ള എണ്ണം 30 ശതമാനവുമാണ് വർധിച്ചിരിക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ ഓസ്‌ട്രേലിയയിലേക്കുള്ള ചൈനീസ് ടൂറിസ്റ്റുകളുടെ വരവ് ഏറെ പിന്നോക്കമായിരിക്കുകയാണെന്നും ടിടിഎഫ് ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയയിലേക്കുള്ള വിസാ ചെലവുകളും സാങ്കേതികതടസങ്ങളും കുറയ്ക്കുകയാണ് ആദ്യം വേണ്ടതെന്ന് ടിടിഎഫ് ചീഫ് എക്‌സിക്യുട്ടീവ് മാർഗി ഓസ്മണ്ട് പറയുന്നു. ഓസ്‌ട്രേലിയൻ സന്ദർശനം മാറ്റിവയ്ക്കുന്നതിനു പ്രധാന കാരണം ഇത്തരം സാങ്കേതിക നൂലാമാലകളാണ്. നിലവിൽ ചൈനീസ് ടൂറിസ്റ്റുകളെ ഓസ്‌ട്രേലിയയിലേക്ക് ആകർഷിക്കാനുള്ള കാമ്പയിനുകൾ വൻ തോതിൽ നടന്നുവരുന്നുണ്ട്. വ്യക്തികളെ കേന്ദ്രീകരിച്ചുള്ളതിനെക്കാൾ ടൂർ ഗ്രൂപ്പുകൾക്ക് മെച്ചപ്പെട്ട പാക്കേജുകൾ നൽകിയാണ് കാമ്പയിനുകൾ നടക്കുന്നത്.

ഓസ്‌ട്രേലിയൻ ട്രാവൽ വിസയ്ക്ക് ഒരു ചൈനീസ് സന്ദർശകൻ 130 ഡോളർ അടയ്‌ക്കേണ്ടതായുണ്ട്. കൂടാതെ നീണ്ട പേപ്പർ വർക്കുകളും 15 ദിവസത്തോളമെടുക്കുന്ന പ്രോസസിങ് സമയവും മിക്ക ചൈനീസ് ടൂറിസ്റ്റുകളെ ഓസ്‌ട്രേലിയൻ സന്ദർശനത്തിൽ നിന്നകറ്റുന്നു. അതേസമയം യുഎസിൽ നിന്നോ യുകെയിൽ നിന്നോ എന്തിനേറെ ഹോങ്കോംഗിൽ നിന്നോ ഉള്ള ഒരു വിസിറ്റർക്ക് പെട്ടെന്നു തന്നെ ഓൺലൈൻ ഫോറത്തിൽ അപേക്ഷ സമർപ്പിച്ച് 20 ഡോളറിന് ഇലക്ട്രോണിക് വിസാ സംഘടിപ്പിക്കാവുന്ന സംവിധാനമാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ ഇതേ രീതിയിൽ ഒരു ചൈനീസ് സന്ദർശകനും പെട്ടെന്നു തന്നെ വിസാ ലഭ്യമാകുന്ന തരത്തിൽ ഓസ്‌ട്രേലിയൻ വിസിറ്റ് വിസാ സംവിധാനം മാറ്റേണ്ടത് അത്യാവശ്യമാണെന്നും ഓസ്മണ്ട് കൂട്ടിച്ചേർത്തു.

അടുത്തകാലത്ത് ന്യൂസിലാൻഡ് ടൂറിസം മേഖലയ്ക്ക് ചൈനീസ് സന്ദർശകരിൽ നിന്നുള്ള സംഭാവന ഏറെ വലുതാണെന്ന വാർത്തയും വന്നിരുന്നു. ഒരു വർഷം കൊണ്ട് ന്യൂസിലാൻഡ് ടൂറിസത്തിന് ചൈനീസ്, യുഎസ് സന്ദർശകർ 1.1 ബില്യൺ ഡോളർ അധികം സംഭാവന നൽകിയെന്നായിരുന്നു വാർത്ത. ഓസ്‌ട്രേലിയൻ അയൽരാജ്യമായ ന്യൂസിലാൻഡിലേക്ക് ചൈനീസ് സന്ദർശകരുടെ ഒഴുക്ക് നിലനിൽക്കുമ്പോൾ ഓസ്‌ട്രേലിയയുടെ വിസാ സംവിധാനത്തിലുള്ള  പോരായ്മകളാണ് ഇത്തരം ടൂറിസ്റ്റുകളെ അകറ്റുന്നതെന്നാണ് ആക്ഷേപം.