മെൽബൺ: പ്രമുഖ താരങ്ങളെ ഒഴിവാക്കി വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങൾക്കുള്ള ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിൽ കളിച്ച ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, പാറ്റ് കമിൻസ്, ഗ്ലെൻ മാക്‌സവെൽ, മർക്കസ് സ്റ്റോയിനസ്, ജെ റിച്ചാർഡ്‌സൺ കെയ്ൻ റിച്ചാർഡ്‌സൺ എന്നിവരെയാണ് ഒഴിവാക്കിയത്. സ്മിത്തിനെ കൈമുട്ടിലെ പരിക്കിനെത്തുടർന്നാണ് ഒഴിവാക്കിയത്.

എന്നാൽ മറ്റ് ആറ് താരങ്ങളും വിവിധ കാരണങ്ങളാൾ ഈ പരമ്പരകളിൽ കളിക്കാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അറിയിക്കുകയായിരുന്നു. ഇത്രയും കളിക്കാർ ഒരുമിച്ച് പിന്മാറിയത് നിരാശാജനകമാണെങ്കിലും കളിക്കാരുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ ട്രെവർ ഹോൺസ് പറഞ്ഞു. ആഷസിന് മുമ്പ് സ്റ്റീവ് സ്മിത്ത് പരിക്കിൽ നിന്ന് പൂർണമായും മുക്തനാവാൻ സമയം നൽകാനാണ് വിശ്രമം അനുവദിച്ചതെന്നും ഹോൺസ് പറഞ്ഞു.

ആരോൺ ഫിഞ്ചാണ് 18 അംഗ ടീമിനെ നയിക്കുന്നത്. ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് വെസ്റ്റ് ഇൻഡീസിനും ബംഗ്ലാദേശിനുമെതിരെ ഓസ്‌ട്രേലിയ അഞ്ച് വീതം ടി20 മത്സരങ്ങളടങ്ങിയ പരമ്പരകൾ കളിക്കുന്നത്.