കുടിയേറ്റത്തിന് സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തുകയാണ് പാശ്ചാത്യ രാജ്യങ്ങളുടെ ഇപ്പോഴത്തെ രീതി. അമേരിക്കയും യൂറോപ്പും ഓസ്‌ട്രേലിയയും ഒക്കെ ഇക്കാര്യത്തിൽ മാറിയിരിക്കുകയാണ്. എല്ലാ പാശ്ചാത്യ രാജ്യക്കാർക്കും മാതൃകയായ ഒരു നിയമ നിർമ്മാണം നടത്തി ശ്രദ്ധ നേടുകയാണ് ഇപ്പോൾ ഓസ്ട്രിയ. കുടിയേറ്റക്കാർക്ക് ഓസ്ട്രിയ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും സ്വീകരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഓസ്ട്രിയ പാസാക്കിയ പുതിയ നിയമം അനുസരിച്ച് ഇസ്ലാമിക വിശ്വാസപ്രകാരം സ്ത്രീകൾ ധരിക്കുന്ന മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ പൊതു ഇടങ്ങളിൽ നിരോധിച്ചിരിക്കുകയാണ്. പുതിയ നിയമം അനുസരിച്ച് കുടിയേറ്റക്കാർ ഉദ്‌ഗ്രഥനത്തിനായുള്ള കോഴ്‌സുകളുടെ പ്രത്യേക ക്ലാസുകളിൽ നിർബന്ധമായും ഇരുന്നിരിക്കണം.അഭയാർത്ഥികൾക്ക് ജോലി നൽകുമെങ്കിലും ശമ്പളം നൽകുകയുമില്ല. പുതിയ നീക്കമനുസരിച്ച് ഈ വരുന്ന ഒക്ടോബർ മുതൽ സ്ത്രീകൾ ബുർഖ, നിഖാബ്, തുടങ്ങിയവ ധരിച്ച് യൂണിവേഴ്‌സിറ്റി, കോടതി, പൊതുഗതാഗത സംവിധാനം എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ അവരിൽ നിന്നും 130 പൗണ്ട് പിഴ ഈടാക്കുന്നതിനുള്ള അധികാരം പൊലീസിന് നൽകും.

പുതിയ നിയമം അനുസരിച്ച് കുടിയേറ്റക്കാർക്ക് ഓസ്ട്രിയയിൽ താമസിക്കണമെങ്കിൽ 12 മാസം ദൈർഘ്യമുള്ള ഇന്റഗ്രേഷൻ സ്‌കൂളിൽ ചേർന്ന് ഇവിടുത്തെ കോഴ്‌സുകൾ പഠിക്കണം. ഇവിടെ നിന്നും ജർമൻ കോഴ്‌സുകളാണ് പഠിപ്പിക്കുന്നത്. ഇതിന് പുറമെ ഓസ്ട്രിയയുടെ മൂല്യങ്ങൾ, സംസ്‌കാരം, നൈതികത തുടങ്ങിയവയും കുടിയേറ്റക്കാരെ പഠിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള ക്ലാസുകളിലിരിക്കാനോ അല്ലെങ്കിൽ കൂലിയില്ലാതെ പൊതു ജോലികൾ ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്യുന്ന കുടിയേറ്റക്കാരുടെ ബെനഫിറ്റുകൾ റദ്ദാക്കാനാണ് തീരുമാനം.

പുതിയ നീക്കത്തെ ഭരണകക്ഷികളായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി(എസ്‌പിഒ), ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടി(ഒവിപി) എന്നിവ പ ിന്തുണച്ചിട്ടുണ്ട്. മുഖവസ്ത്ര നിരോധന നീക്കത്തിൽ പ്രതിഷേധിച്ച് ഫെബ്രുവരിയിൽ 3000 സ്ത്രീകൾ തെരുവിൽ ഇറങ്ങി പ്രകടനം നടത്തിയിരുന്നു. എന്നാൽ കുടിയേറ്റക്കാർക്കെതിരെ ഇതിലും കടുത്ത നടപടികൾ സ്വീകരിക്കാത്ത ഗവൺമെന്റിന്റെ നടപടിയെ വിമർശിച്ച് തീവ്രവലതു പക്ഷ കക്ഷിയായ എഫ്പിഒ പാർട്ടി രംഗത്തെത്തുകയും ചെയ്തിരുന്നു. തങ്ങളുടെ കൂട്ടുകക്ഷി ഗവൺമെന്റ് തകരാതിരിക്കുന്നതിനാണ് പുതിയ നിയമം ഭരണകക്ഷികൾ തിരക്ക് പിടിച്ച് നടപ്പിലാക്കുന്നതെന്ന് സൂചനയുണ്ട്. ഗവൺമെന്റ് കടുത്ത ഇസ്ലാമോഫോബിയയിലാണെന്ന് ആരോപിച്ച് നിരവധി മുസ്ലീങ്ങൾ കടുത്ത പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്.