വിയന്ന: ഇറ്റലിയുമായുള്ള അതിർത്തിയിൽ ഓസ്ട്രിയ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഓസ്ട്രിയ ഇന്റീരിയർ മിനിസ്റ്റർ വ്യക്തമാക്കി. മെയ്‌ മുതൽ ബ്രെണ്ണർ പോയിന്റിൽ തുടർച്ചയായി നിയന്ത്രണം ഉണ്ടാവും. ഇറ്റലി വഴി സെൻട്രൽ യൂറോപ്പിലേക്കുള്ള അഭയാർഥി പ്രവാഹം തടയുന്നതിനാണ് ഓസ്ട്രിയ ഇറ്റാലിയൻ ബോർഡറിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഗ്രീസ്, ബാൽക്കൻ മേഖലകളിലൂടെ യൂറോപ്പിലേക്കുള്ള അഭയാർഥി പ്രവാഹത്തിന് താത്ക്കാലികമായി തടയിട്ടതോടെ ഇറ്റലി വഴിയുള്ള കുടിയേറ്റം ശക്തമായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹംഗറിയുമായി പങ്കിടുന്ന ഓസ്ട്രിയയുടെ കിഴക്കൻ അതിർത്തിയിലും അടുത്തിടെ ശക്തമായ നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഈ മേഖലയിലൂടെ കഴിഞ്ഞ വർഷം ആയിരക്കണക്കിന് അഭയാർഥികളാണ് ഓസ്ട്രിയയിലെത്തിയത്. ദിവസം 400-നും 500നു മധ്യേയായിരുന്നു ഇവിടെ നിന്നുള്ള അഭയാർഥി പ്രവാഹം.

അതേസമയം ഓസ്ട്രിയ അതിർത്തി നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരേ ശക്തായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അതേസമയം ഇറ്റാലിയൻ അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഓസ്ട്രിയയുടെ സുരക്ഷയ്ക്കു കൂടിയാണെന്നും ബ്രെണ്ണർ ബോർഡറിൽ മെയ്‌ അവസാനം മുതൽ തുടർച്ചയായ നിയന്ത്രണങ്ങളാണ് ഉണ്ടാകുകയെന്നും മന്ത്രി വൂൾഫ്ഗ്യാങ് സോബോട്ട്ക വ്യക്തമാക്കി.