വിയന്ന: അഭയാർഥി പ്രവാഹത്തിന് തടയിടാനുള്ള പദ്ധതികളുമായി ഓസ്ട്രിയ. മുൻ വർഷത്തെ അപേക്ഷിച്ച് പകുതി അഭയാർഥികൾക്കു മാത്രമേ ഈ വർഷം രാജ്യത്ത് കടക്കാൻ അനുമതി നൽകുകയുള്ളൂ എന്നതാണ് ഓസ്ട്രിയയുടെ നിലപാട്. കഴിഞ്ഞ വർഷം 90,000 അഭയാർഥികൾക്ക് അഭയം നൽകിയ ഓസ്ട്രിയ 2016-ൽ 37 ,500 എന്ന കണക്കിന് അഭയാർഥിപ്രവാഹത്തിന് ക്യാപ് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിയന്നയിൽ നടന്ന നാഷണൽ അസൈലം ഉച്ചകോടിയിലാണ് ഓസ്ട്രിയൻ ചാൻസലർ വെർണർ ഫേമാൻ ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയത്.

അടുത്ത നാലു വർഷത്തേക്ക് അഭയാർഥികളുടെ എണ്ണം 130,000 ആയി നിജപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അഭയാർഥികളുടെ എണ്ണം ഈ സംഖ്യയിൽ എത്തിക്കഴിയുമ്പോൾ എന്തുസംഭവിച്ചു എന്നതിനെ കുറിച്ച് പഠനം നടത്തും. പിന്നീട് ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അഭയാർഥികളുടെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളുകയെന്നും ഫേമാൻ വ്യക്തമാക്കി.

ഓസ്ട്രിയയുടെ 8.5 മില്യൺ ജനസംഖ്യയുടെ 1.5 ശതമാനം വരുന്ന തരത്തിൽ അഭയാർഥികൾക്ക് നാലു വർഷത്തെ ക്യാപ്  ഏർപ്പെടുത്തുന്നത് ഇതു സംബന്ധിച്ച് യൂറോപ്യൻ യൂണിയന്റെ നിലവിലുള്ള അടിയന്തിര ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ്. അഭയാർഥി പ്രവാഹത്തിന് തടയിടുന്നതിനായി അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് സ്റ്റേറ്റ്, ഫെഡറൽ നേതാക്കൾ ചർച്ച നടത്തിക്കഴിഞ്ഞു. അഭയാർഥികളായി രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന അപേക്ഷ നിരസിച്ചവരെ നാടുകടത്തുന്നതിനും ഓസ്ട്രിയയിലുള്ള അഭയാർഥികളുടെ കുടുംബാംഗങ്ങൾക്ക് ഇവിടെ  എത്തിച്ചേരുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഊർജിത ശ്രമങ്ങളാണ് നടന്നുവരുന്നത്.

1945-നു ശേഷം യൂറോപ്പിലേക്കുള്ള അഭയാർഥികളുടെ പ്രവാഹം അനിയന്ത്രിതമായതിനെ തുടർന്നാണ് ഓസ്ട്രിയൻ സർക്കാർ ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് ശക്തമാക്കിയത്.