ന്യൂഡൽഹി: ഏറ്റെടുത്ത വ്യാവസായിക കരാറുകളും സംരംഭങ്ങളും പ്രാവർത്തികമാക്കുന്നതിൽ വിജയം കണ്ടതോടെ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനി. സ്വിസ് ബിൽഡിങ് മെറ്റീരിയലായ ഫേം ഹോൾസിമിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം തന്നെ കഴിഞ്ഞദിവസം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഈ കരാർ അദാനിയെ ഏഷ്യൻ സമ്പന്നനാക്കാൻ സഹായിച്ചു എന്നാണ് വിലയിരുത്തൽ.

അടുത്തിടെ നടത്തിയ വ്യാവസായിക കരാറുകളും സംരംഭങ്ങളുമാണ് ഇന്ത്യൻ കോടീശ്വരനായ അദാനിയെ ഈ വർഷത്തെ ഏഷ്യയിലെ സമ്പന്നനാക്കി മാറ്റിയത്. നിലവിൽ ഫേം ഹോൾസിമിന്റെ 63 ശതമാനം ഓഹരികളും സ്വന്തമാക്കിയിരിക്കുന്നത് അംബുജ സിമന്റ്‌സ് ലിമിറ്റഡാണ്. അംബുജ സിമന്റ്സും എസിസി ലിമിറ്റഡും സ്വന്തമാക്കിയതോടെയാണ് ഗൗതം അദാനിയുടെ വളർച്ചയ്ക്ക് കുതിപ്പേകിയത്. ഇതോടെ ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവാകും.

ഫേം ഹോൾസിമിന്റെ ഇന്ത്യൻ പ്രവർത്തനങ്ങൾ വാങ്ങാനായി 10.5 ബില്യൺ ഡോളറിന്റെ കരാറാണ് അദാനി ഞായറാഴ്ച ഒപ്പിട്ടത്. ബ്ലൂംബർഗ് ന്യൂസ് പുറത്തുവിട്ട കണക്കുകളനുസരിച്ച് കഴിഞ്ഞവർഷം മാത്രം സമാനമായ 32 ഏറ്റെടുക്കലാണ് അദാനി നടത്തിയിരിക്കുന്നത്. ഇതിന് 17 ബില്യൺ ഡോളറോളം മൂല്യം വരും. അതേസമയം ചെറിയ ഇടപാടുകളുടെ മൂല്യം അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടില്ല. അത് കൂടി പരിഗണിക്കുമ്പോൾ മൂല്യം ഇനിയും വർദ്ധിക്കുമെന്നാണ് സൂചന.

പ്രീമിയം റൈസ് ബ്രാന്റ് സ്വന്തമാക്കിയും, സോഫ്റ്റ് ഗ്രൂപ്പ് കോർപറേഷനിൽ നിന്ന് ട്രാവൽ പോർട്ടലുകളും, ഗ്രീൻ എനർജി സ്ഥാപനങ്ങളുടെ ആസ്തികളും സ്വന്തമാക്കിയതുൾപ്പടെ മാറുന്ന കാലഘട്ടത്തിനനുസരിച്ച് മേഖലകൾ മാറ്റി പരീക്ഷിച്ചതും അദാനിയെ തുണച്ചു. ഡാറ്റ സെന്ററുകളും, ഡിജിറ്റൽ സേവനങ്ങളും, സിമന്റ്, മീഡിയ തുടങ്ങിയ മേഖലകളിലും അദാനി ഗ്രൂപ്പ് അതിവേഗം വളർച്ച കൈവരിച്ചു കഴിഞ്ഞു.ബ്ലൂംബർഗ് ബില്ലിനിയേഴ്‌സ് ഇൻഡക്‌സ് പ്രകാരം നിലവിൽ 102 ബില്യൺ ഡോളറാണ് ഇന്ത്യയിലെ ഒന്നാംനിര സംരംഭകനും 59 കാരനുമായ അദാനിയുടെ ആസ്തി.

ഏകദേശം 80,000 കോടി രൂപയ്ക്ക്. അംബുജ സിമന്റ്സിന്റെ 63.19 ശതമാനവും എസിസിയുടെ 54.53 ശതമാനവും ആയിരിക്കും ഏറ്റെടുക്കുക എന്ന് ഇരു കമ്പനികളും അറിയിച്ചിട്ടുണ്ട്. ഹോൾസിം ഓഹരിയുടെ മൂല്യവും അംബുജ സിമന്റ്സിനും എസിസിക്കുമായി അദാനി ഗ്രൂപ്പ് നടത്തിയ ഓപ്പൺ ഓഫറും അദാനി ഗ്രൂപ്പിന്റെ എക്കാലത്തെയും വലിയ ഏറ്റെടുക്കലായി ഈ കരാറിനെ മാറ്റുന്നു.

സിമന്റ് ഉത്പാദന സമയത്ത് ഉയർന്ന തോതിലുള്ള കാർബൺ പുറന്തള്ളുന്നുണ്ട്. സിമന്റ് ഉൽപ്പാദനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്ന ഹോൾസിമിന്റെ ഏറ്റവും പുതിയ നീക്കമാണ് ഓഹരി വിറ്റഴിക്കൽ. അതിനാൽ തന്നെ പാരിസ്ഥിക പ്രശ്‌നങ്ങൾ കണക്കിലെടുത്ത് നിരവധി നിക്ഷേപകർ ഇതിൽ നിന്നും പിന്മാറിയിട്ടുണ്ട്.

നിലവിൽ അംബുജയ്ക്കും എസിസിക്കും പ്രതിവർഷം കുറഞ്ഞത് 70 ദശലക്ഷം ടൺ സിമന്റ് ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അംബുജ സിമന്റിന് 14 സിമന്റ് പ്ലാന്റുകൾ ആണ് ഉള്ളത്. ഇവിടെ 4,700 ആളുകൾ ജോലി ചെയ്യുന്നുണ്ട്. എസിസിക്ക് 17 സിമന്റ് പ്ലാന്റുകളും 78 റെഡി മിക്സ് കോൺക്രീറ്റ് ഫാക്ടറികളും ഉണ്ട്. ഇവിടെ 6000 പേർ ജോലി ചെയ്യുന്നു.

ഫ്രഞ്ച് കമ്പനിയായ ലഫാർജുമായി ഹോൾസിം ലയിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വിറ്റഴിക്കലായിരുന്നു കഴിഞ്ഞ ദിവസം നടന്നതെന്ന് കമ്പനിയുടെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.