നാദാപുരം: ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങളുണ്ടെന്ന് ആരോപിച്ച് നാദാപുരം ഗവൺമെന്റ് കോളജ് മാഗസിന് വിലക്ക്.ഫാസിസ്റ്റ് വിരുദ്ധ ലേഖനങ്ങൾ ഒഴിവാക്കാതെ മാഗസിൻ പ്രസിദ്ധീകരിക്കേണ്ടെന്നാണ് കോളേജ് അധികൃതരുടെ നിർദ്ദേശം. നാദാപുരം ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ പ്രഥമ വാർഷിക മാഗസിനായ 'ഇമിരിച്ചല് ചൂടാന്തിരി പൊയച്ചല് ' എന്ന മാഗസിനാണ് അധികൃതർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

മാഗസിനിൽ രാഷ്ട്രീയ അതിപ്രസരമാണെന്നാണ് പ്രിൻസിപ്പലിന്റെ വിമർശനമെന്ന് വിദ്യാർത്ഥികൾ പറയുന്നു.കവർ പേജിലെ പശുവിന്റെ ചിത്രം ഒഴിവാക്കണമെന്നായിരുന്നു അവർ ആവശ്യം. ആമുഖത്തിലെ 'ബീഫ് ' മാറ്റണം, ' ദളിതൻ ' എന്ന് ഉപയോഗിക്കരുത്, പാക്കിസ്ഥാനെ' കുറിച്ച് മിണ്ടരുത് കവിതയിലെ ' സോഷ്യലിസ്റ്റ്' പ്രയോഗം വെട്ടിമാറ്റണം, ദൈവങ്ങളെ' കുറിച്ച് പറയരുത്
രക്തസാക്ഷികളെ' ഓർക്കരുത്, പശുകൊലപാതകങ്ങൾക്കെതിരെയുള്ള ലേഖനം പാടെ ഒഴിവാക്കണം, ഫാസിസ്റ്റ് വിരുദ്ധ ചോദ്യങ്ങളുള്ളതിനാൽ അഭിമുഖം ഉൾപെടുത്തരുത് തുടങ്ങിയ ആവശ്യങ്ങളാണ് കോളേജ് അധികൃതർ മുന്നോട്ടുവെച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

തങ്ങൾ വഴങ്ങില്ലെന്ന് കണ്ടപ്പോൾ ചിലതൊക്കെ ഒഴിവാക്കി തന്നെന്നും പശുവിന്റെ ആൾക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ഇതൊക്കെ വച്ച് മാഗസിനിറക്കിയാൽ കലാപമുണ്ടാവും എന്നുമാണ് കോളേജ് അധികൃതരുടെ നിലപാട്.സ്വാശ്രയ കോളേജുകളിലെ പോലെ രാഷ്ട്രീയ മൂല്യമില്ലാത്ത മാഗസിനുകളെ മാതൃകയാക്കാനാണ് കോളേജ് അധികൃതരുടെ നിർദ്ദേശം.

അഞ്ച് പ്രണയ കവിതകളും മൂന്ന് പൈങ്കിളി കഥയും വെച്ച് 'കളിക്കുടുക്ക' ഇറക്കാനല്ല കഴിഞ്ഞ അഞ്ചര മാസം തങ്ങൾ ഇതിന്റെ പിറകെ ഓടി നടന്നതെന്നും ആവിഷ്‌കാര സ്വാതന്ത്രത്തിന് മേൽ കൈകടത്തുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.ഉള്ളതെല്ലാം വെട്ടിമാറ്റാനല്ല മറിച്ച് തങ്ങളുടെ രചനകൾ ലോകമറിയാനാണ് ഉറക്കമൊഴിച്ചതെന്നും അവർ സങ്കടവും, പ്രതിഷേധവും കലർന്ന സ്വരത്തിൽ പറയുന്നു.