ശ്രീകാര്യം: സ്ത്രീസുരക്ഷയെ കുറിച്ച് ആശങ്കപ്പെടുത്തുന്ന വാർത്തകൾ അനുദിനം പുറത്തുവരുന്നതിനിടെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വാർത്ത കൂടി. വീട്ടിനുള്ളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് കേരളത്തിൽ നിന്നും കേൾക്കുന്ന സംഭവങ്ങൾ. മലപ്പുറം ചങ്ങരംകുളത്തും നിന്നും പെൺകുട്ടിയെ പീഡിപ്പിച്ച പ്രവസായ പ്രമുഖനെ കുറിച്ചുള്ള വാർത്തകൾ കേരളത്തെ നാണം കെടുത്തിയിരുന്നു. ഇപ്പോഴിതാ വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയും ആക്രമിക്കപ്പെട്ട സംഭവമാണ് പുറത്തുവരുന്നത്.

രാത്രി വീട്ടീൽ ഉറങ്ങിക്കിടന്ന ടെക്നോപാർക്ക് ജീവനക്കാരിയെ ആക്രമിച്ച സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. ഈ സംഭവത്തിൽ ടെക്കിയായ യുവതി നടത്തിയ അവസരോചിത ഇടപെടലാണ് അക്രമണകാരിയായ യുവാവിനെ കുടുക്കിയത്. ടെക്നോപാർക്കിലെ ജീവനക്കാരി അക്രമിയെ ശരിക്കും നേരിടുകയായിരുന്നു. സംഭവത്തിൽ പ്രതിയായ ഓട്ടോ ഡ്രൈവറെ തുമ്പ പൊലീസ് അറസ്റ്റു ചെയ്തു. കഴക്കൂട്ടം കിഴക്കുംഭാഗം പുതുവൽ പുത്തൻവീട്ടിൽ മുരുകേശൻ (40) ആണ് പിടിയിലായത്. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനുസമീപത്ത് ടെക്‌നോപാർക്കിലെ വനിതാജീവനക്കാർ വാടകയ്ക്കുതാമസിക്കുന്ന വീട്ടിലെ തുറന്നുകിടന്ന ജനാലയിലൂടെ രണ്ടാമത്തെ നിലയിൽ അതിക്രമിച്ചു കയറി കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു ഇയാൾ.

ജനൽ തുറന്നിട്ട് ഉറങ്ങിയ പെൺകുട്ടി തന്റെ ശരീരത്തിൽ ആരോ പരതുന്നതു അറിഞ്ഞു കൊണ്ടാണ് ഞെട്ടിയുണർന്നത്. സമീപത്തു തന്നെ കത്തിയും സൂക്ഷിച്ചായിരുന്നു പെൺകുട്ടി ഉറങ്ങിയിരുന്നത്. കട്ടിലിന് സമീപം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് അക്രമിയുടെ കൈയിൽ കുത്തിയതോടെ ഇയാൾ പിൻവാങ്ങുകയായിരുന്നു. ആരാണ് തന്നെ ആക്രമിച്ചതെന്ന് അറിയാൻ വേണ്ടി പെൺകുട്ടി ഇതിനോടകം മൊബൈലിൽ ആളുടെ ചിത്രവും പകർത്തിയിരുന്നു.

മൊബൈലിൽ പകർത്തിയ ചിത്രം സഹിതം തുമ്പ പൊലീസിൽ പെൺകുട്ടി പരാതിപ്പെട്ടു. ഇതോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്. പരാതിയെ തുടർന്ന് കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റന്റ് കമ്മിഷണർ ആർ.അനിൽകുമാറിന്റെയും തുമ്പ എസ്ഐ. പ്രതാപചന്ദ്രന്റെയും നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇത്തരത്തിൽ പ്രതി മറ്റു സ്ഥലങ്ങളിലും സ്ത്രീകളെ ആക്രമിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.