പാലക്കാട്: വള്ളിക്കോട് കമ്പയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ 5 പേരെ ഹേമാംബിക പൊലീസ് അറസ്റ്റ് ചെയ്തു. കമ്പ പാറക്കൽ വീട്ടിൽ റയിസ് (19), അജ്മൽ (മുനീർ 23), ഷുഹൈബ് (18), മേപ്പറമ്പ് പേഴുംകര സ്വദേശി ഷഫീഖ് (24), പ്രായപൂർത്തിയാവാത്ത ഒരാൾ എന്നിവരെയാണ് മേപ്പറമ്പിൽ ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്ത് വെച്ച് തിങ്കളാഴ്‌ച്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. പുതുപരിയാരം മുട്ടിക്കുളങ്ങര ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറായ കമ്പ പാറലടി പാറക്കൽ വീട്ടിൽ ഷമീർ (31) ആണ് ഈ മാസം 8നു വൈകിട്ടു കൊല്ലപ്പെട്ടത്. ഷമീർ ഓട്ടോയിൽ കമ്പ പാറലോട് വഴി പോകുമ്പോൾ തടഞ്ഞു നിർത്തി സ്റ്റീൽ പൈപ്പ് കൊണ്ടു തലയ്ക്കടിച്ചും കത്തികൊണ്ടു കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്.

ഓട്ടോയിൽ നിന്നും ഇറങ്ങി ഓടിയ ഷമീറിനെ പുറകിൽ നിന്ന് അടിച്ചിടുകയായിരുന്നു. നിലത്ത് വീണു കിടന്ന ഷമീറിനെ നേരം ഇരുട്ടിയതിനാൽ പ്രദേശവാസികളാരും ആരും ശ്രദ്ധിച്ചിരുന്നില്ല. ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ട് ഒളിവിൽ പോവുകയായിരുന്നു. പ്രതികളുടെ കുടുംബത്തിലെ ഒരു സ്ത്രീയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്നതിന് മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് പ്രതികൾ ആയുധവുമായി കാത്തു നിന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

എസ്ഡിപിഐ ചെയ്ത കൊലപാതകങ്ങളിലെ പ്രൊഫഷണൽ കില്ലിങ്ങ് രീതി തന്നെയാണ് ഷമീറിനെ കൊല്ലാനും ഉപയോഗിച്ചിരിക്കുന്നത്. ഉടനെ മരണം സംഭവിക്കുന്ന രീതിയിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട ഷമീർ അവിവാഹിതനാണ്. ഒളിവിൽ പോയ പ്രതികൾക്ക് താമസിക്കാൻ സൗകര്യമൊരുക്കിയ കുറ്റത്തിനാണ് ഷഫീഖിനെ അറസ്റ്റു ചെയ്തത്. ഷഫീഖിന്റെ മേപ്പറമ്പ് പേഴുംകരയിലുള്ള വാടക വീട്ടിലാണ് പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിക്കൊടുത്തത്. പാലക്കാട് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹറയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ്സ് അന്വേഷിച്ചത്. പൊലീസിന്റെ ഊർജ്ജിതമായ അന്വേഷണമാണ് രണ്ടു ദിവസത്തിനകം പ്രതികളെ പിടികൂടാൻ സാധിച്ചത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

പാലക്കാട് ഡിവൈഎസ്‌പി ജി.ഡി. വിജയകുമാർ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ഷംസുദ്ദീൻ, ഹേമാംബിക നഗർ ഇൻസ്‌പെക്ടർ സി. പ്രേമാനന്ദകൃഷ്ണൻ, എസ്‌ഐ എസ്. രജീഷ്, എഎസ്‌ഐ ശിവചന്ദ്രൻ, എസ്സിപിഒ സതീഷ് ബാബു, പ്രശോഭ്, സിപിഒമാരായ എം.എ. ബിജു, എ. നവോജ് ഷാ, എസ്.എൻ. ബിജു, വി.ബി. ജംബു, അജേഷ്, ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ ജലീൽ, സി.എസ്. സാജിദ്, ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.