ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വെളുക്കേ ഒരു ചിരിയും സമ്മാനിച്ച് വരുന്ന നേതാക്കളെയാണ് ഡൽഹിയിലെ ചേരി നിവാസികൾക്ക് പരിചയം. വാഗ്ദാനങ്ങൾ നൽകി പോയവരെ പിന്നെ കാണാറുമില്ല. എന്നാൽ ഈ പതിവ് മാറ്റിമറിച്ചത് ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നതോടെയാണ്. അതുകൊണ്ട് തന്നെ വീണ്ടുമൊരു തെരഞ്ഞെടുപ്പ് വരുമ്പോഴും ഡൽഹിയിലെ സാധാരണക്കാർ ആം ആദ്മിക്കും കെജ്രിവാളിനുമൊപ്പമാണ്. ഡൽഹിയിലെ ഓട്ടോ ഡ്രൈവർമാരാണ് കെജ്രിവാളിന് വോട്ട് നൽകുമെന്ന് പ്രഖ്യാപിച്ചത്. കെകജ്‌രിവാളിന് ഒരു അവസരം കൂടി നൽകണമെന്നാണ് അവർ പറയുന്നത്.

തങ്ങൾ കോൺഗ്രസിനും ബിജെപിക്കും അവസരം നൽകിയെങ്കിലും അവരൊന്നും തന്നെ തങ്ങൾക്ക് യാതൊന്നും തന്നിട്ടില്ലെന്ന് ഓട്ടോ െ്രെഡവർമാർ പറയുന്നു. എന്നാൽ 49 ദിവസം മാത്രമേ ഭരിച്ചിരുന്നുള്ളെങ്കിലും കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം അഴിമതിയുടെ തോത് കുറച്ചിരുന്നു. തങ്ങളിൽ നിന്ന് ഒരു പൊലീസുകാരനും വഴി വാണിഭക്കാരനും പണം പിടുങ്ങിയിട്ടില്ല. അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി കാണണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അവർ പറഞ്ഞു.

മുമ്പ് കോൺഗ്രസിന് വോട്ട് നൽകിയിരുന്ന താൻ ഇത്തവണ എ.എ.പിക്ക് വോട്ട് ചെയ്യുമെന്നും പാർട്ടിക്ക് ഒരു അവസരം കൂടി നൽകണമെന്നും ഓട്ടോ െ്രെഡവറായ മഹേന്ദ്ര സിങ് പറഞ്ഞു. താൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് നരേന്ദ്ര മോദിക്കാണെന്നും എന്നാൽ ഡൽഹിക്ക് വേണ്ടി എന്തെങ്കിലും ചെയ്തത് കെജ്‌രിവാളാണെന്നും ഓട്ടോ െ്രെഡവറായ രമേഷ് കുമാർ പറഞ്ഞു. അദ്ദേഹമാണ് തങ്ങളുടെ വൈദ്യുതിജല ബില്ലുകൾ കുറച്ചതെന്നും രമേഷ് വ്യക്തമാക്കി. ഡൽഹിയിൽ തൂക്ക് സഭ വന്നേക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. ഒരു പാർട്ടിക്കും ഇവിടെ ഗവൺമെന്റ് രൂപീകരിക്കാനാകില്ലെന്ന് തങ്ങൾക്കറിയാം. എന്നാൽത്തന്നെയും തങ്ങൾ എ.എ.പിക്ക് മാത്രമേ ചെയ്യുകയുള്ളെന്നും അവർ കൂട്ടിച്ചേർത്തു.

അതിനിടെ ആംആദ്മി പാർട്ടി തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ ഊർജ്ജിതമാക്കിക്കഴിഞ്ഞു. ആംആദ്മി ഒറ്റക്ക് അധികാരത്തിലെത്തുമെന്നും കെജ്രിവാൾ പറഞ്ഞു. ബിജെപിയും കോൺഗ്രസുമല്ല അഴിമതിയും വിലക്കയറ്റവുമാണ് എഎപിയുടെ എതിരാളികളെന്നും കെജ്രിവാൾ പറഞ്ഞു.