നുശ്രീ ഓട്ടോ ഡ്രൈവറായി എത്തുന്ന ചിത്രം ഓട്ടർഷയുടെ ട്രെയിലർപുറത്തിറങ്ങി. മോഹൻലാൽ ആണ് ട്രെയിലർ പുറത്തിറക്കിയത്. 'നവംബർ 23 മുതൽ ഓട്ടർഷയുമായി നമ്മളെ കൂട്ടുവാൻ അവൾ വരുന്നു... നിങ്ങൾക്കൊപ്പം നിങ്ങളുടെ 'സുധി'യും കാത്തിരിക്കുന്നു അനിതയുടെ ഓട്ടോ സവാരിക്ക്' എന്ന ക്യാപ്ഷനോടുകൂടിയാണ് മോഹൻലാൽ വീഡിയോ പുറത്തുവിട്ടത്. താൻ പണ്ട് അവതരിപ്പിച്ച 'ഏയ് ഓട്ടോയിലെ' സുധിയെ കുറിച്ച് ആരാധകരെ ഓർമ്മപെടുത്തിക്കൊണ്ടാണ് മോഹൻലാലിന്റെ പോസ്റ്റ്.

ചിത്രത്തിൽ കണ്ണൂരിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷമാണ് അനുശ്രീക്ക്.
ഏറിയ പങ്കും ഓട്ടോറിക്ഷയിൽ ചിത്രീകരിച്ച 'ഓട്ടർഷ'യുടെ കഥാപശ്ചാത്തലം കണ്ണൂരാണ്. എപ്പോഴും വ്യത്യസ്ത കഥാപാത്രങ്ങളെ തേടുന്ന അനുശ്രീക്ക് ലഭിച്ച ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നായാണ് തുടക്കം മുതലേ ചിത്രത്തിലെ വനിതാ ഓട്ടോ ഡ്രൈവറുടെ വേഷം വിലയിരുത്തപ്പെടുന്നത്.

ഛായാഗ്രാഹകനിൽ നിന്നും സംവിധായകനിലേക്ക് വേഷംമാറിയ സുജിത്ത് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രിത്വിരാജ് നായകനായ 'ജെയിംസ് ആൻഡ് ആലിസ്' ആണ് സുജിത്തിന്റെ ആദ്യ ചിത്രം.

മറിമായം ഫെയിം ജയരാജ് മിത്ര വേഷമിടുന്ന ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങൾ അണിനിരക്കുന്നു. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന സാധാരണക്കാരുടെ കഥപറയുന്ന ചിത്രം ഒരു സെമി റിയലിസ്റ്റിക് ശൈലിയാണ് സ്വീകരിച്ചിരിക്കുന്നതെന്നു സംവിധായകൻ പറയുന്നു. നർമ്മവും ഡ്രാമയും ഒരേ രീതിയിൽ കൂട്ടിയിണക്കിയ രൂപത്തിലാവും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. സംവിധായകൻ പറയുന്നു.

മൂന്നും നാലും ക്യാമറകൾ ഓട്ടോറിക്ഷയിൽ ഘടിപ്പിച്ച് വ്യത്യസ്ത ആംഗിളുകളിൽ നിന്നും അതിസാഹസികമായാണ് പടം ചിത്രീകരിച്ചിരിക്കുന്നത്. നവംബർ 23നാണു ചിത്രം പുറത്തിറങ്ങുക. ലാൽ ജോസിന്റെ ഉടമസ്ഥതയിലുള്ള എൽ.ജെ. ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുക. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫറിന്റെ' ഛായാഗ്രഹണജോലികളിൽ വ്യാപൃതനാണ് സുജിത്ത് വാസുദേവ് ഇപ്പോൾ.